അടച്ച ബാറുകള്‍ തുറക്കാനുള്ള നീക്കം അപലപനീയം : SKSSF

കോഴിക്കോട് : സമ്പൂര്‍ണ മദ്യനിരോധനത്തിന് അനിവാര്യമായ നടപടികള്‍ എടുക്കുന്നതിനു പകരം മദ്യ മുതലാളിമാരെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മാനദണ്ഢം പാലിക്കാത്ത ബാറുകള്‍ അടച്ചുപൂട്ടിയത് തുറക്കാനുള്ള ഗൂഢാലോചനകളാണ് സര്‍ക്കാറിന്റെ ഉന്നത നേതൃത്വത്തിലെ ചില ഉത്തരവാദിത്വപ്പെട്ടവര്‍ നടത്തുന്നത്. ഇത് മദ്യരാജാക്കന്‍മാരെ സഹായിക്കാനുള്ള നീക്കമാണ്. ഈ നീക്കം രാഷ്ട്രീയമായി നേരിടാന്‍ ഭരണ തലപ്പത്തുള്ള നേതൃത്വം തയ്യാറാവണം. മദ്യം വിശമാണെന്ന് പറഞ്ഞ നാരായണ ഗുരുവിന്റെ അനുയായികള്‍ക്ക് നേതൃത്വം കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ സംസ്‌കാരിക കേരളത്തിന് അപമാനമാണ്. മദ്യത്തിന്റെ വരുമാനത്തേക്കാള്‍ ഭീകരമാണ് മദ്യ ജന്മ്യ സാമൂഹിക പ്രശ്‌നങ്ങളും രോഗങ്ങളും. കേരളത്തിലെ കുടുംബ സാമൂഹിക ധാര്‍മിക പ്രശ്‌നങ്ങള്‍ ഭീകരമായി വളരുന്നതിന് മദ്യത്തിന്റെ പങ്കിനെക്കുറിച്ച് നടത്തപ്പെട്ട പഠനങ്ങള്‍ സര്‍ക്കാര്‍ പുറത്തുകൊണ്ടുവരണം. നാടിന്റെ മാനവ വിഭവ ശേഷിയെ സമൂലം നശിപ്പിക്കുന്ന മദ്യ ഭീകരതയെ സമാന മനസ്‌ക്കരോടൊപ്പം നിന്നു ചെറുക്കാന്‍ SKSSF തയ്യാറാണ്. മദ്യ രാജാക്കന്‍മാര്‍ക്ക് മുമ്പില്‍ തലകുനിക്കാത്ത കെ പി സി സി പ്രസിഡണ്ടിനെപ്പോലെയുള്ള ആത്മാഭിമാനമുള്ള രാഷ്ട്രീയ നേതാക്കള്‍ അഭിനന്ദനീയരാണ്. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, റഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് പൂനൂര്‍, കെ എം ഉമര്‍ ദാരിമി, മുസ്തഫ അശ്‌റഫി കക്കുപടി, റശീദ് ഫൈസി വെള്ളായിക്കോട്, പി എം റഫീഖ് അഹമദ് തിരൂര്‍, കെ മമ്മുട്ടി മാസ്റ്റര്‍, ഷാനവാസ് കണിയാപുരം, അബ്ദുസലാം ദാരിമി കിണവക്കല്‍, അയ്യൂബ് കൂളിമാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE