പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കേരളീയ പൊതു സമൂഹം എല്ലായ്‌പോഴും ഓര്‍ത്തുകൊണ്ടിരിക്കുന്നു. മുസ്‌ലിംലീഗോ കേരള രാഷ്ട്രീ യമോ മാത്രമല്ല അദ്ദേഹത്തിന്റെ വിയോഗത്തെ ഒരു മഹാ നഷ്ടമായി കരുതുന്നത്. കോട്ടക്കലില്‍ നടന്ന ഒരു അനുസ്മരണ സമ്മേളനം ഓര്‍ക്കുന്നു. അബ്ദുസമദ് സമദാനിക്കും എനിക്കും ഒപ്പം ഒരു പ്രമുഖ മലയാള പത്രത്തിലെ എഡിറ്റോറിയല്‍ അംഗവും പങ്കെടുത്തിരുന്നു. പൊതുവെ രാഷ്ട്രീയ നായകരെ അനുസ്മരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അവരുടെ പത്രം അനുവദിക്കാറില്ലെന്നും ശിഹാബ് തങ്ങള്‍ ആയതുകൊണ്ട് മാത്രമാണ് അനുവദിക്കപ്പെട്ടതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
ശിഹാബ് തങ്ങളെ കേരളീയ പൊതു മണ്ഡലം എങ്ങനെയാണ് സ്വീകരിച്ചത് എന്ന് പറയാനാണ് ഈ കാര്യം ഉദാഹരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഒരു രാഷ്ട്രീയ വ്യക്തിത്വവും ആത്മീയ സാന്നിധ്യവുമായിരുന്നു. കേവല ഭൗതികതയില്‍ അഭിരമിക്കുമ്പോഴാണ് രാഷ്ട്രീയവും സംസ്‌കാരവും ആന്തരിക ശൂന്യത നേരിടുന്നത്. ആത്മീയ സ്പര്‍ശമാണ് ഗാന്ധിജിയില്‍നിന്നും നമ്മള്‍ ഇന്ത്യക്കാര്‍ അനുഭവിച്ചത്. ഇത്തരം വ്യക്തിത്വങ്ങള്‍ നമ്മെ വിട്ടുപോയാലും ചൈതന്യം ബാക്കിയാവും. അത് നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കണം. ഇടതുപക്ഷ രാഷ്ട്രീയത്തിനും ഇത് ബാധകമല്ലേയെന്നു ചോദിക്കാം. അതെ എന്നുതന്നെ ഉത്തരം.
കരുണയും ആര്‍ദ്രതയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് തികഞ്ഞ അനുകമ്പയുമായിരുന്നു പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ആത്മീയത. എ.കെ.ജിയിലൊക്കെ ഇത് സമൃദ്ധമായിരുന്നു. അതിനാല്‍ അവരുടെ ഭാഷയിലും ഭാഷണത്തിലുമുണ്ടായിരുന്നു നിറഞ്ഞ സ്‌നേഹവും കുലീനതയും. അതിന്റെ സ്ഥാനത്ത് ധാര്‍ഷ്ട്യവും അസഹിഷ്ണുതയും പകയും നിറഞ്ഞപ്പോഴാണ് പുതിയ കാലത്തെ പല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിരിയിലും അപരന്റെ നെഞ്ചിലേക്ക് ആഴ്ത്താനുള്ള കത്തികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കമ്മ്യൂണിസ്റ്റുകളുടെ ഭാഷയെക്കുറിച്ച് കമ്മ്യൂണിസ്റ്റുകള്‍തന്നെ വിമര്‍ശനം തൊടുക്കുകയാണല്ലോ. വാക്കുകളും സ്പര്‍ശങ്ങളും സമൂഹത്തിനുമേല്‍ സാന്ത്വനമായി മാറണം.
