സമസ്തയുടെ സാന്നിധ്യം മലയാളി മുസ്ലിംകളെ ശ്രദ്ധേയരാക്കി : സ്വലാഹുദ്ധീന്‍ ഫൈസി

സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ സംസാരിക്കുന്നു
മനാമ : കേരളത്തിലെ സമസ്തയുടെ സാന്നിധ്യം ലോകത്തെല്ലാ യിടത്തുമുള്ള മലയാളി മുസ്ലിംകളെ ശ്രദ്ധേയരും വേറിട്ടവരുമാക്കിയെന്ന് പ്രമുഖ വാഗ്മിയും SKSSF മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ പറഞ്ഞു. ഉമ്മുല്‍ഹസമില്‍ നടന്ന സമസ്ത ബഹ്‌റൈന്‍ ഏരിയാ തല സുപ്രഭാതം പ്രചരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ തന്നെ ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളെ അപേക്ഷിച്ച് കേരള മുസ്ലിംകള്‍ മത ഭൗതിക മേഖലയില്‍ മുന്നേറിയത് വിദ്യാഭ്യാസ രംഗത്തെ സമസ്തയുടെ വിപ്ലവം കൊണ്ടാണെന്നും അദ്ധേഹം വിശദീകരിച്ചു. സമസ്തയെയും അതിന്റെ നേതാക്കളെയും യാഥാസ്തികരും പിന്തിരിപ്പന്മാരെന്നും മുദ്രകുത്തിയിരുന്നവര്‍ക്ക് ഇന്നും അഫ്‌സലുല്‍ ഉലമ കോഴ്‌സിനു മുകളില്‍ ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശകര്‍ തന്നെ സമസ്ത നടത്തുന്ന എഞ്ചിനീയറിംഗ് കോളേജില്‍ ചേരാന്‍ രഹസ്യമായി സമസ്ത നേതാക്കളോട് സീറ്റ് ചോദിക്കേണ്ട അവസ്ഥയിലേക്കെത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസി. സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത സെക്രട്ടറിയും സുപ്രഭാതം ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, കോ ഓര്‍ഡിനേള്‍ക്ത ഉമറുല്‍ ഫാറൂഖ് ഹുദവി എന്നിവരും സംസാരിച്ചു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും സംബന്ധിച്ചു. സുപ്രഭാതം ഗവേണിംഗ് ബോഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശാഫി പാറക്കട്ടയെ ചടങ്ങില്‍ ആദരിച്ചു. ഇസ്മാഈല്‍ പയ്യന്നൂര്‍ സ്വാഗതവും ജഅ്ഫര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.
- samasthanews.bh