ഹജ്ജ്: കാറ്റഗറിമാറ്റം അപേക്ഷിച്ചവര്‍ക്കെല്ലാം കിട്ടിയേക്കും

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ചവരില്‍ കാറ്റഗറി മാറ്റത്തിന് അപേക്ഷിച്ചവര്‍ക്കെല്ലാം മാറ്റം കിട്ടിയേക്കും. സംസ്ഥാനത്ത് നിന്നും 500ഓളം പേര്‍ അപേക്ഷിച്ചിട്ടുണ്ട്.
ഗ്രീന്‍, അസീസിയ കാറ്റഗറിയില്‍ ഗ്രീനില്‍ നിന്നും അസീസിയയിലേക്ക് മാറാനാണ് കൂടുതല്‍ പേര്‍ അപേക്ഷിച്ചിട്ടുള്ളത്. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് മക്കയില്‍ ഹറം ഷരീഫില്‍ നിന്നും ഒന്നര കിലോമീറ്ററിനുള്ളില്‍ താമസസൗകര്യം ലഭിക്കും. ഗ്രീന്‍ കാറ്റഗറിക്കാര്‍ക്ക് താമസവാടകയായി 4500 റിയാല്‍ ചെലവ് വരുമ്പോള്‍ അസീസിയക്കാര്‍ക്ക് യാത്രാചാര്‍ജടക്കം 2630 റിയാല്‍ മാത്രമാണ് വരിക. ഗ്രീനില്‍ നിന്ന് അസീസിയയിലേക്ക് മാറുകയാണെങ്കില്‍ തീര്‍ത്ഥാടകരുടെ മൊത്തം ചെലവില്‍ 45000 രൂപയോളം വ്യത്യാസം വരും.
കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പരിഗണനയിലാണ്. സംസ്ഥാനഹജ്ജ് കമ്മിറ്റി കേന്ദ്രഹജ്ജ് കമ്മിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. 25നകം ഇക്കാര്യത്തില്‍ തീരുമാനമാകും.