"ഒരുതരി ഉപ്പ് മതി ഝാര്‍ഖണ്ഡിലെ കുട്ടികള്‍ക്ക്"

രുതരി ഉപ്പ് മതി ഝാര്‍ഖണ്ഡിലെ കുട്ടികള്‍ക്ക് ചോറിനൊപ്പം. അതുതന്നെ ഒരാര്‍ഭാടം. പൊരിച്ചതും കരിച്ചതുമില്ലെങ്കില്‍ അന്നമിറങ്ങാത്ത ആരോമലുണ്ണികളുടേതല്ല ആ ജന്മം. എല്ലുമുറിയെ പണിയെടുത്ത് കുടുംബം പോറ്റുന്ന അഞ്ചുവയസ്സുകാരന്‍, ആറും ഏഴും ഇഷ്ടികകള്‍ നെഞ്ചത്തടുക്കിപ്പിടിച്ച് തിളക്കുന്ന വെയിലില്‍ വേച്ചുവേച്ചു നടക്കുന്ന നിത്യക്കാഴ്ചകളുടെ ജീവിതം. അതിനുള്ളില്‍ നിന്നൂരിയെടുത്താണ് ആ അമ്മമാര്‍, കവിളത്തൊരു കണ്ണീരുമ്മ നല്‍കി തങ്കക്കിനാക്കളുമായി സ്വന്തം മക്കളെ മനുഷ്യപ്പറ്റുള്ളവര്‍ ഏറെയുണ്ടെന്ന് കരുതിയ മലയാളക്കരയിലേക്ക് പറഞ്ഞുവിട്ടത്. പക്ഷേ, ദയയും ദസാബും ജന്മത്തിലില്ലാത്തവര്‍ ആ ബാല്യങ്ങളെ നിഷ്‌കരുണം ആട്ടിപ്പായിച്ച് പെരുവഴിയില്‍ തള്ളി. അസ്സല്‍ പൊലീസ്മുറ. യഥാര്‍ത്ഥ 'മാധ്യമശക്തി'. പടികടന്നുവരുന്ന ഭിക്ഷക്കാരനെ പട്ടിയെ വിട്ടു കടിപ്പിക്കുന്നവരില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതേ ഇവിടെയും സംഭവിച്ചുള്ളു.
ഝാര്‍ഖണ്ഡിലെയും ബീഹാറിലെയും ബംഗാളിലെയും അമ്മമാര്‍ക്കിത് വേഗം മനസ്സിലാകും. അളവറ്റ സമ്പത്തുകൊണ്ട് അര്‍മാദിക്കുന്ന തമ്പ്രാക്കന്‍മാരുടെ ഊട്ടുപുരകള്‍ക്കുമുന്നില്‍ പട്ടിണികിടന്നു മരിച്ച രക്തബന്ധത്തിന്റെ ഓര്‍മയുണ്ടവര്‍ക്ക്.

ജീവിതത്തിലെ അഭിമാനം തോന്നിയ ഏതോ ഒരു നിമിഷത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു നടന്നുപോയ ഒരൊറ്റക്കാരണത്താല്‍ നാടുവാഴിയുടെ കിങ്കരന്‍മാര്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി തല്ലിക്കൊന്ന കൂടപ്പിറപ്പിന്റെ അവസാനത്തെ നിലവിളി ഇപ്പോഴും അവരുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. ആ കുരുതികള്‍ ആവര്‍ത്തിക്കുന്നുമുണ്ട്. കുട്ടികള്‍ അമ്മമാര്‍ക്കൊപ്പമാണ് കഴിയേണ്ടതെന്ന് ഒരു യൂണിസെഫും പറഞ്ഞുകൊടുക്കാതെ അറിയുന്ന ആ മാതാപിതാക്കള്‍ മക്കളെ പിരിഞ്ഞിരിക്കാന്‍ ആഗ്രഹിച്ചിട്ടുമുണ്ടാവില്ല. പക്ഷേ കൊടുംപട്ടിണിയുടെ ഇരുട്ടില്‍ നിന്ന്, വര്‍ഗീയ കലാപങ്ങളുടെയും ജാതിപ്പിശാചിന്റെയും ഭൂസ്വാമിമാരുടെയും പൊലീസ് ഭീകരതയുടെയും തീക്കുണ്ഡങ്ങളില്‍ നിന്ന്, ഭരണകൂടങ്ങളുടെ നിഷ്ഠൂരമായ അവഗണനയില്‍ നിന്ന് തങ്ങളുടെ മക്കളെങ്കിലും രക്ഷപ്പെടട്ടേ എന്ന് ആശിക്കാത്ത ഒരമ്മയുമുണ്ടാവില്ല. അപ്പോഴാണ് ഝാര്‍ഖണ്ഡില്‍ നിന്നുള്ള തീവണ്ടിയില്‍ ഇത്രയുംപേര്‍ തിക്കിത്തിരക്കി കയറുക; രക്ഷയുടെയും അഭയത്തിന്റെയും കമ്പാര്‍ട്ടുമെന്റുകള്‍ തിരയുക. വാവിട്ടു നിലവിളിച്ചുകൊണ്ടല്ല മക്കളെ യാത്രയാക്കാന്‍ ആ മാതാപിതാക്കള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. തല്‍ക്കാലം പിരിഞ്ഞിരിക്കുന്നതിന്റെ വേദനക്കുള്ളിലും ഒരു ലക്ഷ്യ സാക്ഷാത്കാരത്തിന്റെ സംതൃപ്തിയായിരുന്നു ആ മുഖങ്ങളില്‍.


അറിവും അഭയവും പരിചരണവും കിട്ടുന്നിടം തേടിയാണ് കുട്ടികള്‍ പോയത്. അവഗണനയും വിവേചനവുമില്ലാതെ അധഃസ്ഥിത ജനതയെ പരിചരിക്കാന്‍ ത്രാണിയുള്ള ഭരണകൂടമുണ്ടായിരുന്നെങ്കില്‍ ഒരു കുഞ്ഞും എവിടേക്കും പോവില്ലായിരുന്നു. അനാഥ സംരക്ഷണത്തിന് 'മനുഷ്യക്കട'ത്തിന്റെ കുപ്പായമിടുന്നവര്‍ക്കു തന്നെ അത് സമ്മതിക്കേണ്ടി വരുന്നു. 'കൊടിയ ദാരിദ്ര്യം മുതലെടുത്താണ് കുട്ടികളെ പുറത്തേക്കു കടത്തുന്നതെന്ന്' ഝാര്‍ഖണ്ഡിലെ ബസന്ത്‌റായ് ഗ്രാമത്തില്‍ ചെന്ന് ഒരു പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. 'കുട്ടികളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാമെന്ന്' വിശ്വസിപ്പിച്ചാണ് കൊണ്ടുപോയത്. 'വര്‍ഗീയ ലഹളകളും ക്രമസമാധാനത്തകര്‍ച്ചയും നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികളാണ് വലയിലാവുന്നത്. കലാപം ഛിന്നഭിന്നമാക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍'. കേരളത്തിലെ അനാഥശാലകളിലേക്ക് കടത്തിക്കൊണ്ടു വന്നു എന്ന് ആരോപിക്കപ്പെടുന്ന കുട്ടികളുടെ ജീവിത ചിത്രമാണിത്.


നിത്യദാരിദ്ര്യത്തില്‍ മുങ്ങിയും വര്‍ഗീയ കലാപങ്ങളുടെ തീനാളങ്ങളിലുരുകിയും കഴിയുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് ഏതെങ്കിലും അനാഥശാലയിലോ അഗതിമന്ദിരങ്ങളിലോ ഉള്ള അഭയവും അന്നവും അറിവും വേണ്ടെന്നുവെക്കാം. നിയമത്തിനും വ്യവസ്ഥിതിക്കും വിഷം നുരയുന്ന മനസ്സുകള്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ രാജ്യത്തിന്റെ കണക്കെടുപ്പില്‍ വെറും ഏഴകളായവര്‍ക്ക് എന്തു ചെയ്യാനാവും.


