വിജ്ഞാനലോകത്ത് വിനയം തീര്‍ത്ത് കണ്ണിയത്ത് ഉസ്താദ് ലൈബ്രറി

വെങ്ങപ്പള്ളി : അറിവിന്റെ ആഴങ്ങളിലേക്ക് വാതിലുകള്‍ തുറന്നിടുകയാണ് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയിലെ കണ്ണിയത്ത് ഉസ്താദ് സ്മാരക ലൈബ്രറി. 2003 ല്‍ തുടക്കം കുറിച്ച് ഈ ഗ്രന്ഥാലയം അമൂല്യമായ ആറായിരത്തോളം ഗ്രന്ഥങ്ങളുടെ വന്‍ശേഖരവുമായാണ് ഇപ്പോള്‍ നവീകരിച്ചത്. മതരംഗത്ത് ജില്ലയിലെ ഏറ്റവും വലിയ ഗ്രന്ഥാലയമാണ് ഇവിടെ യാഥാര്‍ത്ഥയമായിരിക്കുന്നത്. അറബി ഭാഷയില്‍ വ്യത്യസ്ഥ കാലങ്ങളില്‍ രചിക്കപ്പെട്ടതും വിദേശ രാജ്യങ്ങളില്‍ മാത്രം ലഭ്യമാവുന്നതുമായ വിശുദ്ധ-ഖുര്‍ആന്റെ വ്യാഖ്യാനങ്ങള്‍, അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങള്‍, നാലുമദ്ഹബുകളിലും അവലംബിക്കപ്പെടുന്ന കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍, ആധികാരികമായ ചരിത്ര ഗ്രന്ഥങ്ങള്‍, വിവിധ ശാസ്ത്ര ഗ്രന്ഥങ്ങള്‍, എന്നിവക്കു പുറമെ ഇംഗ്ലീഷ്, ഉറുദു, മലയാളം ഭാഷകളിലെ ആയിരക്കണക്കിന് ഗ്രന്ഥങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. അക്കാദമിയില്‍ നിലവിലുള്ള വാഫീ കോഴ്‌സിന് അനിവാര്യമായ ബൃഹത്തായ ലൈബ്രറി എന്നതോടൊപ്പം മതപരമായ വിഷയങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ജില്ലയിലെ ഖത്തീബുമാര്‍ക്കും, പണ്ഡിതന്മാര്‍ക്കും അവംലംബിക്കാവുന്ന വിധം റഫറന്‍സ് സൗകര്യത്തോടെയാണ് സ്ഥാപനം നവീകരിച്ചിരിക്കുന്നത്. അമ്പതിനായിരത്തിലധികം ഗ്രന്ഥങ്ങളുള്‍ക്കൊള്ളുന്ന ഐ ടി റഫറന്‍സ് ലൈബ്രറിയും ഇവിടെയുണ്ട്.
- Shamsul Ulama Islamic Academy VEngappally