മരക്കാട്ടുപറമ്പില്‍ കണ്ണിയത്ത് ഉണ്ണിമൊയ്തീന്‍ മകന് അവറാന്‍കുട്ടി മൊല്ലയുടേയും, മൂലക്കടവന്‍ പടമുഖത്ത് മുഹമ്മദ്കുട്ടി മകന് ചങ്ങര സ്വദേശി ചുള്ളിക്കാട്ടില്‍ അബ്ദുറഹ്മാന്‍കുട്ടി മകള്‍ ഖദീജ ഉണ്ണിയുടേയും മകനായി 1900 ജനുവരി 17-നു മഞ്ചേരിക്കടുത്ത തോട്ടക്കാട് എന്ന സ്ഥലത്താണ് അഹ്മദ് മുസ്ലിയാര് ജനിച്ചത്. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി അറേബ്യയില്‍ നിന്നു വന്ന മാലിക്ബ്നുദീനാറിന്റെ സഹോദര പുത്രനാണ് അഹ്മദ് മുസ്ലിയാരുടെ പൂര്‍വ്വ പിതാമഹന്.
അഹ്മദ് മുസ്ലിയാരുടെ ബാല്യദശ പിന്നിടുന്നതിന്റെ മുമ്പുതന്നെ പിതാവ് ഇഹലോകവാസം വെടിഞ്ഞു. മൂത്ത സഹോദരന് ഉണ്ണി മൊയ്തീന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. റഈസുല്‍ ഖാരിഈന്‍ അബ്ദുറഹ്മാന് മുസ്ലിയാര് സ്മര്യപുരുഷന്റെ മൂത്ത സഹോദരനും, മീറാന്‍ ശാഹുല്‍ ഹമീദ് വലിയ്യ് ഇളയ സഹോദരനുമാണ്. എല്ലാവരും ഉന്നത പദവി നേടിയവര്‍. ഉണ്ണമൊയ്തീന്റെ മരണത്തെ തുടര്‍ന്ന് കുടുംബഭാരം അബ്ദുറഹ്മാന് മുസ് ലിയാരുടെ ഉത്തരവാദിത്വത്തിലായിത്തീര്ന്നു. അദ്ദേഹവും, സഹോദരങ്ങളും ഉപരിപഠനാര്‍ത്ഥം വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നപ്പോള്‍, 1912-ല്‍ മാതാവും സഹോദരിയും, വാഴക്കാട് സ്ഥിരതാമസമാക്കി. വരുമാന മാര്ഗ്ഗങ്ങളൊന്നുമില്ലാതിരുന്ന ആ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. അരമുണ്ടും, തൊപ്പിയും
ധരിച്ചുകൊണ്ടായിരുന്നു കഥാപുരുഷന് ക്ലാസ്സുകളില്‍ ഹാജരായിരുന്നത്.
ധരിച്ചുകൊണ്ടായിരുന്നു കഥാപുരുഷന് ക്ലാസ്സുകളില്‍ ഹാജരായിരുന്നത്.
പണിക്കര്പ്രായില് മണ്ണില്‍തൊടിക നിസ്ക്കാരപ്പള്ളിയില്‍ ജ്യേഷ്ഠസഹോദരന് അബ്ദുറഹ്മാന് മുസ്ലിയാര് ദര്‍സ് ആരംഭിച്ചപ്പോള്‍ അഹ്മദ് മുസ്ലിയാരും അവിടെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. അവിടെനിന്നാണ് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നത്. ഇടക്കാലത്ത് അദ്ദേഹം ദാറുല്‍ ഉലൂം വിട്ട് ഊരകം പള്ളിദര്‍സില്‍ ചേര്‍ന്നു. അല്‍പ്പകാലത്തിനു ശേഷം വീണ്ടും ദാറുല്‍ ഉലൂമിലേക്കു തന്നെ തിരിച്ചുവന്നു. ഖുതുബി മുഹമ്മദ് മുസ്ലിയാരാണ് സ്മര്യപുരുഷന്റെ പ്രധാന ഗുരുനാഥന്. ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാര്, പള്ളിപ്പുറം യൂസുഫ് മുസ്ലിയാര്, വൈത്തല അഹ്മദ്കുട്ടി മുസ്ലിയാര് തുടങ്ങിയ പ്രഗത്ഭരും അദ്ദേഹത്തിന്റെ ഉസ്താദുമാരാണ്. തലപ്പെരുമണ്ണ, മൊറയൂര്‍, നെല്ലിപ്പറമ്പ് എന്നീ സ്ഥലങ്ങളിലും അദ്ദേഹം ഓതി താമസിച്ചിട്ടുണ്ട്.
തത്വശാസ്ത്രം, അലങ്കാര ശാസ്ത്രം, വചനശാസ്ത്രം, ആത്മ സംസ്ക്കരണം, വ്യാകരണം, ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളില്‍ അഗാധ അറിവാണ് കണ്ണിയത്തിനുണ്ടായിരുന്നത്. ദീനീ വിഷയങ്ങളിലുണ്ടാകുന്ന ഏതുപ്രശ്നത്തിനും, പ്രതിവിധിക്കായി ജനങ്ങള്‍ സമീപിച്ചിരുന്ന ആ പ്രഗത്ഭമുഫ്തിയില് നിന്നും അമൂല്യങ്ങളായ കൃതികള്‍ സമുദായത്തിനു ലഭിച്ചിട്ടുണ്ട്. ‘തസ്ഹീലു മത്വാലിബുല്‍ സ്വഹിയ്യഃ’ എന്ന അറബി വ്യാകരണവും, ‘റദ്ദുല്‍ വഹാബിയ്യഃ’ യും അവയില്‍പ്പെട്ടതാണ്.
ഇസ്ലാമിന്റെ വിധിവിലക്കുകള്‍ പൂര്‍ണ്ണമായും ജീവിതത്തില്‍ പകര്‍ത്തിയിരുന്ന അദ്ദേഹം ഒരു കറാഹത്ത് പോലും വന്നു ഭവിക്കുന്നത് ഭയന്നിരുന്നു!! തെറ്റായ പ്രവര്‍ത്തികള്‍ ആരില്‍ നിന്നു കണ്ടാലും മുഖം നോക്കാതെ പ്രതികരിക്കല്‍ ആ മഹാനുഭാവന്റെ പ്രത്യേകതയാണ്. സത്യസന്ധത, സൂക്ഷ്മത, ബുദ്ധിവൈഭവം, സല്‍സ്വഭാവം, വിനയം തുടങ്ങി എല്ലാ നല്ല ഗുണങ്ങളുമടങ്ങിയ കണ്ണിയത്ത് സമ്പത്തോ, ഭൗതിക പദവികളോ അല്പംപോലും ആഗ്രഹിക്കാത്ത സൂഫീവര്യനായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഇലമായുടെ ആദ്യകാല നേതാക്കളില്‍ ഒരാളും, സമസ്തയുടെ അനസ്യൂതമായ വളര്‍ച്ചയ്ക്ക് നിസ്തുലമായ പങ്കുവഹിച്ച മഹാനുവായ ആദ്ദേഹം 1967 മുതല്‍ 1993-ല്‍ വഫാത്താകുന്നവരെ സമസ്തയുടെ പ്രസിഡന്റായിരുന്നു. നിഷ്ക്കളങ്കതയുടെ നിറകുടമായിരുന്ന ആ മഹാപ്രതിഭയുടെ പ്രാര്‍ത്ഥനകള്‍ ഒന്നുംതന്നെ പാഴായിപ്പോകാതെ ഫലിച്ചുകൊണ്ടിരിക്കുന്നു എന്നത് ഇന്നിന്റെ ചരിത്ര സത്യമാണ്.