പക്ഷേ, ഇതിനുപകരം ഝാര്‍ഖണ്ഡ് സര്‍ക്കാരും സംഘ്പരിവാറും സമാചാരശിങ്കങ്ങളും ഈ കുഞ്ഞുങ്ങള്‍ക്കു വെച്ചു നീട്ടുന്ന പാല്‍പ്പായസം ഏതാണ്? ഝാര്‍ഖണ്ഡിലും ബീഹാറിലും ബംഗാളിലുമുള്ള കുപ്പത്തൊട്ടികളോ? തന്നിലും താഴ്ന്നവന് ഒരു പുഴുവിന്റെ വിലപോലും കല്‍പ്പിക്കാത്ത അതിമാനുഷര്‍ അധിവസിക്കുന്ന വന്‍ നഗരങ്ങളിലെ എച്ചില്‍കൂനകളോ? കൊല്‍ക്കത്തയിലും മുംബൈയിലും ചായം തേച്ച് കാത്തിരിക്കുന്ന ചുവന്ന തെരുവുകളോ?


ഉത്തര, പൂര്‍വേന്ത്യന്‍ നഗരങ്ങളിലെ ദരിദ്ര ബാല്യങ്ങള്‍ സുരക്ഷിത ജീവിതത്തിലേക്കു പോവുന്നു എന്നു കേട്ടപ്പോഴേക്ക് ഹാലിളകി പിന്നാലെ കൂടിയതിന്റെ അണിയറയിലാരാണ്? വില്‍പനച്ചരക്ക് കൈവിട്ടുപോകുന്ന കച്ചവടക്കാരന്റെ വെപ്രാളമാണ് കേസ് ഫയലില്‍ കണ്ടത്. 'മനുഷ്യക്കടത്തി' ന്റെ ചാക്കുകെട്ടുകള്‍ തിരയേണ്ടത് യതീംഖാനകളുടെ അട്ടത്തല്ല, അനാഥ സംരക്ഷണത്തിനായി ആയുസ് തീര്‍ക്കുന്ന മഹാത്യാഗികളുടെ ഉമ്മറപ്പടിയിലുമല്ല; അടിമക്കച്ചവടം ചെയ്ത് ശീലമുള്ളവരുടെ സ്വീകരണമുറികളിലാണ്.


കലാപങ്ങളുണ്ടാക്കുന്നതില്‍ പോലും കച്ചവട താല്‍പര്യം വിയര്‍ത്തു പണിയെടുക്കുമ്പോള്‍ അതിന്റെ ഉല്‍പന്നമായ അനാഥ ബാല്യങ്ങളുടെ വിപണി മൂല്യം എത്രയെന്ന് ആര്‍ക്കും പിടികിട്ടും. ഗോധ്രയും നരോദാപാട്യയും മുസഫര്‍നഗറും മാള്‍ഡയും ഭഗല്‍പൂരും ഭീവണ്ടിയും ജംഷഡ്പൂരുമെല്ലാം കലാപങ്ങളിലൂടെ ഉല്‍പാദിപ്പിച്ച ഇത്തരം പതിനായിരക്കണക്കിനു കച്ചവടച്ചരക്കുകളുണ്ട്. വൃക്ക വ്യാപാരികളും ലൈംഗിക വ്യാപാര, ഭിക്ഷാടന മാഫിയകളും വര്‍ഗീയ, ഭീകരവാദ സംഘങ്ങളുമെല്ലാം ഭാഗിച്ചെടുത്തു ആ കുരുന്നുകളെ.


സ്വന്തം മക്കള്‍ക്കും പൗത്രപരമ്പരകള്‍ക്കുമായി ഭൂമിയില്‍ കെട്ടിപ്പൊക്കുന്ന പറുദീസയുടെ ചവിട്ടുപടികളില്‍ കുരുതിപ്പൂക്കളായി വെട്ടിപ്പാര്‍ന്നത് കലാപഭൂമികളിലെ പട്ടിണിപ്പാവങ്ങളുടെ പ്രാണനായിരുന്ന മക്കളെയാണ്.
അധികാരകേന്ദ്രങ്ങളെ അരിയിട്ടു വാഴിക്കുന്ന എണ്ണമറ്റ മാഫിയകളുടെ കച്ചവടച്ചരക്കിലാണ് മനുഷ്യപ്പറ്റിന്റെ പേരിലാണെങ്കിലും അനാഥശാലകളും ജീവകാരുണ്യപ്രവര്‍ത്തകരും കൈവെച്ചത്. അടങ്ങിയിരിക്കുമോ പിന്നെ മനുഷ്യക്കച്ചവടക്കാര്‍. തെരുവിലലയുന്നവരെ പിടിച്ചുകൊണ്ടുപോയി കുളിപ്പിച്ചു പുത്തനണിയിച്ച്, വിദ്യാഭ്യാസവും ജീവിതവും കൊടുത്ത് മനുഷ്യനാക്കി മാറ്റിയാല്‍ പിന്നെ ഇടപാട് സാധനം തേടി ഇന്ത്യ വിടേണ്ടി വരും മാഫിയകള്‍ക്ക്.


എല്ലാ അധികാര കേന്ദ്രങ്ങളുടെയും അകത്തള വിശേഷമാണ് മേപ്പടി അധോലോകം. ജനാധിപത്യത്തിന്റെ തൂണുകളിലെല്ലാം നിര്‍ഭയം, നിര്‍ലജ്ജം മുദ്രപതിക്കാന്‍ അധികാരമുള്ളവര്‍. അതുകൊണ്ട് ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്കു കുട്ടികള്‍ പഠിക്കാന്‍ വരുന്നത് മനുഷ്യക്കടത്താണെന്ന് ഒരു മാധ്യമം പറഞ്ഞാല്‍ എല്ലാ മാധ്യമങ്ങള്‍ക്കും പറയേണ്ടിവരും. അത് 'വലിയ മൂപ്പരുടെ' കല്‍പനയാണെന്ന് അതിവേഗം വിവരമെത്തും. അപ്പോള്‍ എല്ലാവരും ഏറ്റുപറയും. ജനാധിപത്യത്തിലെ നാലാം തൂണ് നിശ്ചയിക്കും. മറ്റു തൂണുകള്‍ തുണപോകും. അതാണ് 'നീയേ തുണ'.


ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ അടിമക്കച്ചവടത്തെ 'ഉരുട്ടാന്‍' വെച്ച 370 കൊണ്ടാണ് അനാഥ സംരക്ഷണത്തിനു നേരെ 'ഉലക്ക' പ്രയോഗിക്കാന്‍ മാതൃകാ പൊലീസ് സ്റ്റേഷനുകളുള്ള കേരളത്തിലെ ഒരു 'ഡി.ഐ.ജി' തീരുമാനിച്ചത്. 'അടിമ'യാക്കാന്‍ വേണ്ടി നടത്തുന്ന കച്ചവടം എന്ന് അച്ചട്ടായി പറയുന്ന ഏര്‍പ്പാട്. അതിനുള്ള ശിക്ഷ ഏഴു വര്‍ഷം തടവ്. കേരളത്തിലെ ഏതെങ്കിലും അനാഥ ശാലകളിലേക്കു കൊണ്ടുവന്ന കുട്ടികള്‍, എവിടെയെങ്കിലും അടിമവൃത്തിയിലേര്‍പ്പെട്ടതായി ഒരു കടലാസ് പോലും ഹാജരാക്കാനാവില്ല. യതീംഖാനകളുടെ അടുക്കളയില്‍ തീയുന്താനോ പാത്രം കഴുകാനോ മുറ്റമടിക്കാനോ പോലും അനാഥ കുട്ടികളെ ഉപയോഗിക്കുന്നതായി ഒരു കുനുഷ്ഠനും കണ്ടെത്താനുമായിട്ടില്ല. 'ഭക്തി' പോലും അടിമ വ്യവസായമായി മാറിയ നാട്ടിലാണീ നന്മയെന്നോര്‍ക്കണം.


സര്‍വീസില്‍ പ്രവേശിച്ച അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ ഭേദപ്പെട്ട റാങ്കിലെത്തുന്നതുവരെ മേലധികാരികള്‍ക്ക് ദാസ്യവൃത്തി ചെയ്യേണ്ടത് ഡ്യൂട്ടിയുടെ ഭാഗമാണെന്നു വിശ്വസിക്കുന്ന ഒരു വകുപ്പിലുള്ളവര്‍ക്ക് എല്ലാ സേവനവും അടിമ വേലയായി തോന്നുക സ്വാഭാവികം.


കണ്ണു കുത്തിപ്പൊട്ടിച്ചും ദേഹമാസകലം പൊള്ളിച്ചും ഭിക്ഷാടന മാഫിയ കൂട്ടത്തോടെ കുഞ്ഞുങ്ങളെ കൊണ്ടുവന്ന് റെയില്‍വെ സ്റ്റേഷനില്‍ തട്ടുമ്പോള്‍ തോന്നാത്ത രോഷമാണ് അനാഥശാലകളുടെ കാര്യത്തില്‍ കാക്കിയണിഞ്ഞുതുള്ളുന്നത്. വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം, രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന ഭരണഘടനാ ലംഘകരെ കയ്യാമം വെക്കേണ്ടവര്‍ സംഘ് പരിവാറിന്റെ നോട്ടീസുമായി നടക്കുന്നത് നാണക്കേടാണ്. കേരളത്തിലെ ഏതെങ്കിലുമൊരു അനാഥശാലയുടെ സന്തതി തീവ്രവാദിയോ കള്ളക്കടത്തുകാരനോ നിയമലംഘകനോ ആയത് ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ മിണ്ടാട്ടം മുട്ടും ഈ കുഴലൂത്തുകാര്‍ക്ക്.


മതപരിവര്‍ത്തനത്തിനാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് ഒരു ഗവേഷണം. ഒരു മതത്തില്‍ നിന്ന് അതേ മതത്തിലേക്കു തന്നെ മാറാന്‍ ഝാര്‍ഖണ്ഡില്‍ നിന്ന് തീവണ്ടി കയറുന്നവരെ സമ്മതിക്കണം. തട്ടിപ്പു നടത്താനായിരുന്നുവെങ്കില്‍ പൊലീസ് വരുവോളം കാത്ത് നില്‍ക്കാതെ ഓടിരക്ഷപ്പെടുമായിരുന്നില്ലേ കൂടെ വന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് എന്ന സാമാന്യചോദ്യം പോലുമുയരില്ല വിഷയം യതീംഖാനയാകുമ്പോള്‍.
കുട്ടികളെ ഇങ്ങോട്ടു കൊണ്ടുവരുന്നതിനു പകരം അവിടെ പോയി യതീംഖാന നടത്തിക്കൂടെ എന്നാണ് വളരെ 'ബുദ്ധി'പരമായ ഒരു ചോദ്യം? പള്ളി പൊളിക്കാന്‍ മടിയില്ലാത്തവരുടെ നടുവില്‍ യതീംഖാനക്കു കുറ്റിയടിച്ചാല്‍ പിറ്റേന്നു ആ കുറ്റി പറിച്ച് കോല് കളിക്കുമെന്ന് അറിയാഞ്ഞിട്ടാവും. കേരളത്തിലെ പഠനവും അഭയവും വിലക്കി കലാപത്തിന്റെ മണ്ണിലേക്കുതന്നെ തിരികൊണ്ടുപോകുന്ന കുട്ടികള്‍ക്കു വേണ്ടി എന്തു ചെയ്തു കൊടുക്കുമെന്ന് പോലും ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെയും മനുഷ്യവാകാശത്തിന്റെയും പൊലീസിന്റെയും വേഷം ധരിച്ചെത്തിയവരാരും മിണ്ടിയിട്ടില്ല. പട്ടിണി കിടന്ന് മരിച്ചാലും വേണ്ടില്ല ഒരു ജനത രക്ഷപ്പെടരുത് എന്നവാശി മാത്രം.


മറുനാടുകളില്‍ ഗതിയില്ലാതുഴലുന്ന അനാഥകളെ തേടി കേരളത്തിലെ യതീംഖാന കമ്മിറ്റികള്‍ പോകുന്നുവെങ്കില്‍ അതൊരു കടം വീട്ടല്‍ മാത്രമാണ്. നൂറ്റാണ്ട് പഴക്കം വരുന്ന പ്രത്യുപകാരം. 1921ലെ മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷ് സൈന്യവും അവരുടെ ഷൂ പോളിഷുകാരായ ജന്മിവര്‍ഗവും ചേര്‍ന്ന് ചവച്ചു തുപ്പിയ അനാഥകള്‍ക്ക് ഒരു കൂടാരമൊരുക്കാന്‍ പഞ്ചാബില്‍ നിന്നാണ് ഖസൂരി സഹോദരന്‍മാര്‍ വന്നത്. മലബാറിലെ മാപ്പിള ജീവിതം മുങ്ങിത്താഴുന്ന കണ്ണീര്‍ കടലിനെ കുറിച്ച് പഞ്ചാബ് മുസ്‌ലിംലീഗിന്റെ മുഖപത്രമായിരുന്ന സെമീന്ദാറില്‍ പത്രാധിപരും മുസ്‌ലിംലീഗ് പ്രവിശ്യാ പ്രസിഡന്റുമായിരുന്ന മൗലാനാ സഫറലി ഖാന്‍ ബഹദൂര്‍ എഴുതിയ ലേഖന പരമ്പര ഉത്തര, പൂര്‍വേന്ത്യന്‍ സമൂഹത്തിന്റെ നെഞ്ചില്‍ ചെന്നു തറച്ചു.


പിതാവിന്റെ ഉപദേശപ്രകാരം മൊഹ്‌യുദ്ദീന്‍ അഹമ്മദ് ഖസൂരിയും അബ്ദുല്‍ഖാദര്‍ ഖസൂരിയും യാത്രതിരിച്ചു. പട്ടിണിയും പകര്‍ച്ചവ്യാധിയും ആളിപ്പടരുന്ന മലബാറിന്റെ കാഴ്ചകള്‍ മനസ്സുലക്കുന്നതായിരുന്നു. കൊന്നൊടുക്കിയും ജയിലിലടച്ചും കുടുംബനാഥന്‍മാര്‍ വേര്‍പെട്ട് പെരുവഴിയിലലയുന്ന പതിനായിരക്കണക്കിനു യതീമുകള്‍. അവര്‍ക്കായി മടിശ്ശീല ചൊരിഞ്ഞു ഉത്തരേന്ത്യന്‍ മുസ്‌ലിം മനസ്സ്. കേരളത്തിലെ ആദ്യത്തെ അനാഥശാലയുയര്‍ന്നു. കോഴിക്കോട്ട്. 1922ല്‍ ജെ.ഡി.റ്റി ഇസ്‌ലാം. 1943ലെ കോളറയുടെ കൊടുങ്കാറ്റില്‍ നിന്ന് തിരൂരങ്ങാടി യതീംഖാന ജനിച്ചു. എം.കെ. ഹാജിയും സംഘവും അതിനായി ജീവിതം പകരം വെച്ചു. പിന്നെ അനാഥശാലകള്‍ ഒന്നൊന്നായുയര്‍ന്നു. ആ മനുഷ്യസ്‌നേഹ പരമ്പരയിലെ നക്ഷത്രത്തിളക്കമുള്ള ത്യാഗമുദ്രയാണ് മുക്കം മുസ്‌ലിം യതീംഖാന. അവര്‍ അന്യായം പ്രവര്‍ത്തിക്കില്ലെന്ന് കേരളത്തിനറിയാം. ഐ.എ.എസുകാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അധ്യാപകരും ഉദ്യോഗസ്ഥരുമാണ് കേരളത്തിലെ യതീംഖാനകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഒരൊറ്റ രാജ്യദ്രോഹിയെയും മഷിയിട്ടു നോക്കിയാലും കാണില്ല ഈ യതീംഖാനകളിലെ അന്തേവാസി പട്ടികയില്‍. വഴിവിട്ടു നേടിയ ഒരു മുക്കാലും അവരുടെ ഖജാനയിലില്ല. ഇക്കാര്യം തിരിച്ചറിയുന്നതുകൊണ്ടാണ് കേരളത്തിലെ സര്‍ക്കാരും മുഖ്യമന്ത്രിയും മുസ്‌ലിംലീഗും ഇത് മനുഷ്യക്കടത്തല്ലെന്ന് ഉറക്കെ വിളിച്ചു പറയുന്നത്.


മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിഞ്ഞ മഹാജീവിതങ്ങളുടെ ഹൃദയമാണ് യതീംഖാനകളില്‍ സ്പന്ദിക്കുന്നത്. ആ മനുഷ്യസ്‌നേഹത്തെ അസഹിഷ്ണുതയുടെ മണിച്ചിത്രത്താഴിട്ട് പൂട്ടാമെന്ന മോഹവും വേണ്ട-- സി.പി. സൈതലവി(ചന്ദ്രിക)