SYS സമ്മേളനം; സി.എം സ്മരണയില്‍ സ്മരണിക സെഷന്‍

വാദീത്വൈബ : ഉത്തര മലബാറിന്റെ ഇസ്‌ലാമിക നവോത്ഥാനത്തിന് ദാര്‍ശനിക നേതൃത്വം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യാക്ഷനും മംഗലാപുരം-ചെമ്പരിക്ക ഖാസിയുമായ സി.എം അബ്ദുല്ല മൗലവിയുടെ സ്മരണകള്‍ നിറഞ്ഞു നിന്നു സമ്മേളനത്തിന്റെ സ്മരണിക സെഷന്‍. വിദ്യാഭ്യാസ രംഗത്തെ കാസര്‍ഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നിരവധി സ്ഥാപന സമുച്ചയങ്ങള്‍ക്ക് തുടക്കമിട്ട സി.എമ്മിനോട് ജില്ലയുടെ വിദ്യാഭ്യാസ ചരിത്രം കടപ്പെട്ടിരിക്കുന്നു. ദേളി ജാമിഅ സഅദിയ്യ, ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇന്ന് ഇസ്‌ലാമിക-ഭൗതിക വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകളെ ജില്ലക്ക് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഖാസിയുടെ രക്തസാക്ഷിത്വത്തിന് നാലാണ്ടു തികയുന്ന ദിവസം തന്നെ അനുസ്മരണം നടന്നത് ഒരു നിയോഗമാവാമെന്ന് ഉസ്താദിന്റെ സഹയാത്രികര്‍ പറയുന്നു.
നാലാണ്ടു തികയുമ്പോഴും തിരോധാനത്തിനു പിന്നിലുളള നിഗൂഢതകള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല. ക്രൈം ബ്രാഞ്ച്, സി.ബി.ഐ അന്വേഷണങ്ങള്‍ നടന്നിട്ടും കൊലയാളികളെ നീതി പിഠത്തിനു മുന്നില്‍ കൊണ്ടു വരാത്തത് വലിയ ദു:ഖങ്ങളിലൊന്നാണ്. കേരള ഹൈക്കോടതി പുനരാന്വേഷണത്തിന് ഉത്തരവിടുകയും ഉസ്താദിനും മുസ്‌ലിം സമുദായത്തിനും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്മരണിക സെഷന്‍ അവസാനിച്ചത്.
നീതി നിഷേധത്തിന്റെ നാലാണ്ടുകള്‍ക്കിപ്പുറത്ത് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പോഷക ഘടകങ്ങളും. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി മുല്ലപ്പളളി രാമചന്ദ്രന് വിഷയത്തില്‍ അടിയന്തിരമായ ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് ഒരു നിവേദനം നല്‍കിയിട്ടുണ്ടെന്ന് SYS സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായ് പറഞ്ഞു.
ലോക സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മഹല്ലുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്നും നീതി നിഷേധത്തിന്റെ ഗൗരവം ഉത്തരവാദിത്തപ്പെട്ടവരെ ബോധ്യപ്പെടുത്തുമെന്നും SYS സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു
കാസര്‍ഗോഡ് വെച്ചു നടക്കുന്ന സമ്മേളനമായതു കൊണ്ടു തന്നെ സി.എം വിഷയത്തില്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന കരുതപ്പെടുന്നു.
- sys-waditwaiba