ഇരിക്കൂര്‍ നിലാമുറ്റം മഖാം ഉറൂസ് ഇന്ന് ആരംഭിക്കും; ദിക്‌റ് ദുആ മജ്‌ലിസിന് മാണിയൂര്‍ അഹമ്മദ് മുസ്ല്യാര്‍ നേതൃത്വം നല്‍കും

ഇരിക്കൂര്‍: ഉത്തര കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഇരിക്കൂര്‍ നിലാമുറ്റം മഖാം ഉറൂസിന് നാളെ തുടക്കം. 16 മുതല്‍ 25 വരെ നടക്കുന്ന ഉറൂസ് പരിപാടികളില്‍ ദിക്ര്‍ ദുആ മജ്‌ലിസ്, ഉദ്‌ബോധന സംഗമങ്ങള്‍, അന്നദാനം, കൂട്ട സിയാറത്ത് എന്നിവ നടക്കും. 
ഇന്ന് വൈകിട്ട് 4ന് നൂര്‍മസ്ജിദ് പരിസരത്ത് വെച്ച് സയ്യിദന്‍മാരുടെയും പണ്ഡിതരുടെയും നേതൃത്വത്തില്‍ ഉറൂസ് സന്ദേശ പ്രചാരണ ജാഥ ആരംഭിച്ച് നിലാമുറ്റം മഖാമില്‍ കൂട്ട സിയാറത്തോടെ സമാപിക്കും. തുടര്‍ന്ന് ഇരിക്കൂര്‍ റഹ്മാനിയ ദര്‍സ് മുദരിസ് ഹംസ ഫൈസി ഉറൂസിന് സമാരംഭം കുറിച്ച് പതാക ഉയര്‍ത്തും.
ഉറൂസിന്റെ ഔപചാരികമായ ഉദ്ഘാടനം സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി.അബ്ദുല്‍സലാം മൗലവി നിര്‍വ്വഹിക്കും. മഹല്ല് പ്രസിഡണ്ട് കെ.വി. അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിക്കും. ദിക്‌റ് ദുആ മജ്‌ലിസിന് മാണിയൂര്‍ അഹമ്മദ് മുസ്ല്യാര്‍ നേതൃത്വം നല്‍കും.
ഉദ്‌ബോധന സംഗമങ്ങളില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, റഹ്മത്തുള്ളാ ഖാസിമി മൂത്തേടം, ഷൗഖത്തലി ദാരിമി വെള്ളമുണ്ട, സയ്യിദ് ഖലീല്‍ ആറ്റക്കോയ തങ്ങള്‍ അസ്ഹരി, സിദ്ദീഖ് ദാരിമി ബക്കളം, ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍, അബ്ദുല്‍റസാഖ് ദാരിമി, ഷക്കീര്‍ ഹൈതമി, നജീബ് ബാഖവി, പി.കെ.എം. നിസാര്‍ ഫൈസി, ഒഴുകൂര്‍ മുഹമ്മദ് ബാഖവി സംബന്ധിക്കും.
സമാപന ദിവസമായ 25ന് നടക്കുന്ന കൂട്ടസിയാറത്തിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.വി.അബ്ദുല്‍ഖാദര്‍, കെ. മുഹമ്മദ് അശ്‌റഫ് ഹാജി, കെ.പി. അബ്ദുല്‍ അസീസ് മാസ്റ്റര്‍, കെ. അബ്ദുല്‍സലാം ഹാജി, കെ. മേമി ഹാജി, പി.സി. മുഹമ്മദ്, സി.സി. ഹിദായത്ത്, മന്‍സൂര്‍ മാസ്റ്റര്‍, എന്‍.വി. ഹാഷിം സംബന്ധിച്ചു.