ജാമിഅ മില്ലിയ സര്‍വ്വകലാശാലക്ക് കാസര്‍ഗോഡ് ജില്ലയില്‍ പഠനകേന്ദ്രം അനുവദിച്ചു

കാസര്‍ഗോഡ് : ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വ്വകലാശാല ജാമിഅ മില്ലിയ ഇസ്ലാമിയക്ക് ജില്ലയില്‍ പഠനകേന്ദ്രം അനുവദിച്ചു. ചട്ടഞ്ചാല്‍ മാഹിനാബാദിലെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സി (എം.ഐ.സി) ലാണ് ജാമിഅ മില്ലിയ പഠനകേന്ദ്രം (സെന്റര്‍ ഓഫ് ഡിഷ്റ്റന്‍സ് ആന്‍ഡ് ഓപ്പണ്‍ ലേണിങ്) അനുവദിച്ചത്. എം ഐ സി ക്യാമ്പസില്‍ തന്നെ ജാമിഅ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വ്വകലാശാലയുടെ പരീക്ഷ കേന്ദ്രവും ഉണ്ടായിരിക്കും.
എം.എ ഇംഗ്ലീഷ്, എം.എ സോഷ്യോളജി, ബാച്‌ലര്‍ ഓഫ് ഇന്റര്‍നാഷണല്‍ ബിസിനസ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളാണ് ആദ്യ ഘട്ടത്തില്‍ ജില്ലയിലെ പഠനകേന്ദ്രത്തിന് അനുവദിച്ചത്.
കേരളത്തില്‍ നിന്ന് ലഭിച്ച 50 ല്‍ പരം അപേക്ഷകളില്‍ നിന്ന് മൂന്നിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍ അനുവദിച്ചത്. ഇസ്ലാമിക് കോളേജ് തളിക്കുളം തൃശ്ശൂര്‍, സി.ഐ.സി മര്‍ക്കസുത്തര്‍ബിയത്തുല്‍ ഇസ്ലാമിയ വളാഞ്ചേരി മലപ്പുറം എന്നിവിടങ്ങളാണ് സംസ്ഥാനത്തെ മറ്റു പഠനകേന്ദ്രങ്ങള്‍. പ്രവേശന നടപടികള്‍ ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പഠനകേന്ദ്രങ്ങളിലും www.jmi.ac.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
ന്യൂ ഡല്‍ഹി ജാമിഅ മില്ലിയയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. എസ്.എ.എം പാഷ, ജാമിഅ മില്ലിയ ഡിഷ്റ്റന്‍സ് എജ്യുക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ ചട്ടഞ്ചാലിലെ എം.ഐ.സി ക്യാമ്പസ് സന്ദര്‍ശിച്ച് അക്കാദമിക് കരാറിലേര്‍പ്പെട്ടു. എം.ഐ.സി പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, അഡ്വ. സി.എന്‍ ഇബ്രാഹിം, ഡോ. സലീം നദ്‌വി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod