അനാഥാലയ വിവാദം; വസ്തുതകള്‍ വളച്ചൊടിക്കരുത് : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി

വാര്‍ഷിക ജനറല്‍ബോഡി യോഗം പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യുന്നു
വെങ്ങപ്പള്ളി : അന്യസംസ്ഥാന വിദ്യാര്‍ത്ഥികളുടെ വരവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ വസ്തുനിഷ്ടമായ അന്വേഷണത്തിലൂടെ അവസാനിപ്പിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്നും, നിയമലംഘകരേയും ഇടനിലക്കാരെയും തുറന്നു കാട്ടുമ്പോള്‍ തന്നെ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അഗതി-അനാഥ മന്ദിരങ്ങളുടെ പ്രവര്‍ത്തനത്തെ വികൃതമാക്കി കാണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി വാര്‍ഷിക ജനറല്‍ബോഡി അഭിപ്രായപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ അനാഥാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും വഹിച്ച പങ്ക് വളരെ വലുതാണെന്ന് യോഗം വിലയിരുത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്കുട്ടി ഹസനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ഇബ്രാഹിം മാസ്റ്റര്‍ കൂളിവയല്‍, പനന്തറ മുഹമ്മദ്, അബ്ദുല്‍ ഖാദിര്‍ മടക്കിമല, ടി സി അലി മുസ്‌ലിയാര്‍, കെ സി കെ തങ്ങള്‍, പി കുഞ്ഞബ്ദുല്ല ഹാജി, ഉസ്മാന്‍ കാഞ്ഞായി, എ കെ സുലൈമാന്‍ മൗലവി, ഖാസിം ദാരിമി, മൊയ്തീന്‍ മേപ്പാടി, ഉമര്‍ ഹാജി ചുള്ളിയാട് സംസാരിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും ശംസുദ്ദീന്‍ റഹ്മാനി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally