ടോണി ബ്ലെയര്‍ എന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ലോകത്തിന് അത്ര വേഗം മറക്കാനാവില്ല; പ്രത്യേകിച്ചും ഇറാഖുകാര്‍ക്ക്. പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ കൈവശം സംഹാരായുധങ്ങളുണ്ടെന്ന അമേരിക്കന്‍ നുണക്ക് കൂട്ടുനില്‍ക്കുകയും അതിന് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്ത മനുഷ്യനാണ് അയാള്‍. മൊസൂളും തിക്രിതും കീഴടക്കി സുന്നി സായുധ പോരാളികള്‍ ബഗ്ദാദിനെയും വിഴുങ്ങാന്‍ തയാറെടുക്കുമ്പോള്‍ ബ്ലെയര്‍ വീണ്ടും ബി.ബി.സിയുടെ സ്റ്റുഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. ഇറാഖ് വിഷയത്തില്‍ സ്വന്തം ഭാഗം ന്യായീകരിക്കാന്‍ വേണ്ടിയായിരുന്നു അത്. അഭിമുഖത്തില്‍ ''ഇറാഖിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല'' എന്ന് പറയാന്‍ അദ്ദേഹത്തിന് ഒട്ടും ലജ്ജയുണ്ടായില്ല.
സദ്ദാമിനെ അധികാരഭ്രഷ്ടനാക്കി തൂക്കിലേറ്റിയില്ലെങ്കിലും ഇറാഖില്‍ ഇപ്പോള്‍ നടക്കുന്നതെല്ലാം സംഭവിക്കുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പുതിയ കണ്ടെത്തല്‍. സ്വേച്ഛാധിപതിയായ സദ്ദാമില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ച് ശോഭനമായ ഒരു ഭാവി ഇറാഖികള്‍ക്ക് സമ്മാനിച്ചുവെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് അവകാശപ്പെട്ട അതേ നാവില്‍നിന്നാണ് ലോകം ഇതും കേട്ടത്.
സദ്ദാം ഉണ്ടായാലും ഇല്ലെങ്കിലും ഇറാഖിന് ഇതൊക്കെ തന്നെയാണ് ഗതിയെന്ന് പറയുന്ന ബ്ലെയറിനു മുന്നില്‍ ചില ചോദ്യങ്ങള്‍ എടുത്തിടാന്‍ ബി.ബി.സി സൗകര്യപൂര്‍വ്വം മറന്നുപോയി. 2003ലെ ഇറാഖ് അധിനിവേശം പിന്നെ എന്തിന്റെ പേരിലായിരുന്നു? സദ്ദാമിന്റെ കാലത്ത് ഭദ്രതയോടെ നിന്നിരുന്ന ഒരു രാജ്യത്തെ എന്തിന് തകര്‍ത്തു തരിപ്പണമാക്കി? അമേരിക്കയോടൊപ്പം ചേര്‍ന്ന് പത്തു ലക്ഷത്തോളം പേരെ കൊന്നൊടുക്കിയത് ആര്‍ക്കുവേണ്ടിയായിരുന്നു? സദ്ദാം പോയതോടെ എല്ലാം നേരെയായെന്ന് പറഞ്ഞിരുന്നത് ബ്രിട്ടന്‍ തന്നയല്ലേ? ബി.ബി.സിയെപ്പോലൊരു പാശ്ചാത്യ മാധ്യമം ഇത്തരം ചോദ്യങ്ങളിലൂടെ ബ്ലെയറിനെ പൊരിക്കാന്‍ സാധ്യതയില്ല.
