കാന്തപുരം മഹല്ല് സംവിധാനം തകര്‍ക്കുന്നു : SYS

കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സ്വന്തം നാട്ടില്‍ മഹല്ല് സംവിധാനത്തെ അംഗീകരിക്കാതെ സമാന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് നാളിതുവരെ കെട്ടിപ്പടുത്ത മഹല്ല് സംവിധാനം തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അത്തരം നീക്കങ്ങളെ ചെറുക്കുമെന്നും സമസ്ത കേരള സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. മുസ്ലിം വിവാഹത്തിന്‍റെ നിയമ സാധുതക്കും കാര്യക്ഷമതക്കും മഹല്ലുകളില്‍ സംവിധാനമുണ്ട്. മഹല്ല് കമ്മിറ്റികളും ഖാസിമാരും അതാണ് നിര്‍വ്വഹിച്ചു വരുന്നത്. എന്നാല്‍ കാന്തപുരം സ്വന്തം നാട്ടില്‍ മഹല്ല് കമ്മിറ്റിയെ അംഗീകരിക്കാതെയും അനുമതി തേടാതെയും സമാന്തര വിവാഹങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വിവാഹശേഷം നിയമ പരിരക്ഷ ലഭിക്കാന്‍ കമ്മിറ്റിയുടെ അംഗീകാരവും മഹല്ലിലെ രജിസ്ട്രേഷനും ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. വിഘടന പ്രവര്‍ത്തനം നടത്തി അവസാനം അനുമതിക്കായി അപേക്ഷിക്കുന്നത് ലജ്ജാകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
മഹല്ല് സംവിധാനത്തെ വെല്ലുവിളിച്ചു നടത്തുന്ന വിവാഹത്തിന് അംഗീകാരം നല്‍കാതിരുന്ന മഹല്ല് കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു. SYS 60-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ജില്ലയിലെ നാല് സ്ഥലങ്ങളിലായി നിര്‍മ്മിക്കുന്ന 60 വീടുകളുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് സി.എച്ച്. മഹ്മൂദ് സഅദി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എ.വി. അബ്ദുറഹ്‍മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. മലയമ്മ അബൂബക്കര്‍ ഫൈസി, ടി.കെ. ഇമ്പിച്ചി അഹമ്മദ് ഹാജി, കെ.പി. കോയ, സലാം ഫൈസി മുക്കം, പി.സി. മുഹമ്മദ് ഇബ്റാഹീം, സൈനുല്‍ ആബിദീന്‍ തങ്ങള്‍, യൂസുഫ് ഫൈസി വെണ്ണക്കോട്, കെ.കെ. കോയ മുസ്ലിയാര്‍, മുഹമ്മദ് പടിഞ്ഞാറത്തറ, കെ.എം. കുഞ്ഞമ്മദ് ഹാജി, അബ്ദുല്‍ റസാഖ് മായനാട്, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, ഉമ്മര്‍ ബാഖവി ഓമശ്ശേരി, കെ.എം.എ. റഹ്‍മാന്‍, സി.എ. ശുക്കൂര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. സെക്രട്ടറി അശ്റഫ് ബാഖവി ചാലിയം നന്ദി പറഞ്ഞു.
- SKSSF STATE COMMITTEE