ഗുണകാംക്ഷ

പിണങ്ങോട് അബൂബക്കര്‍മാനേജര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌''മതം ഗുണകാംക്ഷയാണ്.'' (ബുഖാരി, മുസ്‌ലിം)ഇപ്രകാരം പ്രവാചകന്‍ പ്രസ്താവിച്ചപ്പോള്‍ അനുചരന്മാര്‍ അന്വേഷിച്ചു, ആര്‍ക്കാണ് ഗുണകാംക്ഷയെന്ന്. പ്രവാചകന്‍ പ്രതിവചിച്ചു: ''ദൈവത്തിന്, വേദഗ്രന്ഥത്തിന്, പ്രവാചകന്, നേതൃത്വത്തിന്, സാധാരണക്കാര്‍ക്ക്.'' വാക്കിലും പ്രവൃത്തിയിലും മറ്റുള്ളവര്‍ക്ക് ഗുണം ഉണ്ടാവാന്‍ പരിശ്രമിക്കുന്നതിനാണ് മതം എന്ന് പറയുന്നത്. എവിടെയോ നഷ്ടമാവുന്ന ഉല്‍കൃഷ്ട ഭാവമാണ് നല്ല വിചാരം എന്നത്. മറ്റുള്ളവരോട് കാണിക്കുന്ന കടപ്പാടുകള്‍ക്ക് ആത്മീയച്ഛായ നല്‍കുന്നതില്‍ വരുന്ന പോരായ്മകള്‍ക്ക് അകളങ്കം എന്ന് പറയുന്നു. കളങ്കം വരുന്നിടത്ത് ഗുണകാംക്ഷ കൂടൊഴിഞ്ഞു പോകുന്നു.നിഷ്‌കപടമാവണം എല്ലാ ചിന്തകളും പ്രവൃത്തികളും. അതിനാണ് ഗുണകാംക്ഷയെന്ന് പറയാനാവുക. ആര്‍ക്കോ വേണ്ടി, എന്തിനോ വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ചൈതന്യമുണ്ടാവില്ല. അതൊരു കേവല വ്യായാമം എന്ന തലത്തിലൊതുങ്ങുന്നു.കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്റെ ഒരു കിഡ്‌നി ഒരു പാവപ്പെട്ടവന് ദാനം നല്‍കുകയും അത് വെച്ചുപിടിപ്പിക്കാനുള്ള ആസ്പത്രിച്ചെലവുകള്‍ വഹിക്കുകയും ചെയ്ത പത്രവാര്‍ത്ത വായിക്കാനിടയായ മുന്‍ കോഴിക്കോട് കളക്ടര്‍ ടി.ഒ. സൂരജ് തന്റെ ഒരു കിഡ്‌നി ദാനം ചെയ്യാനുള്ള അനുമതിക്കായി ചീഫ് സെക്രട്ടറിക്ക് കത്തയച്ച വാര്‍ത്തയും പത്രങ്ങളില്‍ വന്നിരുന്നു. ഗുണകാംക്ഷകര്‍ക്ക് പ്രതിഫലനശേഷി കൂടി ഉണ്ടെന്നാണിത് സൂചിപ്പിക്കുന്നത്. നന്മയുടെ വെളിച്ചം മനസ്സുകളിലാണ് തെളിയുക. അതൊരു പ്രവാഹംപോലെ പരന്നൊഴുകും. അതിനാല്‍ ഗുണകാംക്ഷ ഒറ്റപ്പെടുകയോ കെട്ടടങ്ങുകയോ ചെയ്യുന്നില്ല. ദൈവത്തോടും വേദഗ്രന്ഥത്തോടും പ്രവാചകനോടും ഗുണകാംക്ഷ ഉണ്ടാവണമെന്ന പാഠം, അതോടൊപ്പം നേതൃത്വത്തോടും സാധാരണക്കാരോടും അതുണ്ടാവണമെന്നുകൂടി പ്രവാചകന്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. ഏതൊരു കര്‍മ്മവും ദൈവപ്രീതിക്കു വേണ്ടിയാവുക, ദൈവകല്‍പ്പന പ്രകാരമാവുക, പ്രവാചക പാഠങ്ങള്‍ക്കനുസൃതമാവുക തുടങ്ങിയ പാഠഭാഗങ്ങളും ഈ വചനം ഉയര്‍ത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ പാളിച്ചകളില്ലാതെ പരിശുദ്ധി നിലനിര്‍ത്തി പ്രവര്‍ത്തിക്കാനാവും. പീരുമേട് എം.എല്‍.എ.യായിരുന്ന സുലൈമാന്‍ റാവുത്തറെ പതിറ്റാണ്ടിലേറെ പൊതുരംഗത്ത് കാണാറുണ്ടായിരുന്നില്ല. മധ്യവയസ്‌കനായ റാവുത്തര്‍ വിവാഹം കഴിച്ചെന്ന വാര്‍ത്തയാണ് പിന്നീട് അദ്ദേഹത്തെ പുറംലോകമറിയാന്‍ ഇടയാക്കിയത്. വിവാഹം ഇത്ര താമസിപ്പിക്കാന്‍ കാരണം തിരക്കിയപ്പോള്‍ റാവുത്തര്‍ പറഞ്ഞ മറുപടി ഇപ്രകാരം: ''രോഗിണിയായ മാതാവിനെ ശുശ്രൂഷിക്കാന്‍ ഞാന്‍ പൊതുരംഗം വിടുകയായിരുന്നു, വിവാഹവും നീട്ടിവെച്ചു.'' ഈ നല്ല ഗുണകാംക്ഷ ദൈവദത്തമാണെന്ന് പറയുന്നതില്‍ എന്താണൊരു പന്തികേട്? ഇങ്ങനെയുള്ള ആയിരമായിരം മനുഷ്യരെയും കര്‍മ്മങ്ങളെയും സംവിധാനിച്ചത് ദൈവനിശ്ചയംതന്നെ. ഇത്തരം നന്മകള്‍ക്കാണ് കാലം കാത്തിരിക്കുന്നത്. മാനവസമൂഹത്തിന്റെ നന്മകളുടെ ഉണര്‍ത്തുഗീതങ്ങളാണ് പ്രവാചകദര്‍ശനങ്ങള്‍. മനുഷ്യനെ ദൈവവുമായി അടുപ്പിക്കുന്നതിന് ഇടനിലക്കാരനായി ഗുണകാംക്ഷ നിലകൊള്ളുന്നതും മറ്റൊന്നുകൊണ്ടുമല്ല.