ഹജ്ജ്: നിബന്ധനകള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെടും- ബാപ്പു മുസ്‌ലിയാര്‍


കൊണ്ടോട്ടി: ഹജ്ജിനുള്ള അപേക്ഷകള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ലഘൂകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെടും. ശനിയാഴ്ച കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍നടന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. നേരത്തെ ഹജ്ജ് നിര്‍വഹിച്ചിട്ടില്ലെന്ന സത്യവാങ്മൂലം, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഐ.എഫ്.എസ് കോഡുള്ള ചെക്കിന്റെ പകര്‍പ്പ് തുടങ്ങിയവ അപേക്ഷയോടൊപ്പം ഹാജരാക്കണമെന്ന നിബന്ധന അപേക്ഷകരെ വലയ്ക്കുന്നുണ്ട്. നിബന്ധനകള്‍ ലഘൂകരിക്കണമെന്ന ആവശ്യം പല കോണുകളില്‍നിന്ന് ഉയരുന്നുണ്ട്.
റിസര്‍വ് കാറ്റഗറിയില്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെകൂടെ ഇത്തവണ ഒരു സഹായി നിര്‍ബന്ധമാണ്. സഹായികള്‍ക്കും നിബന്ധന ബാധകമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നിബന്ധന ലഘൂകരിക്കണമെന്ന ആവശ്യം സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ചര്‍ച്ചയായത്. ഹജ്ജ് അപേക്ഷാഫോം വിതരണവും ഫോം സ്വീകരിക്കുന്നതുമെല്ലാം യോഗം വിലയിരുത്തി.
 ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, എ.കെ. അബ്ദുറഹ്മാന്‍, സി. സെയ്തലവി, ഡോ. ഇ.കെ. മുഹമ്മദ് കുട്ടി, അഹമ്മദ് മൂപ്പന്‍, ഇ.സി. മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.