അബുദാബി വാഹനാപകടം: സുന്നി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ ഖബറടക്കി

കരുവാരകുണ്ട്: അബുദാബിയിലെ മുസഫയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുന്നി പ്രവര്‍ത്തകരായ കരുവാരകുണ്ട് ഇരിങ്ങാട്ടിരി സ്വദേശി ആമക്കുഴിയന്‍ ഹംസയുടെയും പയ്യനാട് സ്വദേശി കൊല്ലേരി ഷെരീഫിന്റെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഹംസയുടെ മൃതശരീരം ഇരിങ്ങാട്ടിരി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഷരീഫിന്‍േറത് പയ്യനാട് പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലുമാണ് ഖബറടക്കിയത്.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ മുസഫ കാരിഫോറിനടുത്തുവച്ചാണ് അപകടമുണ്ടായത്. ഗന്തൂരില്‍ നിന്നു മുഹമ്മദ് ബിന്‍സായിദ് സിറ്റിയിലേക്ക് വാനില്‍ വരുമ്പോള്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗന്തൂത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരായിരുന്നു രണ്ടു പേരും. അമിത വേഗതയില്‍ എതിര്‍ദിശയില്‍ നിന്നു വരികയായിരുന്ന ട്രക്കില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ബ്രെയ്ക്കിട്ടതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. 

തുടര്‍ന്ന് അബുദാബിയില്‍നിന്ന് അഞ്ചുമണിയോടെയാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്.
ഖദീജയാണ് മുഹമ്മദ് ശരീഫിന്റെ മാതാവ്. ഭാര്യ: ഇല്‍മുന്നീസ. മക്കള്‍: നുബ്‌ല ശരീഫ്, ലുബ്‌ന ഷെറിന്‍, നുഫ്‌ല ശിഫ. സഹോദരങ്ങള്‍: മൊയ്തീന്‍, സഫിയ, റൈഹാനത്ത്.ആബിദയാണ് ഹംസയുടെ ഭാര്യ, അമല്‍ ഇഹ്‌സാന്‍, ആദില്‍ എന്നിവര്‍ മക്കളുമാണ്.
മഞ്ചേരി പയ്യനാട് ഗ്രൗണ്ടില്‍ ഇരുവര്‍ക്കുംവേണ്ടി മയ്യിത്ത് നമസ്‌കാരം നടന്നു. നമസ്‌കാരത്തിന് സയ്യിദ് മുത്തുക്കോയ തങ്ങള്‍ നേതൃത്വംനല്‍കി. പയ്യനാട് പഴയ പള്ളിയില്‍ നടന്ന നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും നേതൃത്വംനല്‍കി.
ഹംസയുടെ മൃതദേഹം ഏഴുമണിയോടെ കരുവാരകുണ്ട് ദാറുന്നജാത്തിലെത്തിച്ചു. മയ്യിത്ത് നമസ്‌കാരത്തിന് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി നേതൃത്വംനല്‍കി. ദാറുന്നജാത്ത് അന്തേവാസികളും അധ്യാപകരും സുഹൃത്തുക്കളും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ഇരിങ്ങാട്ടിരിയിലെ വസതിയിലെത്തിച്ച മൃതദേഹം കാണാന്‍ സുന്നി നേതാക്കളും പ്രവര്തകരുമാടങ്ങുന്ന വന്‍ ജനാവലി യാണ് ഇവിടെ തടിച്ചു കൂടിയത്.
ഇരിങ്ങാട്ടിരി ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ നേതൃത്വംനല്‍കി. --