കാരണം യു.എസും ബ്രിട്ടനും ഇറാഖില്‍ ചെയ്തുകൂട്ടിയ നെറികേടുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ഓടി നടന്നവരാണ് അവരെല്ലാം. പാപങ്ങളുടെ ഭാരം മാപ്പെന്ന രണ്ടക്ഷരത്തില്‍ അവസാനിക്കുന്നതല്ല. സംഭവിച്ചത് തെറ്റാണെന്ന് മനസ്സിലാക്കി കുംഭസരിക്കുമ്പോഴേക്ക് അതിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായി കഴിഞ്ഞിട്ടുണ്ടാകും. ഇറാഖിലും അതു തന്നെയാണ് സംഭവിച്ചത്. സദ്ദാം ഹുസൈന്റെ കൈയില്‍ സംഹാരായുധങ്ങളുണ്ടെന്ന അമേരിക്കന്‍ കളവിന് കൂട്ടുനിന്ന ഏക രാജ്യമാണ് ബ്രിട്ടന്‍. യുദ്ധം കഴിഞ്ഞ് സദ്ദാം പിടിയിലായ ശേഷം നൈതിക ബോധം കുറച്ചെങ്കിലും ബാക്കിയുള്ള ചില ബ്രിട്ടീഷ് തലച്ചോറുകള്‍ ചോദിച്ചു: സദ്ദാമിന്റെ സംഹാരായുധങ്ങള്‍ എവിടെയെന്ന്? യു.എസ് ആരോപിച്ചിരുന്ന ആയുധങ്ങളൊന്നും കിട്ടിയില്ലെന്ന് പറഞ്ഞ് കൈ മലര്‍ത്താനേ ബ്ലെയറിന് സാധിച്ചുള്ളൂ.
സുന്നി-ഷിയാ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ചോരചിന്തുകയും ഇറാഖിന്റെ കെട്ടുറപ്പ് തന്നെ ചോദ്യംചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ കുറ്റബോധം കൊണ്ടായിരിക്കണം ബ്ലെയര്‍ സ്വയം കൈ കഴുകാന്‍ ശ്രമിക്കുന്നത്. സദ്ദാമിന്റെ ഏകാധിപത്യ ഭരണം ജനജീവിതത്തെ അസ്വസ്ഥമാക്കിയിരുന്നെങ്കിലും 2003ലെ പാശ്ചാത്യ അധിനിവേശത്തോടെയാണ് ഇറാഖില്‍ പ്രശ്‌നങ്ങളെല്ലാം തലപൊക്കിയത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും അറബ് ലോകത്തിനു തന്നെ അഭിമാനമായിരുന്ന ഇറാഖിന്റെ മണ്ണില്‍ പാശ്ചാത്യ സേന കാലുകുത്തിയതോടെ എല്ലാം തകിടം മറിയുകയായിരുന്നു.
ഇറാഖിലെ ജനങ്ങള്‍ പോലും ഭയപ്പെട്ടതിനേക്കാ ള്‍ ഭീകരമായിരുന്നു അധിനിവേശത്തിന്റെ ദുരന്തഫലങ്ങള്‍. അവരെ ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത എച്ചില്‍തെണ്ടികളാക്കിയത് തങ്ങളല്ലെന്ന് ബ്ലെയര്‍ എത്ര തന്നെ ആണയിട്ടാലും ലോകം അത് വിശ്വസിക്കില്ല. 1997 മുതല്‍ 2003 വരെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന സര്‍ ക്രിസ്റ്റഫര്‍ മെയറിന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.
പാശ്ചാത്യ ശക്തികള്‍ നിലം മറന്ന് വിത്തിറക്കിയതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് അദ്ദേഹം പറയുന്നു. അതിന്റെ ദുരന്തഫലങ്ങള്‍ തലമുറകളോളം ഇറാഖിനെ വേട്ടയാടിക്കൊണ്ടിരിക്കും. അമേരിക്കയും സഖ്യകക്ഷികളും സദ്ദാമിനെ മാറ്റി പാവ സര്‍ക്കാറിനെ പ്രതിഷ്ഠിച്ച് തടിയെടുത്തെങ്കിലും പ്രശ്‌നങ്ങള്‍ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. സദ്ദാം പോയപ്പോള്‍ പൊരിവെയിലത്തുനിന്ന് വറവുചട്ടിയിലേക്ക് വീണ അനുഭവമാണ് ഇറാഖിനുണ്ടായത്.
