ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍
പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
റമദാന്റെ പവിത്രമായ പകലിരവുകളില്‍ സുകൃതങ്ങള്‍കൊണ്ട് ഹൃദയവിശുദ്ധി കാംക്ഷിക്കുന്ന വിശ്വാസികള്‍ പൊതുവെ ശ്രദ്ധിക്കാത്ത രംഗമാണ് ദഅ്‌വത്ത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രഥമവുംപ്രധാനവുമായി എണ്ണിയ സത്യസാക്ഷ്യങ്ങള്‍ കേവലം മൊഴിയാനും വിശ്വസിക്കാനും മാത്രമുള്ളതല്ല. അതിലേക്ക് ജനങ്ങളെ ക്ഷണിക്കുക ഓരോ വിശ്വാസിയുടെയും അനിവാര്യ കടമയാണ്. ഈ ബാധ്യതാ നിര്‍വഹണത്തില്‍ ഏറെ ശ്രദ്ധാലുക്കളായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. നമസ്‌കാരാദി കര്‍മങ്ങളില്‍ പുലര്‍ത്തിയിരുന്ന കൃത്യനിഷ്ടയും ഔത്സുക്യവും ദഅ്‌വ രംഗത്തും അവര്‍ക്കുണ്ടായിരുന്നു. പ്രബോധന മേഖലയില്‍ സമര്‍പ്പിത സേവനങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്കും നബി(സ) നല്‍കിയ പ്രചോദനങ്ങളാണ് അവരെ അതിന് സജ്ജമാക്കിയത്. റമദാന്‍ കര്‍മോത്സുകതയുടെയും സജീവതയുടെയും മാസമായതുപോലെ സമര്‍പ്പണത്തിന്‍േറതുമാണ്.
പ്രബോധനമാകട്ടെ സമര്‍പ്പിത ഹൃദയങ്ങള്‍ക്കു മാത്രം ചെയ്യാന്‍കഴിയുന്ന പുണ്യകര്‍മവുമാണ്. അതുകൊണ്ട്, റമദാനും ദഅ്‌വത്തും പരസ്‌പരം പൂരകങ്ങളും അഭേദ്യമായ ബന്ധമുള്ളതുമാണ്. അതുകൊണ്ട് റമദാനില്‍ നമസ്‌കാരം, നോമ്പ്, ദാനധര്‍മങ്ങള്‍, ഖുര്‍ആന്‍ പാരായണം, ദിക്‌റ്-ദുആ തുടങ്ങിയ ആരാധനകളില്‍ നാം വ്യാപൃതരാവുന്നതുപോലെ നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനും സമയം വിനിയോഗിക്കണം. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാത്ത ഒരു സമൂഹത്തിന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകപോലുമില്ലെന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നന്മ കല്‍പിക്കുന്ന, തിന്മ വിരോധിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പുറത്തുകൊണ്ടുവരപ്പെട്ട ഉല്‍കൃഷ്ട സമൂഹത്തിലെ ഉത്തമ കണ്ണികളാവാന്‍ ഓരോ വിശ്വാസിക്കും ഈ റമദാന്‍ പ്രചോദനമാകണം.