കൊടുങ്കാറ്റിനെ തന്റെ വിരല്‍തുമ്പുകൊണ്ട് തടഞ്ഞുനിര്‍ത്തിയെന്ന് ആലങ്കാരികമായി നാം പറയാറില്ലെ? ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുള്ള അപായകരമായ ഒരു സാമൂഹികാവസ്ഥയെ ശിഹാബ്തങ്ങള്‍ നേരിട്ടതിനേയും അത്തരമൊരു ഉപമകൊണ്ടാണ് ഞാന്‍ അളക്കാന്‍ ശ്രമിക്കുക. ആ കാലഘട്ടത്തില്‍ മുസ്‌ലിം ജനസാമാന്യത്തെ പ്രകോപനത്തിലേക്ക് നീങ്ങാതെ അദ്ദേഹത്തിന് പിടിച്ചുനിര്‍ത്താനായത് വിസ്മയകരമായ ഒന്നായി എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹം ഒറ്റക്ക് യത്‌നിച്ചു എന്നല്ല ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. മറിച്ച് പ്രകോപനങ്ങളെ ചെറുക്കാന്‍ ആഗ്രഹിക്കുന്ന മനസ്സുകളെ ശിഹാബ് തങ്ങള്‍ ഏകോപിപ്പിച്ചു എന്നാണ്. തീര്‍ച്ചയായും കേരളം ശിഹാബ് തങ്ങളോട് കടപ്പെട്ട ചരിത്ര സന്ദര്‍ഭമായിരുന്നു അത്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ തുടക്കത്തില്‍ ആളുകളെ ആകര്‍ഷിക്കുമെങ്കിലും വളരെ പെട്ടെന്ന് ആളുകള്‍ക്ക് മടുക്കാനും തുടങ്ങും.
അതുകൊണ്ടാണ് അതി തീവ്രതയെക്കുറിച്ച് സംസാരിച്ച് അണികളെ പ്രകോപനത്തിലേക്ക് ഇറക്കിവിട്ട പല പ്രസ്ഥാനങ്ങളും പില്‍ക്കാലത്ത് ജനാധിപത്യത്തെക്കുറിച്ച് വാചാലരാവുന്നത്. 'രക്ത'ത്തിന്റെ 'സാക്ഷ്യ'ത്തെ മഹത്വവല്‍ക്കരിക്കാനൊക്കെ ആദ്യം തോന്നും. പിന്നീടാണ് മരിച്ച് വീണവനെച്ചൊല്ലിയുള്ള അനാഥത്വത്തെക്കുറിച്ച് ചിന്തിക്കുക. ചോരത്തുള്ളികള്‍ക്ക് ചുറ്റും കണ്ണീര് കാണാന്‍ സാധിച്ചാല്‍ ഹിംസയുടെ രാഷ്ട്രീയത്തെ മഹത്വവല്‍ക്കരിക്കാന്‍ ആരും ശ്രമിക്കില്ല. തീവ്രവാദത്തിന്റെ അപകടം ശിഹാബ് തങ്ങള്‍ തിരിച്ചറിഞ്ഞു. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചക്കുശേഷം ശിഹാബ് തങ്ങളും മുസ്‌ലിംലീഗും സ്വീകരിച്ച നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു.
ഹൈന്ദവ രാഷ്ട്രീയത്തിന്റെ അതി പ്രകോപനപരമായ പ്രകടനങ്ങളെ പ്രകോപനത്തിലൂടെ ചെറുത്ത് തോല്‍പിക്കാന്‍ മുസല്‍മാന്‍മാര്‍ക്ക് കഴിയില്ല. വലിയ നഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മതേതര ശക്തികള്‍ക്കൊപ്പം നിന്നുകൊണ്ട് തീവ്ര ഹൈന്ദവതയുടെ ഏകോപനത്തെ ചെറുക്കുക തന്നെയാണ് വേണ്ടത്. ഈ തിരിച്ചറിവ് ശിഹാബ് തങ്ങള്‍ക്കും അദ്ദേഹത്തിന്റെ പിതാവിനുമൊക്കെ വേണ്ടുവോളമുണ്ടായിരുന്നു.
