കേരളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം : പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

തേഞ്ഞിപ്പലം : ശിഥിലീകരണങ്ങള്‍, തീവ്രവാദം, ഭീകരവാദം, വിഘടനവാദം, അന്ധമായ ദേശീയ-പ്രാദേശിക വാദം തുടങ്ങി സമൂഹത്തെയും രാഷ്ട്രത്തെയും അസ്ഥിരപ്പെടുത്തുന്ന ജീര്‍ണതകള്‍ക്ക് ഇടം നല്‍കാതെ ഉന്നത വ്യക്തിത്വം കാത്തുസൂക്ഷിച്ച കേരളവും കേരളീയരും ലോകത്തിനു മാതൃകയാണെന്ന് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. സുന്നി യുവജനസംഘം 60ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പൈതൃക സന്ദേശ യാത്രയ്ക്ക് ചെമ്മാട് ടൗണില്‍ നല്‍കിയ വമ്പിച്ച സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു അദ്ദേഹം. സമാധാനമാണ് ഇസ്‌ലാമിന്റെ പരമപ്രധാനമായ ലക്ഷ്യം.
അതു പുലരാനാവശ്യമായ ശീലങ്ങളും വ്യവഹാരങ്ങളുമാണ് പ്രവാചകാധ്യാപനം. അതനുസരിച്ചു സമുദായത്തെ പ്രബലപ്പെടുത്തുന്നതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വന്‍വിജയമാണെന്ന് ലോക പണ്ഡിതരും സംഘടനകളും ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞുകോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷതവഹിച്ചു. പിണങ്ങോട് അബൂബക്കര്‍ പ്രഭാഷണം നടത്തി. കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ സംസാരിച്ചു. വിവിധ സംഘടനകളുടെ ഉപഹാരങ്ങള്‍ ജാഥാക്യാപ്റ്റനു സമര്‍പ്പിച്ചു.
- Samasthalayam Chelari