നിരപരാധികളെ വേട്ടയാടുന്നതിന് പകരം കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം- ശൈഖുനാ കോട്ടുമല

മലപ്പുറം: വഖ്ഫ് ബോര്‍ഡ് ഓഫീസില്‍ നിന്നും തച്ചണ്ണ മഹല്ലിലേക്ക് പരിശോധനക്കയച്ച ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ച കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണമെന്നും സാമൂഹ്യ ദ്രോഹികളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി നിരപരാധികളെ വേട്ടുയാടുന്നതില്‍ നിന്ന് പോലീസ് പിന്തിരിയണമെന്നും സമസ്ത സെക്രട്ടറി ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.
രാഷ്ട്രീയ സ്വാധീനവും ഗുണ്ടായിസവും നടത്തി മഹല്ലുകളിലെ പ്രവര്‍ത്തനത്തെ ഇല്ലാതെയാക്കുന്ന തല്‍പര കക്ഷികള്‍ക്ക് കൂട്ടു നില്‍ക്കുന്നവര്‍ കനത്ത വില നല്‍കേണ്ടി വരും. നിരപരാധിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചവശാരാക്കിയര്‍ അധികാരികളുടെ മൂക്കിന് മുമ്പിലൂടെ വിലസിയിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും നടപടി സ്വീകരിക്കാതിരിക്കുന്നതും ജനാധിപത്യ ഭരണത്തിലിരിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ല.
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അധികാരത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരണം. തച്ചണ്ണയില്‍ സംഭവിച്ചത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണം. പ്രതികളെ മാതൃകപരമായി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പകരം നിരപരാധികളെ വേട്ടയാടാനാണ് ഇനിയും ശ്രമിക്കുന്നതെങ്കില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.