മുസ്‌ലിംലീഗിന്റെ രാഷ്ട്രീയം മുന്നേറേണ്ടതും ആ വഴിക്കാണ്. മുസ്‌ലിം ലീഗിനെക്കുറിച്ച് ഒരഭിമുഖത്തില്‍ ചരിത്രകാരനും സാംസ്‌കാരിക വിമര്‍ശകനുമായ എം. ഗംഗാധരന്‍ ഇങ്ങനെ പറഞ്ഞുവെക്കുന്നു: യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രം അംഗത്വമുള്ള പാര്‍ട്ടി എന്നു തന്നെയാണ് മറ്റ് സെക്യുലര്‍ പാര്‍ട്ടികളില്‍നിന്ന് ലീഗിനെ വേര്‍തിരിച്ച് നിര്‍ത്തുന്നത്. എന്നിട്ടും സെക്യുലര്‍ സ്വഭാവം ലീഗ് ഏറെക്കുറെ നിലനിര്‍ത്തുന്നു എന്നത് ശ്രദ്ധേയമായ സവിശേഷതയാണ്. (മാപ്പിള പഠനങ്ങള്‍- എം. ഗംഗാധരന്‍, ഡി.സി ബുക്‌സ്)
മുസ്‌ലിംകള്‍ക്ക് മാത്രം അംഗത്വമുള്ള എന്ന പ്രയോഗവും ശരിയാണെന്ന് തോന്നുന്നില്ല. ദളിത് ലീഗും മുസ്‌ലിംലീഗിന്റെ ഭാഗമാണല്ലോ.ശിഹാബ് തങ്ങളെ ഞാന്‍ വളരെ ദൂരെനിന്നേ കണ്ടിട്ടുള്ളൂ. അപൂര്‍വ്വമായി ചില വേദികള്‍ പങ്കിട്ടപ്പോള്‍പോലും എന്റേത് ദൂരക്കാഴ്ചയുടെ വിസ്മയമായിരുന്നു. അദ്ദേഹത്തിന്റെ ചിരി എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. പൂവിടരുംപോലെ ഒരു മന്ദഹാസം എന്നാണ് ഞാനതിനെ വിശേഷിപ്പിക്കുക. വ്യക്തിത്വത്തിന്റെ കുലീനത മുഴുവന്‍ ആ ചിരിയിലുണ്ട്. ഇതുപോലെ എന്നെ ആകര്‍ഷിച്ച മറ്റൊരു ചിരി ഇ.എം.എസിന്റെതാണ്.
ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയുണ്ടായിരുന്നു ആ ചിരിയില്‍. ഒരു മനുഷ്യന്റെ ചിരി ജ്ഞാനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനമാണ്. സംസ്‌കാരത്തിന്റെ അടയാളം. ചിലര്‍ ചിരിക്കുന്നത് കണ്ടാല്‍ നമ്മള്‍ പേടിച്ചുപോവും. കത്തിക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടും ചിരിക്കാം. അങ്ങനെ ചിരിക്കുന്നവരും കേരള രാഷ്ട്രീയത്തിലുണ്ട്. ശിഹാബ് തങ്ങളുടെ ഭാഷണത്തിനുമുണ്ടായിരുന്നു സവിശേഷതകള്‍. വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ ആരെയും വേദനിപ്പിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
ഒരു ജാഗ്രത എന്നുമദ്ദേഹം സൂക്ഷിച്ചു. അങ്ങാടിപ്പുറം ക്ഷേത്രത്തിന്റെ വാതില്‍ കത്തിയപ്പോള്‍ സ്വീകരിച്ച നിലപാട് ഈ ജാഗ്രതയുടെ പ്രകടനമാണ്. തീ കത്തിക്കാതിരിക്കാനും, കത്തുന്ന തീ അണക്കാന്‍ ശ്രമിക്കുന്നവനുമാണ് ഉത്തമനായ രാഷ്ട്രീയക്കാരന്‍.ശിഹാബ് തങ്ങളെ കാണാന്‍ പണക്കാരനും പാവപ്പെട്ടവനും എത്തുമായിരുന്നു. പാവപ്പെട്ടവന് അവനെ ചുഴിഞ്ഞു നില്‍ക്കുന്ന പ്രാരാബ്ധങ്ങള്‍ക്ക് പരിഹാരം വേണം. എന്നാല്‍ സമ്പന്നനുമുണ്ട് പല തരത്തിലുള്ള അരക്ഷിതാവസ്ഥ. അശാന്തി. പ്രാര്‍ത്ഥനയും സ്പര്‍ശാനുഗ്രഹവുമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഒരു സ്പര്‍ശം മതിയാവും ആളുകള്‍ക്ക് ആത്മവിശ്വാസം പകരാന്‍. വേദന മാറ്റാന്‍. ഇതിനെയാണ് സ്പിരിച്വല്‍ ഹീലിംഗ് എന്ന് പറയുന്നത്.
മോദി ഭരണത്തില്‍ മുസ്‌ലിംകള്‍ പലതരം അരക്ഷിതാവസ്ഥയെ നേരിടാന്‍ സാധ്യതയുണ്ട്. പ്രകോപനമാണ് ശരിയെന്ന് പറയാനും ആളുണ്ടാവും. മുസ്‌ലിം രാഷ്ട്രീയത്തിന് ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. ശിഹാബ് തങ്ങള്‍ എന്നും വഴിവിളക്കാവട്ടെ. ബൈത്തുറഹ്മകള്‍ ധാരാളം പിറക്കട്ടെ. - psurendran61@gmail.com (അവ.ചന്ദ്രിക)