ഖുര്‍ആന്റെ മാനവിക വീക്ഷണം

ഓണമ്പിള്ളി മുഹമ്മദ് ഫൈസി
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി)


ലോകത്തിനാകെ മാര്‍ഗദീപമായ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍. ഏകദൈവ വിശ്വാസത്തെ നിഷ്‌കര്‍ഷമായി സ്ഥാപിക്കുന്ന സ്രഷ്ടാവിന്റെ വചനങ്ങളാണ് ഖുര്‍ആന്‍. പൗരാണിക മതഗ്രന്ഥങ്ങളിലെല്ലാം കാണുന്ന ദൈവചിന്ത കൂടുതല്‍ കൃത്യമായി അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അതുകൊണ്ടാണ് മുന്‍ വേദഗ്രന്ഥങ്ങളുടെ വിശ്വാസക്രമങ്ങളെ പിന്തുടര്‍ന്നിരുന്നവരെ അഭിസംബോധന ചെയ്യുന്ന രീതി പുണ്യനബി (സ) യോട് ഖുര്‍ആന്‍ പറഞ്ഞുകൊടുക്കുന്നത്- 'നബിയേ പറയുക, അല്ലയോ വേദഗ്രന്ഥങ്ങളുടെ അവകാശികളേ, നിങ്ങള്‍ക്കും നമുക്കും ഇടയില്‍ അഭിപ്രായാന്തരമില്ലാത്ത വചനപ്പൊരുളിലേക്ക് നിങ്ങള്‍ വരുക' (ആലു ഇംറാന്‍: 64). ഇവിടെ ഏകദൈവ വിശ്വാസത്തിന്റെ സര്‍വസമ്മതമായ ഋജുധാരയാണ് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത്. 'ഏകം സത് വിപ്രാഃ ബഹുധാ വദന്തി' സത്യം ഒന്നേയുള്ളൂ, പണ്ഡിതന്മാര്‍ അതിനെ പലതായി പറയുന്നു എന്ന ഋഗ്വേദ സൂക്തമുള്‍പ്പെടെ ഭാരതീയ വേദോപനിഷത്തുകളില്‍ പരന്നുകിടക്കുന്ന സൂക്തജാലങ്ങളെ സൂക്ഷ്മവിശകലനം ചെയ്താല്‍ കിട്ടുന്നത്, ഏകദൈവ ചിന്തയാണ് പൗരാണിക ഭാരതത്തിന്റെ മതദര്‍ശനം എന്നതാണ്.
ഏകദൈവ വിശ്വാസത്തോടൊപ്പം ഏകമാനവിക സിദ്ധാന്തവും ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. 'ജനങ്ങളെ, നിങ്ങളെ നാം ഒരു സ്ത്രീയില്‍നിന്നും പുരുഷനില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു' (അല്‍ ഹുജുറാത്ത്: 13) എന്ന പ്രഖ്യാപനം വഴി മനുഷ്യകുലത്തെ ഭേദരഹിതമായി കാണാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. വര്‍ണ,വര്‍ഗ,ദേശ ഭേദങ്ങള്‍ക്കതീതമായി മനുഷ്യന്റെ സ്വത്വത്തെ കാണുകയും അവശരും അടിച്ചമര്‍ത്തപ്പെട്ടവരുമായവരുടെ ഉത്ഥാനത്തിനായി പ്രവര്‍ത്തിക്കുന്നത് സുപ്രധാന ലക്ഷ്യമായി പറയുകയും ചെയ്യുന്നുണ്ട് ഖുര്‍ആന്‍. 'ദുര്‍ബലരുടെ ഉത്ഥാനത്തിനും അവരെ ഭൂമിയുടെ അനന്തരാവകാശികളും നേതാക്കന്മാരുമായി പരിവര്‍ത്തിപ്പിക്കാനും നാം ആഗ്രഹിക്കുന്നു' (അല്‍ ഖസസ്: 5) എന്ന ഖുര്‍ആന്റെ പ്രഖ്യാപനം പ്രാന്തവത്കരിക്കപ്പെട്ട മനുഷ്യന്റെ ഉയിര്‍ത്തെഴുന്നേല്‍പിനുള്ള സമരമുഖങ്ങള്‍ തുറന്നതാണ്. ആത്യന്തിക നീതി, പരമമായ ദയ, കാരുണ്യം എന്നിവയെല്ലാം വിശ്വാസത്തിന്റെ അഭേദ്യ ഘടകമായി ഖുര്‍ആന്‍ പറയുന്നു .'ശത്രുവിനോട് പോലുമുള്ള പ്രതികാരഭാവം അവരോട് അനീതി കാട്ടാന്‍ പ്രേരകമാവരുത്' എന്ന് കണിശമായി താക്കീത്‌നല്‍കുന്ന വിശുദ്ധ ഖുര്‍ആന്‍ യുദ്ധങ്ങളില്‍ അതിക്രമത്തെയും അനീതിയെയും ശക്തമായി നിരോധിക്കുന്നത് കാണാം. അയല്‍ക്കാര്‍, സഹയാത്രികര്‍, അനാഥര്‍, അശരണര്‍- ഇവര്‍ മതഭേദമില്ലാതെ സഹായിക്കപ്പെടേണ്ടവരാണ് എന്ന ഖുര്‍ആനിക നിര്‍ദേശം പാലിച്ച  നബി (സ) യുടെ സമൂഹമായിരുന്നു ചരിത്രത്തില്‍ ഏറ്റവും നീതിബോധവും ദയാപരതയുമുണ്ടായിരുന്ന സമൂഹം. ഇതിന് ആധികാരിക ചരിത്രപ്രമാണങ്ങള്‍ സാക്ഷിയാണ്. ഖുര്‍ആന്റെ ഈ മാനവിക വീക്ഷണമാണ്, പുതിയ ലോകക്രമത്തില്‍ രൂക്ഷമായി വന്ന മാനവിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും ഉത്തമ ഔഷധം.