പള്ളി ദര്‍സുകള്‍ പരിപോഷിപ്പിക്കാന്‍ മഹല്ലുകള്‍ കര്‍മ്മനിരതരാകണം : സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍

സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തു കോയ
 തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട് : നബിമാരില്‍ നിന്നും അനന്തരമായി ലഭിച്ച ഇല്‍മിന്റെ വ്യാപനത്തിനായി പണ്ഡിതന്മാരും മുത അല്ലിമീങ്ങളും ത്യാഗ മനസ്ക്കരകാണമെന്നും അതിനു പള്ളി ദര്‍സുകളും അറബി കോളജുകളും സ്ഥാപിച്ചു ഓരോ മഹല്ലുകളിലും പൂര്‍വ്വകാല ദീനി ചൈതന്യം നിലനിര്‍ത്താന്‍ മഹല്ല് ഭാരവാഹികള്‍ കര്‍മ്മനിരതരാകണമെന്നും ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തു കോയ തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ മുദരിസീന്‍ മുതഅല്ലിമീന്‍ അറബി കോളജ് വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുണിയ മിഫ്താഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസ്സ ഗ്രൌണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഷഹീദെ മില്ലത്ത് ഖാസി സീ.എം ഉസ്താദ്‌ നഗറില്‍ വെച്ചു നടന്ന സംഗമത്തില്‍ സ്വദേശികളായ മുതഅല്ലിമീങ്ങളെ കൊണ്ടെങ്കിലും മഗരിബ് ഇശാഇന്റെ ഇടയില്‍ പള്ളി ദര്‍സുകള്‍ സജീവമാക്കാന്‍ ഖതീബുമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശറഫുല്‍ ഇസ്ലാം ജമാഅത്ത് പ്രസിഡന്റ്‌ ടി.കെ.അബ്ദുറഹിമാന്‍ ഹാജി പതാക ഉയര്‍ത്തി. മുദരിസീന്‍ ജില്ലാ പ്രസിഡന്റ്‌ പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അധ്യക്ഷം വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദു റഹിമാന്‍ മൗലവി തങ്ങളെ ആദരിച്ചു. മുദരിസീന്‍ സ്റ്റേറ്റ് സെക്രട്ടറി എ.വി.അബ്ദു റഹിമാന്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. SYS ജില്ലാ പ്രസിഡന്റ്‌ എം.. ഖാസിം മുസ്ലിയാര്‍ , കെ.സി.അബ്ദുള്ള ബാഖവി, കെ.സി. അബൂബക്കര്‍ ബാഖവി ഖത്തര്‍ അബ്ദുള്ള ഹാജി, ജമാഅത്ത് സെക്രട്ടറി കുണ്ടൂര്‍ അബ്ദുള്ള വൈസ് പ്രസിഡന്റ്‌ എസ്.കെ. അബ്ദുള്ള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
- HAMEED KUNIYA Vadakkupuram