റമളാൻ; ആത്മഹര്‍ഷത്തിന്റെ നാളുകള്‍ വരവായി..

വിശുദ്ധ ഖുര്‍ആനിന്റെ അവതരണം അനുഗൃഹീതമാക്കിയ വിധി നിര്‍ണ്ണായക രാത്രിയുമായി റമസാന്‍ വരവായി. നാടും വീടും മസ്ജിദും അതിനെ പ്രതിനിധീകരിക്കുന്ന ആബാലവൃദ്ധ ജനങ്ങളും ഈ പുണ്യമാസത്തെ സല്‍കര്‍മ്മങ്ങളുടെ പൂക്കാലമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്. നാടെങ്ങും വ്രതശുദ്ധിയുടെ ലോകം കെട്ടിപ്പടുക്കാന്‍ ആത്മഹര്‍ഷം പകരുന്ന നാളുകള്‍ വന്നെത്തിയിരിക്കുന്നു. വ്രതത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യരില്‍ തഖ്‌വ (ഭക്തി) യുണ്ടാക്കലാണെന്ന് ഖുര്‍ആന്‍ പറയുന്നു.
മുസ്‌ലിം വര്‍ഷമായ ഹിജ്‌റ:യില്‍ ഒമ്പതാം മാസം പിറക്കുന്നതോടെ ലോകമെമ്പാടുമുള്ള നൂറ്റി ഇരുപത്തഞ്ച് കോടിയില്‍പരം മുസ്‌ലിംകള്‍ക്ക് വ്രതാനുഷ്ഠാനമാകും. ഉപവാസവും ഉപാസനയുമായി ഒരു മാസക്കാലം അവര്‍ ഏക ദൈവത്തോട് അടുക്കുന്നു. അല്ലാഹു അവന്റെ അടിയാര്‍കള്‍ക്ക് അളവറ്റ അനുഗ്രഹങ്ങളാണ് കനിഞ്ഞരുളിയിട്ടുള്ളത്. അതില്‍ പ്രധാനമാണ് ഖുര്‍ആനിന്റെ അവതരണം. ഖുര്‍ആന്‍ പറയുന്നു: 'മനുഷ്യരാശിക്ക് മാര്‍ഗദര്‍ശകമായി സത്യാസത്യ വിവേചനത്തിന്റെയും സന്മാര്‍ഗത്തിന്റെയും വ്യക്തമായ തെളിവുകളോടെ ഖുര്‍ആന്‍ അവതരിച്ചത് റമസാനിലാകുന്നു. നിങ്ങളുടെ കൂട്ടത്തില്‍ ആ മാസം സന്നിഹിതരായവരെല്ലാം നോമ്പനുഷ്ഠിക്കട്ടെ.' (2-185).
അതി പുരാതന കാലം മുതലേ ജനങ്ങളില്‍ ഏതെങ്കിലുമൊരു രീതിയില്‍ വ്രതാനുഷ്ഠാനം നിലനിന്നിരുന്നു. പ്രാചീന ചൈനയിലും ഭാരതത്തിലും വ്രതം ഒരു ആരാധനയായിരുന്നു. ഗ്രീക്ക് സംസ്‌കാരത്തില്‍ വ്രതം മൗനം പാലിച്ചുകൊണ്ടായിരുന്നു അനുഷ്ഠിച്ചിരുന്നത്. വേദഗ്രന്ഥങ്ങളായ പഴയ നിയമത്തിലും പുതിയ നിയമത്തിലും വ്രതം സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. സീനാ പര്‍വ്വതത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നാല്‍പത് ദിവസം മൂസാനബി (അ) നോമ്പനുഷ്ഠിച്ചതായി ഖുര്‍ആന്‍ പറയുന്നു.
'വിശ്വാസികളെ!! നിങ്ങള്‍ക്ക് മുമ്പുള്ള സമൂഹങ്ങളില്‍ വ്രതം നിര്‍ബന്ധമാക്കിയ പ്രകാരം നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയോടെ ജീവിക്കാന്‍ വേണ്ടി.' (ഖു. 2-183).

ഹി: രണ്ടാം വര്‍ഷത്തിലാണ് വ്രതം നിര്‍ബന്ധമാക്കിയത്. ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തേതാണിത്. സൂക്ഷ്മതയോടെ നോമ്പനുഷ്ഠിക്കുന്ന വിശ്വാസിക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ അനവധിയാണ്. നബി (സ) പറയുന്നു: എല്ലാ സല്‍പ്രവര്‍ത്തനങ്ങള്‍ക്കും പത്ത് മുതല്‍ എഴുനൂറുവരെ പ്രതിഫലം ലഭിക്കപ്പെടുന്നു നോമ്പ് ഒഴികെ. അല്ലാഹു പറയുന്നു: നോമ്പ് എനിക്കുള്ളതാണ്. ഞാനതിന്ന് പ്രതിഫലം കൊടുക്കും. എനിക്കുവേണ്ടി മനുഷ്യര്‍ അന്ന പാനീയങ്ങളും സുഖഭോഗങ്ങളും ഉപേക്ഷിച്ചിരിക്കുന്നു. നോമ്പുകാരന്ന് രണ്ട് സന്തോഷ ഘട്ടങ്ങളുണ്ട്. ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് പരലോകത്ത് അല്ലാഹുവിനെ കാണുമ്പോഴും. അവന്റെ വായയുടെ വാസന അല്ലാഹുവിന്റടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായിരിക്കും.' (മുസ്‌ലിം). നോമ്പ് വളരെ പ്രധാനപ്പെട്ടതും പ്രതിഫലമുള്ളതുമായ ഒരു സല്‍കര്‍മ്മമാണ്. എല്ലാ സല്‍കര്‍മ്മങ്ങള്‍ക്കും പത്ത് മുതല്‍ എഴുനൂറ് ഇരട്ടി പ്രതിഫലം ലഭിക്കും. എന്നാല്‍ നോമ്പിന് അതിനേക്കാള്‍ എത്രയോ ഉന്നതമായ പ്രതിഫലമാണുള്ളത്. അതെനിക്കുള്ളതാണ്. ഞാനതിന് പ്രതിഫലം നല്‍കുമെന്നുള്ള അല്ലാഹുവിന്റെ വാക്ക് അതിന്റെ മഹത്വവും ശ്രേഷ്ഠതയും വ്യക്തമാക്കുന്നു. നോമ്പെടുത്തവര്‍ ഭക്ഷണം കഴിക്കാത്തതുകൊണ്ട് വായക്ക് അല്‍പം അരുചിയും വാസനയും ഉണ്ടാകാറുണ്ട്. അതില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. പുനരുന്ഥാന ദിനം അവരുടെ വായ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായിരിക്കും. നബി (സ) പറയുന്നു: സ്വര്‍ഗത്തിന് 'റയ്യാന്‍' എന്ന പേരില്‍ ഒരു കവാടമുണ്ട്. പുനരുന്ഥാന ദിനം അതിലൂടെയാണ് നോമ്പുകാരന്‍ പ്രവേശിക്കുക. അതിലൂടെ അവരോടൊപ്പം വേറെ യാതൊരാളും പ്രവേശിക്കുകയില്ല. നോമ്പുകാര്‍ എവിടെ എന്ന് വിളിച്ച് ചോദിക്കുമ്പോള്‍ അവര്‍ അതില്‍കൂടി പ്രവേശിക്കുന്നതായിരിക്കും. അവര്‍ മുഴുവന്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഉടന്‍ ആ വാതില്‍ അടക്കപ്പെടും. പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല.' (മുസ്‌ലിം).


നോമ്പിന്റെ പേരില്‍ വിശപ്പും ദാഹവുമല്ലാതെ മറ്റൊരു ഫലവും ചെയ്യാത്ത എത്രയോ നോമ്പുകാരുണ്ടെന്ന് നബി (സ) പറയുന്നു. 'നൈതിക മൂല്യങ്ങള്‍ നിരാകരിക്കുന്ന കപട നോമ്പുകാരാണവര്‍. ആത്മസംസ്‌കരണത്തിന്റെ അനിര്‍വചനീയ മേഖലകളായിരിക്കണം നോമ്പുകാരന്റെ വിഹാരവേദി. ആത്മനിയന്ത്രണമാണ് ദോഷം ചെയ്യാതിരിക്കാനുള്ള കവചം. നോമ്പ് ഒരു കവചമാണെന്ന് പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നു.


സദാ സമയവും ദൈവ ചിന്തയില്‍ മുഴുകുന്ന നോമ്പുകാരന് ശരീരേച്ഛകള്‍ക്ക് വിധേയമായി തിന്മ ചെയ്യാന്‍ സാധ്യമല്ല. ആത്മ പരിശീലനം സാധിക്കുന്നു. കോപം, അസൂയ, പരദൂഷണം, ഏഷണി, അഹംഭാവം തുടങ്ങിയ മലിന സ്വഭാവങ്ങളില്‍നിന്നും അകലുന്നു. ക്ഷമയും സല്‍സ്വഭാവവും പ്രകടമാക്കുന്നു. സല്‍കര്‍മ്മങ്ങളായ ഖുര്‍ആന്‍ പാരായണം ദിക്‌റ്, സ്വലാത്ത്, ഖിയാമുല്ലൈലു, ഇഅ്തികാഫ് തുടങ്ങിയ ആരാധനകളില്‍ മുഴുകുന്നു. അല്ലാഹുവിന്റെ നിയമമനുസരിച്ച് ജീവിതം രൂപപ്പെടുത്താനുള്ള പരിശീലനമാണിത്. ദൈവ ചിന്തയില്‍ സദാ സമയവും കഴിയുന്ന നോമ്പുകാരന്ന് ആത്മീയോല്‍ക്കര്‍ഷത്തിന്റെ അവാച്യമായ അനുഭൂതിയാണ് ലഭിക്കുന്നത്.


ആത്മഹര്‍ഷത്തിന്റെ നാളുകളാണ് റമസാന്‍. പുണ്യങ്ങളുടെ പൂക്കാലം. നബി (സ) പറയുന്നു: കുറ്റകരമായ സംസാരങ്ങളും അസഭ്യങ്ങളും ഉപേക്ഷിക്കാത്തവന്‍ നോമ്പിന്റെ പേരില്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു താല്‍പര്യവുമില്ല.' (ബുഖാരി). വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച രാത്രിയുടെ പേര് ലൈലത്തുല്‍ ഖദുറു. ഇത് റമസാനിലാണ്. ഏത് രാത്രിയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും റമസാനിലെ അവസാനത്തെ പത്തിലെ ഒറ്റയായിവരുന്ന രാവിലാണെന്ന് ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ രാത്രിക്ക് ആയിരം മാസത്തേക്കാള്‍ പവിത്രതയുണ്ടെന്ന് ഖുര്‍ആന്‍ 97ാം അധ്യായത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.


സല്‍കര്‍മ്മങ്ങളെക്കൊണ്ട് ഈ രാത്രി ധന്യമാക്കിയാല്‍ തീര്‍ച്ചയായും ലൈലത്തുല്‍ ഖദ്‌റു ലഭിക്കും. തഖ്‌വയുടെ വസന്തം പുഷ്പിതമാവുന്നത് ലൈലത്തുല്‍ ഖദ്‌റിലാണ്. എണ്‍പത്തിമൂന്ന് വര്‍ഷത്തെ ആരാധനയുടെ മൂല്യമുള്ള ആ രാവ് ജീവിതത്തില്‍ ധന്യമാക്കിയവന്ന് നൂറ്റാണ്ടുകള്‍ ആരാധന നടത്തുന്ന പുണ്യമാണ് ലഭിക്കുക. ഈ രാത്രി അല്ലാഹു രഹസ്യമാക്കിയിരിക്കുന്നു. എല്ലാവര്‍ക്കുമത് ആഗ്രഹിക്കാം. ഇമാം റാസി പറയുന്നു: അല്ലാഹുവിന്റെ കോപം രഹസ്യമാണ്. നാമതിനെ പേടിക്കുന്നു. പ്രാര്‍ത്ഥനയുടെ ഉത്തരം രഹസ്യമാണ്. നാമതിനെ വര്‍ധിപ്പിക്കുന്നു. ഉത്തരം പ്രതീക്ഷിക്കുന്നു. പാപമോചനം രഹസ്യമാണ്. അതിന്ന് നിരന്തരം നാം പ്രാര്‍ത്ഥിക്കുന്നു. പ്രവര്‍ത്തിക്കുന്നു. മരണം രഹസ്യമാണ്. എപ്പോഴും നാമതിനെ പ്രതീക്ഷിക്കുന്നു. റമസാനിലെ ദിനരാത്രങ്ങളെ ആരാധനയുടെ വസന്തമാക്കി മാറ്റാന്‍ ലൈലത്തുല്‍ ഖദ്‌റ് അല്ലാഹു ഗോപ്യമാക്കി വെച്ചു.' (തഫ്‌സീര്‍ റാസി).


ഹ: ഇബ്‌നു അബ്ബാസ് പറഞ്ഞത് ഇമാം റാസി എടുത്തുദ്ധരിക്കുന്നു. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട എണ്ണം ഒറ്റയാണ്. ഒറ്റയില്‍ ഇഷ്ടം ഏഴിനാണ്. ആഴ്ചയില്‍ ഏഴു ദിവസം. ആകാശം ഏഴ്. ഭൂമി ഏഴ്. വന്‍കര ഏഴ്. നരകത്തിന്റെ തട്ട് ഏഴ്. തവാഫ് ഏഴ്. ഖദ്‌റിന്റെ രാവ് അവസാനത്തെ പത്തിലെ ഏഴാമത്തെ രാത്രി. 'ലൈലത്തുല്‍ ഖദ്‌റു ഒമ്പതക്ഷരമാണ്. അതിനെ മൂന്നുകൊണ്ട് ഗുണിച്ചാല്‍ ഇരുപത്തേഴ് ആകും. തൊണ്ണൂറ്റി ഏഴാം അധ്യായത്തില്‍ ലൈലത്തുല്‍ ഖദ്‌റ് മൂന്ന് പ്രാവശ്യമാണ് ആവര്‍ത്തിച്ചിട്ടുള്ളത്. (റാസി).