കോഴിക്കോട്: ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ കാലങ്ങള്‍ക്കു മുമ്പേ അവതരിപ്പിച്ച കാലോചിത വേദഗ്രന്ഥമാണ് ഖുര്‍ആനെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പുതിയ സാഹചര്യത്തില്‍ ഖുര്‍ആന്‍ പഠനങ്ങളുടെയും അധ്യാപനങ്ങളുടെയു പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടത്തിന്റെ റമദാന് പ്രഭാഷണത്തിന്റെ അഞ്ചാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. 'ദജ്ജാല് സയണിസത്തിന്റെ ഒറ്റക്കണ്ണ്' എന്ന വിഷയത്തില്‍ ഖാസിമിയുടെ പ്രഭാഷണം നടന്നു.
സി. മോയിന്‍കുട്ടി എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, ചന്ദ്രിക പത്രാധിപര്‍ നവാസ് പൂനൂര് എന്നിവര്‍ സംസാരിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും എന്‍.കെ. റഫീഖ് പൂവ്വാട്ടുപറമ്പ് നന്ദിയും പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ പ്രഭാഷണത്തിന്റെ ഡി.വി.ഡി പ്രകാശനം കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഇ.കെ. ഹുസൈന് ഹാജി ഏറ്റുവാങ്ങി. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. ആറാംദിവസമായ ഇന്ന് 'കഅ്ബയുടെ കഥ' എന്ന വിഷയത്തില്‍ ഉസ്താദ് ഖാസിമിയുടെ പ്രഭാഷണം നടക്കും. എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും.