യതീംകുട്ടികള്‍: ദുരൂഹത പരത്തിയത് പ്രതിഷേധാര്‍ഹം : SKIMVB

ചേളാരി : വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസവും, ഭക്ഷണവും, ജീവിതവും നിഷേധിക്കപ്പെട്ട അനാഥകള്‍ക്ക് അഭയം നല്‍കാന്‍ മുന്നോട്ട് വന്ന കേരളത്തിലെ അനാഥാലയങ്ങളെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ പ്രസ്താവിച്ചു. മനുഷ്യക്കടത്ത് എന്ന വിധമാണ് ഇയിടെ പ്രചാരണം നടത്തിയത്. കുട്ടികളെ കൊണ്ടുവന്നു വിദ്യാഭ്യാസവും, ഭക്ഷണവും, പാര്‍പ്പിടവും, ആരോഗ്യ സുരക്ഷയും നല്‍കി ഉത്തമ പൗരന്മാരാക്കി വളര്‍ത്തുന്നത് എങ്ങനെയാണ് മനുഷ്യക്കടത്തും ദുഷ്ടലാക്കുമാകുന്നത്.
വടക്കെ ഇന്ത്യന്‍ ഗല്ലികളില്‍ ജന്മം ശപിച്ചു നരക തുല്യരായി കഴിയുന്ന അനേകായിരം അനാഥകളും, പാവപ്പെട്ടവരുമുണ്ട്. നിരക്ഷരരും, നിസ്സഹായരുമായ ഇത്തരം കുട്ടികളെ കേരളത്തില്‍ ചില അനാഥാലയങ്ങള്‍ സ്വീകരിക്കാന്‍ സന്മനസു കാണിച്ചു എന്നത് കാണാതെ പോവുകയും കൊണ്ടുവന്ന രീതിയും, കൊണ്ടുവന്നവരും, അപര്യാപ്തരേഖകളും പെരുപ്പിച്ച് കാണിച്ചു കുറ്റകൃത്യമായി അവതരിപ്പിക്കുകയും ചെയ്തത് ധാര്‍മ്മികമോ, മനുഷ്യാവകാശങ്ങള്‍ മാനിക്കലോ ആയില്ല.
പോരായ്മകള്‍ ചൂണ്ടികാണിക്കുന്നതിന് പകരം എന്തോ മഹാ അപരാധം ചെയ്തപോലെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ഇങ്ങനെ കൊണ്ടുവന്ന കുട്ടികളെ അധികാരികള്‍ ഇടപെട്ടു കേരളത്തിലെ അനാഥാലയങ്ങളില്‍ തന്നെയാണ് പിന്നീട് പാര്‍പിച്ചതെന്നുകൂടി ചേര്‍ത്തുവായിക്കണം. ശിഷു ക്ഷേമ സമിതിയും (സി.ഡബ്ലിയു.സി) ഉത്തരവാദപ്പെടുന്ന ഉദ്യോഗസ്ഥനും നേരിട്ട് കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് കൈമാറിയെന്നത് സ്ഥാപനങ്ങള്‍ നടത്തിവരുന്ന സേവനങ്ങള്‍ക്കുള്ള അംഗീകാരമായിവേണം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
- Samasthalayam Chelari