SKSSF തിരൂര്‍ ക്ലസ്റ്റര്‍ 14-ാമത് പ്രഭാഷണത്തിന് തുടക്കമായി

റമളാന് വിശ്വാസികള്‍ കര്‍മ്മനിരതരാകണം : സ്വാദിഖലി ശിഹാബ് തങ്ങള്‍

തിരൂര്‍ : വിശുദ്ധ റമളാന്‍ അള്ളാഹു നല്‍കിയ സുവര്‍ണ്ണാവസരമാണെന്നും വിശ്വാസികള്‍ ആരാധന സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരാകണമെന്നും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. തിരൂര്‍ ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച 14-ാമത് റമളാന്‍ പ്രഭാഷണ പരന്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. അള്ളാഹുവിന്‍റെ ഏറ്റവും വലിയ നിഅ്മത്താണ് ഈ റമളാന്‍. മുസ്‍ലിംകള്‍ വിവിധ ദിനങ്ങളിലായി നോന്പ് അനുഷ്ടിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നുവെങ്കിലും അതില്‍ നിന്നും അള്ളാഹു നമ്മെ രക്ഷിച്ചിരിക്കുന്നു, തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എം.പി. മുഹമ്മദ് മുസ്‍ലിയാര്‍ ആദ്യദിന പ്രഭാഷണം നടത്തി. പി.എം. റഫീഖ് അഹ്‍മദ് അധ്യക്ഷത വഹിച്ചു. സയ്യിദ് എ.എസ്.കെ. തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, കെ.സി. നൌഫല്‍ പ്രസംഗിച്ചു.

തിരൂര്‍ ടൌണിലെ റഹ്‍മാനിയ്യ മസ്ജിദില്‍ 14 വര്‍ഷമായി നടന്നു വരുന്ന പരിപാടി 25 ദിവസം നീളും. വിവിധ ദിനങ്ങളിലായി റശീദലി ശിഹാബ് തങ്ങള്‍, അബ്ദുന്നാസര്‍ തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഫൈസി കൂടത്തായി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, സി.പി. അബൂബക്കര്‍ ഫൈസി, കെ.എന്‍.എസ്. മൗലവി, ഹസന്‍ സഖാഫി തുടങ്ങി നിരവധി പേര് സംബന്ധിക്കും. ആഗസ്റ്റ് 15 ന് സി.പി. സൈതലവി സ്വാതന്ത്ര ദിന പ്രഭാഷണം നടത്തും. 25 ന് നടക്കുന്ന സമാപന സംഗമത്തില്‍ സയ്യിദ് ഹമീദലി തങ്ങള്‍, സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ പങ്കെടുക്കും.
- അബ്ദുല്‍ ബാസ്വിത്ത് -