ആത്മീയ നേതാക്കള്‍ കാണിച്ച വഴികളിലൂടെ സഞ്ചരിക്കണം- കോഴിക്കോട് വലിയ ഖാസി

എരംമംഗലം: ജീവിത വിജയം നേടാന്‍ ആത്മീയനേതാക്കള്‍ കാണിച്ച വഴികളിലൂടെ സഞ്ചരിക്കണമെന്ന് കോഴിക്കോട് വലിയഖാസി പാണക്കാട് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രവാചകന്‍മാര്‍ വഴി കിട്ടിയ സന്ദേശങ്ങള്‍ കൈമാറുകയാണ് ആത്മീയനേതാക്കള്‍ ചെയ്യുന്നത്. തെറ്റ് വന്നുപോകുമെന്ന ഭയത്താല്‍ അനുവദിക്കപ്പെട്ടതുപോലും ഉപേക്ഷിക്കുന്നവരാണ് ആത്മീയനേതാക്കള്‍- വലിയ ഖാസി പറഞ്ഞു. വെളിയങ്കോട് പാടത്തകായില്‍ സ്വാലിഹ് മൗലവിയുടെ 41-ാമത് ആണ്ടുനേര്‍ച്ചയുടെ ഭാഗമായി കണ്യാല മൗല നഗറില്‍ നടന്ന ആത്മീയ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 
ആത്മീയസമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ആത്മീയരംഗത്ത് ഏവര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് പാടത്തകായില്‍ മുഹമ്മദ് സ്വാലിഹ് മൗലയെന്ന് തങ്ങള്‍ പറഞ്ഞു. ഇസ്മായില്‍ സഖാഫി തോട്ടുമുക്കം മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ബാരി ഫൈസി, ഇബ്രാഹിം ബാദുഷ തങ്ങള്‍ ലക്ഷദ്വീപ് കവരത്തി, ഇബ്രാഹിം ഫൈസി, വെളിയങ്കോട് വെസ്റ്റ് മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് അലിഅക്ബര്‍ ഫൈസി, സ്വാലിഹ് മൗലയുടെ മകന്‍ അബ്ദുറസാഖ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. രാത്രിയില്‍ നടന്ന ആണ്ടുറാത്തീബിന് നൗഷാദ് ചാവക്കാട് നേതൃത്വംനല്‍കി.