പട്ടിണിയില്‍ കഴിഞ്ഞിരുന്ന ഇറാഖി ജനതക്ക് സ്വന്തം രാജ്യം തന്നെ നഷ്ടമാകുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അല്‍ഖാഇദയുമായി ബന്ധമുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ(ഐ.എസ്.ഐ.എസ്)യുടെ കൈകളിലാണ് രാജ്യത്തെ രണ്ടു പ്രമുഖ നഗരങ്ങള്‍. ബഗ്ദാദിലേക്കുള്ള സായുധ പോരാളികളുടെ മുന്നേറ്റത്തെ തടഞ്ഞുവെന്ന് ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും ഏത് സമയവും തലസ്ഥാന നഗരി അവരുടെ പിടിയില്‍ അമരുമെന്നാണ് റിപ്പോര്‍ട്ട്. സിറിയയുടെയും ഇറാഖിന്റെയും ഏതാനും ഭാഗങ്ങള്‍ ചേര്‍ത്ത് പുതിയ രാഷ്ട്രം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐ.എസ്.ഐ.എസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ഇവര്‍ എങ്ങനെ രാജ്യത്ത് കാലുറപ്പിച്ചുവെന്ന് ചോദിക്കുമ്പോഴാണ് പ്രധാനമന്ത്രി നൂരി അല്‍ മാലികി പ്രതിക്കൂട്ടില്‍ കയറേണ്ടിവരുന്നത്.മാലികിയുടെ നേതൃത്വത്തിലുള്ള ഷിയാ ഭൂരിപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷമായ സുന്നികളെ അടിച്ചമര്‍ത്തുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. മാലികിയുടെ സുന്നി വിരുദ്ധ നിലപാട് സായുധ സംഘങ്ങള്‍ മുതലെടുത്തുവെന്ന് പറയുന്നതാവും ശരി. ഇവരെ തീവ്രവാദികളെന്ന് പറഞ്ഞ് എഴുതി തള്ളാനുള്ള നൂരിയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ശ്രമം യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകാതെയാണെന്ന് തോന്നുന്നു.
2013ല്‍ സംഘടനയുടെ മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദി ടൈം മാഗസിന്റെ മുഖചിത്രത്തില്‍ വന്നത് പലരെയും അമ്പരപ്പിച്ചിരിക്കണം. എന്നാല്‍ ഇറാഖില്‍ ഐ.എസ്.ഐ.എസ് നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം കാണുമ്പോള്‍ ലോക പ്രശസ്തമായ ഒരു മാഗസിന്റെ ഫ്രണ്ട് കവറില്‍ അദ്ദേഹം വന്നതില്‍ അത്ഭുതപ്പെടാനില്ലെന്ന് തോന്നുന്നു. മൊസൂളിലും മറ്റു നഗരങ്ങളിലും ഇറാഖി സൈന്യം പോരാളികളെ പേടിച്ച് ഓടിപ്പോയത് വെറുതെയാവില്ല.
അത്രമാത്രം ആയുധബലം അവര്‍ക്കുണ്ട്. സിറിയയില്‍ അസദിനെതിരെയും ഇറാഖില്‍ മാലികിക്കെതിരെയും പോരാടാന്‍ ഇവരെ ആയുധവും പണവും നല്‍കി സഹായിക്കാന്‍ പുറത്തുനിന്ന് ഏതോ ചില ശക്തികള്‍ കളിക്കുന്നുണ്ടെന്ന് ഉറപ്പാണ്. ഇറാനെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇറാന്‍ മാലികിയെ സഹായിക്കാന്‍ രംഗത്തെത്തിയ സ്ഥിതിക്ക് ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് വന്നിരിക്കുന്നു.
ഇറാഖില്‍ ഇറാന് ഷിയാ താല്‍പര്യമുള്ളതുപോലെ മറ്റു ചില രാജ്യങ്ങള്‍ക്ക് സുന്നി താല്‍പര്യവുമുണ്ട്. ഇതായിരിക്കാം ഐ.എസ്.ഐ.എസിന്റെ വളര്‍ച്ചക്ക് വളമാകുന്നത്. സുന്നി സായുധ പോരാളികള്‍ക്കെതിരെ ആയുധമെടുക്കാന്‍ ഷിയാക്കളുടെ പരമോന്നത നേതാവായ ആയതുല്ലാ അലി സിസ്താനി ആഹ്വാനം ചെയ്തത് കാര്യങ്ങളെ കൂടുതല്‍ രക്തപങ്കിലമാക്കാനേ ഉപകരിക്കൂ. സുന്നികളും ഷിയാക്കളും ചേരിതിരിഞ്ഞ് കഴുത്തറുക്കുന്നതോടെ ഇറാഖില്‍ ചോരപ്പുഴയൊഴുകും. ഷിയാ ഭരണകൂടത്തെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാനും രംഗത്തെത്തിയിരിക്കുന്നത്.
അതിനുവേണ്ടി അമേരിക്കയെ കൂട്ടുപിടിക്കാനും തയാറാണെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചിട്ടുണ്ട്. റൂഹാനിയുടെ സൗഹൃദ ഹസ്തം സ്വീകരിച്ച് അവരുമായി ചര്‍ച്ച നടത്താന്‍ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു. സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി പാശ്ചാത്യ വിരുദ്ധതയെല്ലാം മാറ്റിവെക്കാന്‍ ഇറാന്‍ ഒരുക്കമാണ്. സിറിയയില്‍ അമേരിക്കയുടെ ശത്രുപക്ഷത്ത്, ഇറാഖിലെത്തുമ്പോള്‍ അവരുടെ മിത്രവും. ഇതാണ് ഇറാന്റെ ഷിയാ നേതൃത്വം കണ്ടുപിടിച്ചിരിക്കുന്ന പുതിയ അടവുനയം. ഇറാഖുമായി ദീര്‍ഘകാലം യുദ്ധം ചെയ്തതിന്റെ വൈരാഗ്യമെല്ലാം ഉപേക്ഷിച്ച് ഇറാന്‍ അവരുമായി അടുത്തതും സ്വാര്‍ത്ഥമായ ലക്ഷ്യത്തോടെയാണ്.
ഇറാന്റെ രംഗപ്രവേശം മാലികിക്ക് ഗുണം ചെയ്യില്ല. കാരണം മേഖലയിലെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇറാന്‍ സജീവമായി ഇടപെടുന്നതും ഇറാഖില്‍ ഭരണം എങ്ങനെയായിരിക്കണമെന്ന് തെഹ്‌റാന്‍ നിശ്ചയിക്കുന്ന അറബ് രാജ്യങ്ങളില്‍ പലരെയും അതൃപ്തരാക്കും. അറബ് ലോകത്ത് ഇറാഖിന് നിലവിലുള്ള പിന്തുണ നഷ്ടപ്പെടുകയായിരിക്കും അതിന്റെ അന്തിമഫലം.
മാലികി ഭരണകൂടത്തോട് സുന്നികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അതൃപ്തി കണ്ടറിഞ്ഞാണ് ഐ.എസ്.ഐ.എസിന്റെ കളികള്‍. മാലികിയുടെ ഷിയാ പക്ഷപാതിത്വത്തില്‍ സുന്നികള്‍ മുഴുവന്‍ നിരാശരായിരുന്നു. 2013 ഡിസംബറില്‍ സുന്നികള്‍ സമാധാനപരമായി നടത്തിയ പ്രക്ഷോഭത്തോടെയാണ് ഇറാഖ് വീണ്ടും പുകഞ്ഞു തുടങ്ങിയത്. സുന്നികളെ കള്ളക്കേസില്‍ കുടുക്കി തൂക്കിലേറ്റുന്നത് അവസാനിപ്പിക്കുക, തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.
മുഖ്തദ അല്‍ സദ്ര്‍, അമ്മാര്‍ അല്‍ ഹകീം തുടങ്ങിയ ഷിയാ നേതാക്കള്‍ക്കു പോലും സുന്നി ഡിമാന്റുകളില്‍ കാര്യമുണ്ടെന്ന് തോന്നി. എന്നാല്‍ മാലികി ഭരണകൂടം അതിനെ ധിക്കാരപരമായാണ് നേരിട്ടത്. സുന്നി പാര്‍ലമെന്റ് അംഗമായ അഹ്മദ് അല്‍വാനിയെ അറസ്റ്റു ചെയ്യാന്‍ സൈന്യത്തെ അയക്കുകയും അദ്ദേഹത്തിന്റെ സഹോദരനെയും അംഗരക്ഷകരെയും കൊലപ്പെടുത്തുകയും ചെയ്തു. അല്‍വാനി ഇപ്പോഴും ജയിലിലാണ്. അംബാറിലെ പ്രക്ഷോഭങ്ങള്‍ക്ക് കൂട്ടുനിന്നുവെന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം.
സമാധാനപരമായി നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയ മാലികി സുന്നി രാഷ്ട്രീയ നേതാക്കളെ ഭീകര വിരുദ്ധ കേസുകളില്‍ കുടുക്കി അറസ്റ്റ്‌ചെയ്തു. വൈസ് പ്രസിഡണ്ട് താരിഖ് അല്‍ ഹാഷിമി പോലും അതില്‍നിന്ന് ഒഴിവായില്ല. ഭീകര വിരുദ്ധ കേസില്‍ തന്നെയും കുടുക്കുമെന്ന് ഉറപ്പായതോടെ അദ്ദേഹം രാജ്യംവിടുകയായിരുന്നു. 2012 സെപ്തംബര്‍ ഒമ്പതിന് ഭീകര വിരുദ്ധ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. തുര്‍ക്കിയില്‍ അഭയം തേടിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.
രാജ്യത്തെ പ്രബല വിഭാഗമായ സുന്നികളുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍വം പെരുമാറിയിരുന്നെങ്കില്‍ ഇറാഖിന് ഇന്നത്തെ ഗതി വരില്ലായിരുന്നു. മാലികി ഭരിക്കാന്‍ കൊള്ളാത്തവനാണെന്ന് ലോകത്തിന് ബോധ്യമായിട്ടുണ്ട്. പ്രധാനമന്ത്രി കസേരയില്‍ അദ്ദേഹം ഇരിക്കുന്ന കാലത്തോളം പ്രശ്‌നങ്ങള്‍ കെട്ടടങ്ങുകയുമില്ല. സുന്നി പ്രക്ഷോഭത്തെ അല്‍ഖാഇദ അനുകൂലികള്‍ ഏറ്റെടുത്തതോടെയാണ് ഇറാഖിന് വീണ്ടും ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയത്. സ്‌ഫോടനങ്ങളും ആക്രമണങ്ങളും നിത്യസംഭവമായി. ഓരോ മാസവും ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. അംബാര്‍ പ്രവിശ്യയും ഫലൂജ പട്ടണവും സായുധ പോരാളികള്‍ നേരത്തെ തന്നെ പിടിച്ചെടുത്തിരുന്നു. അംബാറിലെ സായുധ പോരാളികളെ മുഴുവന്‍ അല്‍ഖാഇദക്കാരായി മുദ്രകുത്തുക പ്രയാസമാണ്. യു.എസ് അധിനിവേശക്കാലത്ത് അല്‍ഖാഇദക്കെതിരെ വിദേശ സേനയോടൊപ്പം ചേര്‍ന്ന് പോരാടിയവരാണ് ഫലൂജയിലുള്ളത്. മാലികിയുടെ നെറികേടുകളാണ് അവരെ ആയുധമെടുക്കാന്‍ നിര്‍ബന്ധിതരാക്കിയത്.
സദ്ദാമിന്റെ പഴയ അനുകൂലികള്‍ പ്രതികാരത്തിനുള്ള അവസരമായാണ് പുതിയ സാഹചര്യത്തെ കാണുന്നത്. 11 വര്‍ഷം മുമ്പ് ഇറാഖിനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കും ബ്രിട്ടനും ഒരുപാട് ലക്ഷ്യങ്ങളുണ്ടായിരുന്നു. സദ്ദാമാണ് ലോക വ്യാപാര കേന്ദ്രം തകര്‍ത്തതെന്നു പോലും ബുഷ് പറഞ്ഞുനോക്കി. ഇറാഖിന്റെ രാഷ്ട്രീയ ഭദ്രതയും സാമ്പത്തിക പുരോഗതിയുമാണ് അവര്‍ ലക്ഷ്യമാക്കിയിരുന്നതെങ്കില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. മാലികിയെപ്പോലെ രാഷ്ട്രീയ സങ്കുചിതത്വം കൊണ്ടുനടക്കുന്ന ചിലരെ കൂട്ടുപിടിച്ച് രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കിയെന്ന് വരുത്തിതീര്‍ത്ത് സ്വയം രക്ഷപ്പെടുകയായിരുന്നു അവര്‍.
യഥാര്‍ത്ഥത്തില്‍ അമേരിക്ക ലക്ഷ്യം കണ്ടു തന്നെയാണ് മടങ്ങിയത്. ഇറാഖിനെ മൂലക്കിരുത്തുകയെന്ന അവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെല്ലാം അമേരിക്ക മുന്‍കൂട്ടി കണ്ടിരുന്നതാണ്. തങ്ങള്‍ പോയാലും ഇറാഖ് നേരെയാകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനു വേണ്ടതെല്ലാം യു.എസ് ചെയ്തുവെച്ചു. സുന്നികളും ഷിയാക്കളും പരസ്പരം പോരടിക്കുമ്പോള്‍ ലോകത്തിന് അക്കാര്യം കൂടുതല്‍ ബോധ്യമായിക്കൊണ്ടിരിക്കുന്നു.-- (അവ. മുഹമ്മദ് അസ്‌ലം-ചന്ദ്രിക)