മെഗാ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ ആത്മ വിശുദ്ധിക്ക് ധര്‍മ്മ വികാസത്തിന് എന്ന പ്രമേയത്തില്‍ നടത്തിവരുന്ന റമദാന്‍ കാന്പയിനിന്‍റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ മീറ്റ് അഹ്‍മദ് ബിന്‍ ജാബിര്‍ അല്‍ അന്‍സി ഉദ്ഘാടനം ചെയ്തു. ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പിന്‍റെ അധ്യക്ഷതയില്‍ അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. വിശുദ്ധ ഖുര്‍ആന്‍റെ അവതരണത്തിന് തെരഞ്ഞെടുക്കപ്പെട്ട മാസമാകയാല്‍ തന്നെ ഖുര്‍ആന്‍ അനാവരണം ചെയ്യുന്ന ജീവിത ക്രമത്തെ സാധിപ്പിച്ചെടുക്കാന്‍ ഇസ്‍ലാമിക സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.
ഇഫ്താറിന് മുന്പ് നടന്ന ദിക്റ് മജ്‍ലിസിന് പ്രമുഖ പണ്ഡിതന്മാരായ മുസ്തഫ ദാരിമി, അബ്ദുന്നാസര്‍ മൗലവി, മന്‍സൂര്‍ ഫൈസി, മുജീബ് റഹ്‍മാന്‍ ഹൈതമി, അശ്റഫ് ഫൈസി, അബ്ദുന്നാസര്‍ അസ്‍ലമി, ഫള്ലുറഹ്‍മാന്‍ ദാരിമി, ഹംസ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും മന്‍സൂര്‍ ഫൈസി നന്ദിയും പറഞ്ഞു.