സമുദ്ര ദൃഷ്ടാന്തങ്ങള്‍ മനുഷ്യന്‍െറ കണ്ണു തുറപ്പിക്കണം -റഹ്മത്തുല്ല ഖാസിമി

കോഴിക്കോട്: ദൈവത്തിന്‍െറ അസ്തിത്വത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ അടങ്ങുന്ന വലിയ ലോകമായ സമുദ്രം ദൈവത്തെ തേടുന്നവര്‍ക്കുള്ള വ്യക്തമായ മാര്‍ഗരേഖയാണെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടം. സ്റ്റഡിസെന്‍റര്‍ ദശവാര്‍ഷികത്തിന്‍െറ ഭാഗമായി കോഴിക്കോട് നടക്കുന്ന റമദാന്‍ പ്രഭാഷണത്തിന്‍െറ ഏഴാം ദിവസം ‘സമുദ്രം: ദൃഷ്ടാന്തങ്ങളുടെ മഹാസാഗരം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്ര ശാസ്ത്രജ്ഞാനമായ ഓഷ്യാനോഗ്രഫി കണ്ടുപിടിക്കപ്പെട്ടത് 19ാം നൂറ്റാണ്ടിലാണ്.സമുദ്രത്തിന്‍െറ അനന്തസത്യങ്ങള്‍ ആറാം നൂറ്റാണ്ടില്‍തന്നെ പറഞ്ഞുവെച്ച ഖുര്‍ആന്‍ അതിന്‍െറ ദൈവികതക്ക് അടിവരയിടുകയാണ്. അബ്ദുറഹിമാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രിക ഡയറക്ടര്‍ പി.വി. അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞദിവസത്തെ പ്രഭാഷണ ഡി.വി.ഡി അബ്ദുല്‍ വഹാബ് പ്രകാശനം ചെയ്തു. സി.കെ.കെ. മാണിയൂര്‍ ഏറ്റുവാങ്ങി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ പ്രഭാഷണ ഡി.വി.ഡി ‘ധനം: സമ്പാദനം, വിനിയോഗം’ രണ്ടത്താണി പ്രകാശനം ചെയ്തു. പി. ഇസ്മായില്‍ മൂത്തേടം ഏറ്റുവാങ്ങി. വി.എം. ഹുസ്സന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും പി.കെ. മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ‘ഹിള്റ് (അ): സഞ്ചാരി, വഴികാട്ടി’ എന്ന വിഷയത്തില്‍ ഞായറാഴ്ച പ്രഭാഷണം നടക്കും. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.