അനുഗ്രഹീത രാവുകള്‍ ഉപയോഗപ്പെടുത്തുക : കോട്ടുമല ബാപ്പു മുസ്ലിയാര്‍

സമസ്ത ബഹ്‌റൈന്‍ മിഅ്‌റാജ് ദിന സന്ദേശവും ദുആ സമ്മേളനവും നടന്നു
കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
മനാമ : ഈ മാസം മുതല്‍ വിശുദ്ധ റമസാന്‍ മാസം ഉള്‍പ്പെടെയുള്ള മൂന്നു മാസങ്ങളും ഏറെ പ്രാധാന്യമുള്ളതും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കൂടുതലായി വര്‍ഷിക്കുന്നതുമാണെന്നും അവ പരമാവധി നേടിയെടുക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും സമസ്ത സെക്രട്ടറി ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മിഅ്‌റാജ് ദിന സന്ദേശവും ദുആ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. റമസാനു മുമ്പെയുള്ള റജബ്, ശഅ്ബാന്‍ എന്നീ രണ്ട് മാസങ്ങളില്‍ അല്ലാഹു ഏറെ  അനുഗ്രഹങ്ങള്‍ വര്‍ഷിപ്പിക്കുമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും നബി(സ) പറഞ്ഞിട്ടുണ്ട്. തിരുനബി(സ)തന്നെ അപ്രകാരം പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 'അല്ലാഹുവേ.. റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് ബര്‍ക്കത്ത് (അനുഗ്രഹം) ചെയ്യണേ.. വിശുദ്ധ റമസാനിലേക്ക് ഞങ്ങളെ എത്തിക്കുകയും നോമ്പും നമസ്‌കാരവും മറ്റു നന്മകളും വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് തൗഫീഖ് (സൗഭാഗ്യം) നല്‍കുകയും ചെയ്യണേ' എന്നായിരുന്നു തിരുനബി(സ)യുടെ പ്രാര്‍ത്ഥനയെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസി. സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. എസ്.കെഎസ്.എസ്.എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി.  സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും മുസ്ഥഫ കളത്തില്‍ നന്ദിയും പറഞ്ഞു.
- samasthanews.bh