തിരൂരങ്ങാടി: ഒരാഴ്ചക്കാലമായി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ അരങ്ങേറിയ വിദ്യാര്‍ത്ഥികളുടെ കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും.
ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന മീലാദ് മഹാ സമ്മേളനം നാളെ വൈകൂന്നേരം വാഴ്‌സിറ്റി കാമ്പസില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ബുധനാഴ്ച പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തതോടെയാണ് ഒരാഴ്ച നീണ്ടു നിന്ന വിദ്യാര്‍ത്ഥികളുടെ കലാ മാമാങ്കത്തിന് തുടക്കമായത്. ഇരുനൂറിലേറെ മല്‍സര ഇനങ്ങളിലായി ആയിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് സാഹിത്യ ഫെസ്റ്റില്‍ മാറ്റുരക്കുന്നത്. സെക്കണ്ടറി, ഡിഗ്രി കോളേജുകളിലായി മൊത്തം എട്ടു ഗ്രൂപ്പുകളിലായി നടക്കുന്ന കലാ സാഹിത്യ മല്‍സരത്തില്‍ ഇസ്‌ലാമിക കലകളുടെ വൈവിധ്യങ്ങളാണ് പെയ്തിറങ്ങിയത്.
ദാറുല്‍ ഹുദാ സെക്കണ്ടറി സൗധത്തില്‍ ബാരിയം, റേഡിയം,സോഡിയം, ഹീലിയം എന്നീ ഗ്രൂപ്പുകളും ഡിഗ്രി കോളേജില്‍ സ്വഫ, അറഫ, മര്‍വ, മിന ഗ്രൂപ്പുകളുമാണ് മാറ്റുരക്കുന്നത്,. ഇസ്‌ലാമിക കലകളുടെ തനത് രൂപങ്ങള്‍ ഉള്‍കൊള്ളിച്ച വൈവിധ്യങ്ങളായ മല്‍സരയിനങ്ങളാണ് ഫെസ്റ്റില്‍ അരങ്ങേറുന്നത്, മൊത്തം പത്തിലധികം വേദികളിലായി നടത്തപ്പെടുന്ന കലാ മാമാങ്കത്തില്‍ ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സിറ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളും മാറ്റുരക്കുന്നുണ്ട്. വിദ്യാര്‍ത്ഥി ഫെസ്റ്റിന് ഇന്ന് ഉച്ചയോടെ തിരശ്ശീല വിഴും
നാളെ വൈകീട്ട് നടക്കുന്ന മീലാദ് സമ്മേളനത്തോടനുബന്ധിച്ച് ഉദ്ഘാടന സെഷന്‍, മദ്ഹുറസൂല്‍ പ്രഭാഷണം എന്നിവ നടക്കും.