വയനാട് മുട്ടില്‍ ഓര്‍ഫനേജിലേക്ക് വരികയായിരുന്ന കുട്ടികളുടെ വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചു

താമരശ്ശേരി: അവധിക്ക് നാട്ടില്‍പോയി മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളെ വയനാട് ഓര്‍ഫനേജിലേക്കുള്ള യാത്രാമധ്യേ പൊലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ താമരശ്ശേരിയില്‍വെച്ചായിരുന്നു സംഭവം.
പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . 2006 മുതല്‍ വയനാട് മുട്ടില്‍ ഓര്‍ഫനേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അഹമ്മദാബാദില്‍ നിന്ന് കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ വിദ്യാര്‍ത്ഥികളെ ടൂറിസ്റ്റ് ബസില്‍ ഓര്‍ഫനേജിലേക്ക് കൊണ്ടുപോവുമ്പോഴായിരുന്നു പൊലീസ് പരിശോധന. 26 ആണ്‍കുട്ടികളും ഏഴ് രക്ഷിതാക്കളും സ്ഥാപനത്തിലെ രണ്ട് ജീവനക്കാരുമാണ് വാഹനത്തിലുണ്ടായിരുന്നത്.
ഡിവൈ.എസ്.പി ജെയ്‌സണ്‍ കെ.അബ്രഹാമിന്റെ നേതൃത്വത്തില്‍ യാത്രാരേഖകള്‍ പരിശോധിച്ചതില്‍ അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. എല്ലാവര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ടിക്കറ്റും രേഖകളുമുണ്ടെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.
വയനാട് ഓര്‍ഫനേജില്‍ പഠിക്കുന്ന അന്യ സംസ്ഥാനത്തുള്ള കുട്ടികളെ അവധിക്ക് നാട്ടില്‍കൊണ്ടുപോയി തിരിച്ചു കൊണ്ടുവരുന്നതിന് ഓര്‍ഫനേജ് അധികൃതര്‍ നേരത്തെ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കിയിരുന്നു. കമ്മിറ്റി ഇത് നിരസിച്ചതിനെ തുടര്‍ന്ന് സ്ഥാപന അധികൃതര്‍ വയനാട് സെഷന്‍ കോടതി മുഖേന അനുകൂലവിധിയും സമ്പാദിച്ചിരുന്നു.
വെല്‍ഫയര്‍ കമ്മിറ്റിക്ക് നല്‍കിയ ലിസ്റ്റില്‍പെട്ട കുട്ടികളാണോ ഇതെന്ന് പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി ഒമ്പതു മണിയോടെ പൊലീസ് കുട്ടികളെ വയനാട്ടിലേക്ക് കൈമാറി.