"ലൈലത്തുല്‍ ഖദ്‌ര്‍"


ചുഴലി മുഹിയുദ്ധീന്‍ മൌലവി 

വിശുദ്ധ റമസാനിലെ ഏറ്റവും ശ്രേഷ്‌ഠമായ ഒരു രാവാണ്‌ `ലൈലത്തുല്‍ ഖദ്‌ര്‍ – നിര്‍ണ്ണയം എന്നാണ്‌ `ഖദ്‌ര്‍ എന്ന വാക്കിന്നര്‍ത്ഥം. എല്ലാ കാര്യങ്ങളും അല്ലാഹു നിര്‍ണ്ണയിക്കുന്നതും അത്‌ മലക്കുകള്‍ക്ക്‌ ഏല്പ്‌പിക്കുന്നതുമായ രാവായതിനാലാണ്‌ ഈ പേര്‌ വന്നത്‌.വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്‌ പ്രസ്‌തുത രാവിലത്രെ. എല്ലാവര്‍ഷവും ഈ മഹത്തായ രാവ്‌ ആവര്‍ത്തിക്കപ്പെടുമെന്നാണ്‌ പണ്ഡിതനമാര്‍ അഭിപ്രായപ്പെടുന്നത്‌. അന്ന്‌ വാനലോകത്തുള്ള മലകുകള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വരുന്നതാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ജിബ്‌രീല്‍ എന്ന ശ്രേഷ്‌ഠരായ മലക്കിന്റെ നേതൃത്വത്തിലാണ്‌ മലക്കുകള്‍ ഇറങ്ങി വരിക. പരിശുദ്ധ കഅ്‌ബയിലാണ്‌ ആദ്യമായി ഇറങ്ങുകയെന്നും ഒരു പച്ചപ്പതാക അവര്‍ കഅബയില്‍ നാട്ടുമെന്നും ഇമാം ബൈഹഖി ഉദ്ധരികുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച്‌ ആരാധനകളില്‍ മുഴുകിയിരിക്കുന്ന വിശ്വാസികള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ ആമീന്‍ പറയുകയുമാണ്‌ മലക്കുകളുടെ ജോലി. പ്രഭാതംവരെ പ്രസ്‌തുത രാവ്‌ രക്ഷയാണ്‌ എന്ന്‌ അല്ലാഹു പ്രഖ്യാപിക്കുന്നു. 
പുണ്യ റമസാനിലെ ഒടുവിലത്തെ പത്തുരാവുകളില്‍ ഒന്നാണ ്‌`ലൈലത്തുല്‍ ഖദ്‌ര്‍. ഇന്ന രാവാണത്‌ എന്ന്‌ നിര്‍ണ്ണയിച്ചു പറയാന്‍ ഖണ്ഡിതമായ തെളിവുകളൊന്നും ഖുര്‍ആനിലോ നബിവചനങ്ങളിലോ ഇല്ല. അതിന്റെ മഹത്വം നഷ്ടപ്പെടുന്നത്‌ വന്‍ നഷ്ടമാണെന്നും അന്ന്‌ തെറ്റുകുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത്‌ മഹാപാതകമാണെന്നും കുറിക്കുന്ന ഹദീസുകള്‍ മനസ്സിലാക്കുമ്പോള്‍ എല്ലാ രാവുകളിലും ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കലാണ്‌ വിശ്വാസിക്ക്‌ കരണീയം. അവസാനത്തെ പത്ത്‌ പ്രവേശിച്ചാല്‍ തിരുനബി (സ) കൂടുതല്‍ അദ്ധ്വാനിക്കാറുണ്ടായിരുന്നുവെന്നും അരമുറുക്കിയുടുത്ത്‌ ഉറക്കമൊഴിച്ച്‌ ആരാധനയില്‍ മുഴുകാറുണ്ടായിരുന്നുവെന്നും ആയിശ(റ) യെ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ കാണാം. മസ്‌ജിദുകളും മുസ്ലിം വീടുകളും പ്രസ്‌തുത രാവിനെ പ്രതീക്ഷിച്ചു കൊണ്ട്‌ ആരാധനയാല്‍ അലംകൃതമാവണമെന്നാണ്‌ നബിചര്യ ബോധ്യപ്പടുത്തുന്നത്‌. ‘ലൈലത്തുല്‍ ഖദ്‌ര്‍’ കഴിഞ്ഞ പകലിനും തുല്യമഹത്വമുണ്ടെന്ന്‌ ഹദീസുകളില്‍ കാണാം. അന്ന്‌ പ്രഭാതസൂര്യന്‌ മങ്ങിയ കിരണങ്ങളായിരിക്കുമെന്ന്‌ മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. അത്‌ ലൈലത്തുല്‍ ഖദ്‌റിന്റെ ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചതാണ്‌ എന്ന്‌ ഇമാം നവവി(റ) പറഞ്ഞിട്ടുമുണ്ട്‌.