ആത്മീയതയുടെ വരള്‍ച്ചയാണ് ലോകത്തെ പ്രധാന പ്രതിസന്ധി : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാതിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമൂഹ സംസ്‌കൃതിയും ധാര്‍മിക മുന്നേറ്റവും സാധ്യമാവണമെങ്കില്‍ ആത്മീയതയെ ജീവിത പാതയാക്കണമെന്നും ആത്മീയ രംഗത്തെ വരള്‍ച്ചയാണ് ലോകത്തെ പ്രധാന പ്രതിസന്ധിയെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ സംഘടിപ്പിച്ച മഅ്‌റാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ആധുനിക സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും ഏറെ പുരോഗതിയില്‍ എത്തിയിട്ടുണ്ടെങ്കിലും വിശ്വാസവും ആത്മീയതവും സമന്വയിപ്പിച്ച ജീവതക്രമം നിര്‍ണയിക്കുന്നതില്‍ സമൂഹം വളരെ പിന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ദാറുല്‍ ഹുദാ വി.സി ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ദിക്‌റ് ദുആ മജ്‌ലിസിന് സമസ്ത പ്രസിഡന്റ് ശൈഖുനാ സി.കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഫരീദ് റഹ്മാനി കാളികാവ് മിഅ്‌റാജ് സന്ദേശ പ്രഭാഷണം നടത്തി. അസര്‍ നമസ്‌കാരനാന്തരം നടന്ന ഖുര്‍ആന്‍ പാരായണ, സ്വാലാത്ത്, ദുആ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. കേരള സര്‍ക്കാര്‍ ന്യൂനപക്ഷ വെല്‍ഫയര്‍ കമ്മിറ്റി മെമ്പര്‍ സി. മുഹമ്മദ് കുഞ്ഞി രചിച്ച ന്യൂനപക്ഷ ക്ഷേമ പദ്ധതികളും സര്‍ക്കാര്‍ സേവനങ്ങളും ഗ്രന്ഥം മുനവ്വറലി തങ്ങല്‍ വി.സി ഡോ.ബഹാഉദ്ദീന്‍ നദ്‌വിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥി കലോത്സവം സിബാഖിന്റെ സി.ഡി പ്രകാശനവും തങ്ങള്‍ നിര്‍വ്വഹിച്ചു. അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, ഫള്ല്‍ തങ്ങല്‍ മേല്‍മുറി, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കെ.സി മുഹമ്മദ് ബാഖവി കീഴശ്ശേരി, തോപ്പില്‍ കുഞ്ഞാപ്പുഹാജി, യു, ശാഫി ഹാജി ചെമ്മാട്, പി ഇസ്ഹാഖ് ബാഖവി ചെമ്മാട് തുടങ്ങിയവര്‍ സംസാരിച്ചു.
- Darul Huda Islamic University