കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി തുടങ്ങി. മൊഹ്‌സിന കിദ്വായി അധ്യക്ഷയായുള്ള നിലവിലെ കമ്മിറ്റിയുടെ കാലാവധി ജനവരി 10നാണ് അവസാനിക്കുക.
23 അംഗങ്ങളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലുള്ളത്. ഹജ്ജുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളെ ആറ് മേഖലകളാക്കി തിരിച്ചതില്‍നിന്നും ഓരോ അംഗങ്ങള്‍, കൂടുതല്‍ തീര്‍ത്ഥാടകര്‍ പോകുന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഓരോ പ്രതിനിധികള്‍, നാല് എം.പിമാര്‍ എന്നിവരെക്കൂടാതെ പണ്ഡിതരും സാമൂഹികപ്രവര്‍ത്തകരുമാണ് കമ്മിറ്റിയിലുള്ളത്.
നിലവിലുള്ള കമ്മിറ്റി മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ നടപടി തുടങ്ങിയത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രഹജ്ജ് കമ്മിറ്റി പ്രതിനിധിയായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യെ തിരഞ്ഞെടുത്തു. പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദാണ് നിലവിലെ അംഗം. സംസ്ഥാനത്തെ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സമസ്‌ത സെക്രട്ടറി കൂടിയായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാര്‍ ആണ്.