ശിഥിലീകരണ ശക്തികളെ പ്രോത്സാഹിപ്പിക്കരുത് : സുന്നി മഹല്ല് ഫെഡറേഷന്‍ (SMF)

ചേളാരി : കേരള മുസ്‌ലിംകളുടെ എല്ലാ ഉത്ഥാനങ്ങള്‍ക്കും സഹായകമായത് അവരുടെ കൂട്ടായ്മയും അതിന്റെ ഉല്‍പ്പന്നമായ മഹല്ല് സംവിധാനങ്ങളുമാണ്സംസ്ഥാനത്ത് അയ്യായിരത്തിലധികം ജുമുഅത്ത് പള്ളികളും, അത്ര തന്നെ നിസ്‌കാരപള്ളികളും നാല്‍പതിനായിരത്തിലേറെ വഖഫ് സ്വത്തുക്കളും പൂര്‍വ്വീകര്‍ കഠിനാധ്വാനത്തിലൂടെ സജ്ജമാക്കിയിട്ടുണ്ട്. തികച്ചും വ്യക്തമായ വീക്ഷണവും ഉദ്ദേശ്യ ശുദ്ധിയും പാലിച്ചു സച്ചിരതരായ മുന്‍കാമികള്‍ ഒരുക്കിവെച്ച് സ്ഥാപനങ്ങളിലും സംഘടനകളിലും വസ്തുവഹകളിലും അന്യായമായും ശരീഅത്ത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായും ഇയ്യിടെയായി ചിലര്‍ നടത്തുന്ന കയ്യേറ്റ നീക്കങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൂടാ.
പ്രാദേശികവും രാഷ്ട്രീയവുമായ ലാഭങ്ങള്‍ക്കും രാഷ്ട്രീയവമായ ലാഭങ്ങള്‍ക്ക് വേണ്ടിയും താല്‍പര്യ സംരക്ഷണാര്‍ത്ഥവും പള്ളി, മദ്‌റസ, വഖഫ് സ്വത്തുക്കള്‍ എന്നിവയില്‍ ചിലര്‍ നടത്തുന്ന അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നോ, അധികാരികളില്‍ നിന്നോ ഉണ്ടാവുന്നത് അപലപനീയമാണ്.
ശിഥിലീകരണങ്ങള്‍ക്ക് സഹായകമായ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും, പൂര്‍വ്വസൂരികളുടെ ഉദ്ദേശ്യ ലക്ഷ്യത്തെ മാനിക്കുന്നതാവണം ഓരോ സത്യവിശ്വാസിയുടെ നിലപാടുകളെന്നും വാഖിഫിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെ നിരാകരിക്കുന്ന നിലപാടുകള്‍ ശരീഅത്ത് അംഗീകരിക്കാത്തതാണെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ചെമ്മുക്കന്‍കുഞ്ഞാപ്പു ഹാജി, .വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.കെ..കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.എം.ആലി, യു.ശാഫി ഹാജി, ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍ സംബന്ധിച്ചു.
മുസ്‌ലിം വിവാഹ പ്രായം ഡല്‍ഹി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മതപരമായ പ്രായപൂര്‍ത്തിയാവുക എന്ന മാനദണ്ഡം പരിഗണിച്ച് നിയമഭേദഗതി കൊണ്ടുവരണമെന്നും ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നടക്കുന്ന വിവാഹങ്ങള്‍ക്ക് നിയമപ്രാബല്യം ലഭിക്കുന്നതിന് ഭരണഘടനയുടെ മൗലികാവകാശ സംരക്ഷണത്തിന്റെ പിന്‍ബലത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു.