കോഴിക്കോട്: അമേരിക്കപോലും ദാരിദ്ര്യത്തെ ഭയക്കുകയാണെന്നും ഈ സാഹചര്യത്തില്‍ അത് നിര്‍മാര്‍ജനം ചെയ്യാനുള്ള ഒറ്റമൂലി സക്കാത്ത് മാത്രമാണെന്നും കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. റഹ്മത്തുല്ല ഖാസിമിയുടെ റംസാന് പ്രഭാഷണത്തിന്റെ എട്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങളും സക്കാത്തിന്റെ മാര്‍ഗം സ്വീകരിക്കണം. സ്വന്തം ത്യാഗത്തിലൂടെ മറ്റുള്ളവരുടെ വേദനകളറിയാനുള്ള മാര്‍ഗമാണ് റംസാന് വ്രതം. അകലം കുറച്ച് മനസ്സും ശരീരവും അടുപ്പിക്കാനും സാഹോദര്യം സൂക്ഷിക്കാനും പഠിപ്പിച്ച ഉദാത്തമതമായ ഇസ്ലാം ഒരിക്കലും തീവ്രവാദം പഠിപ്പിച്ചിട്ടില്ലെന്നും ചില ന്യൂനപക്ഷങ്ങള്‍ അത് ദുരുപയോഗപ്പെടുത്തുന്നതിനെ മതത്തിന്റെ പേരില്‍ കാണാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.'ഖിള്റ്നബി സഞ്ചാരി, വഴികാട്ടി' എന്ന വിഷയത്തില്‍ ഖാസിമി പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, പോലീസ് സൂപ്രണ്ട് സി.എം. പ്രദീപ് കുമാര്‍, ചന്ദ്രിക പത്രാധിപര്‍ ടി.പി. ചെറൂപ്പ എന്നിവര്‍ സംസാരിച്ചു.പ്രഭാഷണ ഡി.വി.ഡി. ചെമ്മല നാണി ഹാജിക്ക് നല്കി മന്ത്രി പ്രകാശനം ചെയ്തു. ശംസുല്‍ ഉലമ മൗലീദ് പുസ്തകത്തിന്റെ പ്രകാശനം കുട്ടോത്ത് മൂസഹാജിക്ക് നല്കി തങ്ങള്‍ നിര്‍വഹിച്ചു. എം.ടി. ഹംസ ഹാജി മൂത്തേടം, സി.എസ്.കെ. തങ്ങള്‍, അഡ്വ. പി.എം. നിയാസ്, സലിം എടക്കര, പി.പി. കുഞ്ഞാലന്‍കുട്ടി ഫൈസി എന്നിവര്‍ സംസാരിച്ചു.