സുപ്രഭാതം; ഗൾഫ്‌ തല പ്രചരണങ്ങൾ ഊർജ്ജ്വിതം; നേതാക്കള്‍ ബഹ്‌റൈനില്‍

ബഹ്‌റൈന്‍ തല പ്രചരണ സംഗമം ഇന്ന് (വെള്ളി)ഗുദൈബിയയില്‍
ബഹ്‌റൈനിലെ സമസ്‌ത കേന്ദ്ര ആസ്ഥാനത്ത്‌ നടന്ന 
പത്ര സമ്മേളനത്തില്‍ ശൈഖുനാ കോട്ടുമല ബാപ്പു 
മുസ്ലിയാര്‍ സംസാരിക്കുന്നു.

മനാമ: കേരളത്തിനു പുറമെ ഗൾഫ്‌ നാടുകളിലും സുപ്രഭാതം ദിനപത്രത്തിന്റെ പ്രചരണങ്ങൾ ഊർജ്ജ്വിതമായി മുന്നേറുന്നു.കഴിഞ്ഞ ദിവസങ്ങളിലെ  സൗദി അറേബ്യയിലെ പര്യടനത്തിനു ശേഷം ഇപ്പോൾ ബഹ്രൈനിലാണ് ഒരാഴ്ച നീണ്ടു നില്ക്കുന്ന പ്രചരണ പ്രവർത്തനങ്ങളുമായി നേതാക്കൾ എത്തിയിരിക്കുന്നത്.
കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, സുപ്രഭാതം ദിന പത്രത്തിന്റെ ചെയര്‍മാനും സമസ്‌ത സെക്രട്ടറിയും കേരള ഹജ്ജ്‌ കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, എസ്‌.കെഎസ്‌.എസ്‌.എഫ്‌ മുന്‍ സ്റ്റേറ്റ്‌ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്‌താദ്‌ സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവരാണ്‌ കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയത്‌.
ഈ വര്‍ഷം ജൂലൈ 31ന്‌ കോഴിക്കോട്‌ പ്രകാശനം ചെയ്‌ത്‌ ആഗസ്റ്റ്‌ ഒന്നു മുതല്‍ അഞ്ച്‌ എഡിഷനുകളോടെ മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായി ഉദ്ധേശം അഞ്ചുലക്ഷം വരിക്കാരുമായി പുറത്തിറങ്ങുന്ന സുപ്രഭാതം എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു പൊതു പത്രമായാണ്‌ പ്രവര്‍ത്തിക്കുകയെന്ന്‌ പത്രത്തിന്റെ ചെയര്‍മാന്‍ കൂടിയായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മനാമയിലെ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ആസ്ഥാനത്ത്‌ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
നിലവിലുള്ള ഒരു പത്രത്തിനും എതിരായല്ല ഈ പത്രം പുറത്തിറങ്ങുന്നതെന്നും സമുദായത്തിന്‌ സമസ്‌തയെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ മറ്റൊരു പത്രം കൂടിയാണ്‌ സുപ്രഭാതം ലക്ഷ്യമാക്കുന്നതെന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു.
ഗള്‍ഫില്‍ സമസ്‌തയും കെ.എം.സിസിയും തമ്മില്‍ ഭിന്നതയില്ലെന്നും നാട്ടിലും ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലുമെല്ലാം മുസ്ലിംലീഗിന്റെയും കെ.എം.സിസി പ്രവര്‍ത്തകരുടെയും സജീവ സഹകരണമാണ്‌ സുപ്രഭാതത്തിനു ലഭിക്കുന്നതെന്നും സഊദി അറേബ്യയിലെ പ്രചരണത്തിലൂടെ തങ്ങള്‍ക്ക്‌ അത്‌ വ്യക്തമായി ബോധ്യപ്പെട്ടതാണെന്നും വിവിധ ലേഖകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി അദ്ധേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ക്കു പുറമെ കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, എസ്‌.കെഎസ്‌.എസ്‌.എഫ്‌ മുന്‍ സ്റ്റേറ്റ്‌ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്‌താദ്‌ സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവരും സമസ്‌ത ബഹ്‌റൈന്‍ നേതാക്കളും സംബന്ധിച്ചു.
- Rahmani