കോഴിക്കോട് : അനാഥ ശാല വിവാദത്തിലെ ഭരണകൂട- മാധ്യമ വേട്ടക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമവും, വിവാദ കേശങ്ങളുടെ ആധികാരികത സംബന്ധിച്ചുള്ള തുറന്ന സംവാദവും നാളെ (വ്യാഴം) കാലത്ത് 9.30 മുതല്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും. പരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ധീഖ്, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജി, അഡ്വ. പി എ മുഹമ്മദ് റിയാസ്, പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസംഗിക്കും. തുടര്‍ന്ന് തിരുശേഷിപ്പുകളുടെ ആധികാരികത സ്ഥിരീകരണവും പുണ്യവും എന്ന വിഷയത്തില്‍ തുറന്ന സംവാദം നടക്കും.
കേശ വിവാദവുമായി ബന്ധപ്പെട്ട് തൃശൂര്‍, മണ്ണാര്‍ക്കാട്, തനിയംപുറം, ഒളവട്ടൂര്‍ എന്നിവിടങ്ങളില്‍ കാന്തപുരം വിഭാഗവുമായി എസ് കെ എസ് എസ് എഫ് ഔദ്യോഗികമായി സംവാദത്തിന് വ്യവസ്ഥ തയ്യാറാക്കാന്‍ വേദിയൊരുക്കിയെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ മറു വിഭാഗം ഒഴിഞ്ഞുമാറുകയായിരുന്നു. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന തുറന്ന സംവാദത്തിലേക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍, പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ് ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി എന്നിവരെ രേഖാമൂലം കത്ത് നല്‍കി തുറന്ന ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. കാന്തപുരം വിഭാഗം നേതാക്കളോ അവര്‍ ചുമതലപ്പെടുത്തിയ പ്രതിനിധികളോ തുറന്നചര്‍ച്ചയില്‍ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
തുറന്ന സംവാദത്തിന് മുന്നോടിയായി പ്രാമാണിക വിശകലനവും സംശയ നിവാരണവും നടക്കും. മൗലാനാ മൂസക്കുട്ടി ഹസ്‌റത്ത്, അബ്ദുസ്സലാം ബാഖവി ദുബൈ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ ബാരി ബാഖവി വാവാട്, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഡോ. സലീം നദ്‌വി വെളിയമ്പ്ര എന്നിവര്‍ യാഥാക്രമം മുഅ്ജിസത്ത് കറാമത്തുകള്‍ മുറിഞ്ഞു പോകുമോ?, തിരുശേഷിപ്പുകളുടെ പ്രത്യേകതകള്‍, ആത്മീയ ചൂഷണം: പ്രതിരോധത്തിന്റെ നാള്‍വഴികള്‍, തിരുശേഷിപ്പുകള്‍ സ്ഥിരീകരണത്തിന്റെ മാനദണ്ഢം, കേശ വിവാദം സംവാദങ്ങളുടെ ബാക്കിപത്രം, നബി(സ) നിന്ദ: അന്താരാഷ്ട്ര ഗൂഢാലോചന എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കാന്തപുരം വിഭാഗം നേതാക്കളുമായി തുറന്ന സംവാദം നടക്കും. പ്രമുഖ പണ്ഡിതരും സംഘടനാ നേതാക്കളും പരിപാടിക്ക് നേതൃത്വം നല്‍കും.
- SKSSF STATE COMMITTEE