അരനൂറ്റാണ്ടുകാലം വിവിധ പള്ളികളിലും, അറബിക് കോളേജുകളിലും ജനങ്ങള്‍ക്ക് വിദ്യ പകര്‍ന്നു കൊടുത്ത കണ്ണിയത്ത് അഹ്മദ് മുസ്ലിയാര് അനാരോഗ്യം കാരണം പതിനഞ്ച് വര്‍ഷക്കാലം വീട്ടില്‍ വിശ്രമജീവിതം നയിച്ചു. 1933, 1950, 1970 -കളില്‍ വാഴക്കാട് ദാറുല്‍ ഉലുമില്‍ മുദര്സായി സേവനം ചെയ്തു. 1941 മുതല്‍ 44 വരെ മാട്ടൂലിലും, 1949-ല്‍ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലും മുദര്‍റിസായി സേവനം ചെയ്തു. 1967-ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലും, 1973-ല്‍ പാറക്കടവ് ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്ലാം അറബിക് കോളേജിലും പ്രിന്‍സിപ്പലായി സേവനം ചെയ്തിട്ടുണ്ട്. അതിനിടയ്ക്ക് കുറച്ചുകാലം വടക്കെ മലബാറിലെ തുരുത്തിലും അദ്ദേഹം അധ്യാപനം നടത്തിയിരുന്നു.
ആയംകുടിയില്‍ അഹമ്മദിന്റെ മകള്‍ ആയിശയാണ് അഹ്മദ് മുസ്ലിയാരുടെ പ്രഥമ പത്നി. അതില്‍ സന്താനങ്ങളൊന്നും ഉണ്ടായില്ല. വാഴക്കാട് ഖാളിയായിരുന്ന പൂവാടിയില്‍ ആലിക്കുട്ടി മുസ്ലിയാരുടെ മകള്‍ ആയിശയെയാണ് മഹാനവര്കള് രണ്ടാമതായി വിവാഹം ചെയ്തത്. അതില്‍ നാലുമക്കള്‍. ഫാത്വിക, ഖദീജ, മുഹമ്മദ് (കുഞ്ഞുമോന് മുസ്ലിയാര്), അബ്ദുള്ളക്കുട്ടി എന്നിവര്‍.
ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്, മലയമ്മ അബൂബക്കര്‍ മുസ്ലിയാര്, വണ്ടൂര്‍ എരിയക്കളത്തില് ചെറീതു മുസ്ലിയാര്, കുട്ട്യേമു മുസ്ലിയാര്, അണ്ടോണ അബ്ദുള്ള മുസ്ലിയാര്, സയ്യിദ് അബ്ദുറഹ്മാന് കുഞ്ഞിക്കോയതങ്ങള്‍, കെ.കെ. അബ്ദുള്ള മുസ്ലിയാര്, അതിക്കല്‍ അബ്ദുള്ള മുസ്ലിയാര്, കാളികാവ് ഒ.കെ. മുഹമ്മദ് മുസ്ലിയാര്, കേക്കീല് അഹമ്മദ് മുസ്ലിയാര്, അബൂസ്വാലിഹ് മുഹമ്മദ് മൗലവി തുടങ്ങിയ പ്രഗത്ഭരെല്ലാം ആ മഹാനുഭാവനില്‍ നിന്ന് വിദ്യ നുകര്‍ന്നവരാണ്.
കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളേയും ദു:ഖത്തിലാഴ്ത്തിക്കൊണ്ട് ആ ദിവ്യജ്യോതിസ്സ് 1993 സെപ്തംബര്‍ 19-ന് പരലോക യാത്രയായി. വാഴക്കാട് പഴയ ജുമാമസ്ജിദ് അങ്കണത്തില്‍ ദാറുല്‍ ഉലൂമിന്റെ അടുത്താണ് ഉസ്താദിന്റെ ഖബറിടം.