അറബിക് സര്‍വ്വകലാശാല; തീരുമാനം സ്വാഗതാര്‍ഹം : SYS

കോഴിക്കോട് : സംസ്ഥാനത്ത് ഒരു അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കാലികവും കാലങ്ങളായി നിലനില്‍ക്കുന്ന ഒരാവശ്യം അംഗീകരിക്കലുമാണെന്ന് SYS സംസ്ഥാന സെക്രട്ടറിമാരായ ഉമര്‍ഫൈസി മുക്കം, ഹാജി കെ.മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസ്താവിച്ചു. പ്രധാന തൊഴില്‍ വിപണിയായ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ തൊഴിലന്വേഷകര്‍ക്കുള്ള സൗകര്യം മാത്രമല്ല. നൂറ് കോടിയിലധികം വരുന്ന ജനങ്ങളുടെ യോജിക്കുന്ന ഭാഷ എന്ന നിലക്കും ലോകത്ത് വമ്പിച്ച വികസനം തേടുന്ന ഭാഷ എന്ന നിലക്കും അറബികിന് വന്‍സാധ്യതകള്‍ നിലവിലുണ്ട്.
പരന്നുകിടക്കുന്ന വിജ്ഞാനീയങ്ങളുടെ അക്ഷയ നിധി എന്ന നിലക്കും അറബിഭാഷ വരും നാളുകളില്‍ വലിയ സ്വാധീനം നേടും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച് നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്. സര്‍വ്വകലാശാല എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
- Samasthalayam Chelari