നമ്മുടെ രോഗത്തിന്റെ ഹേതു നാം തന്നെ- എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ.


കോഴിക്കോട്: മലയാളികള്‍ നാടന്‍ ഭക്ഷണങ്ങളുടെ മൂല്യം മറന്ന് ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തെ പുണര്‍ന്നതാണ് രോഗങ്ങളുടെ പ്രധാനകാരണമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ. അഭിപ്രായപ്പെട്ടു. 'കാന്‍സര്‍ രോഗമോ ശിക്ഷയോ' എന്ന വിഷയത്തില്‍ റഹ്മത്തുല്ല ഖാസിമിയുടെ റംസാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബത്തോടൊപ്പം ഹോട്ടലില്‍ പോയി നോമ്പു തുറക്കുന്ന പ്രവണത ഖേദകരമാണ്. മുതിര്‍ന്നവര്‍ ചെയ്യുന്ന മഹാപാപത്തിന്റെ അനന്തരഫലം നമ്മുടെ മക്കള്‍ രോഗങ്ങളിലൂടെ അനുഭവിക്കുന്നു. സുഖങ്ങളുടെ പിന്നാലെ പോയ മനുഷ്യന്റെ നെട്ടോട്ടങ്ങള്‍ സൃഷ്ടിച്ചത് അസുഖങ്ങള്‍ മാത്രമാണ് - സമദാനി പറഞ്ഞു.

സുന്നിയുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
ഡോ. ഉമറുല്‍ ഫാറൂഖ്, ഡോ. ഷനു മുല്ലവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസത്തെ പ്രഭാഷണ വി.സി.ഡി. സമദാനി പ്രകാശനം ചെയ്തു. എം.വി. കുട്ട്യാമു ഹാജി ഏറ്റുവാങ്ങി. ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്ക് പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ സമ്മാനം വിതരണം ചെയ്തു. സ്വാഗതസംഘം കണ്‍വീനര്‍ പി.വി. ഷാഹുല്‍ ഹമീദ് സ്വാഗതവും, കെ.ടി. ബീരാന്‍കുട്ടി ഹാജി നന്ദിയും പറഞ്ഞു. പ്രഭാഷണ പരമ്പര അടുത്ത ശനിയാഴ്ച തുടരും.