എല്ലാ വര്‍ഷവും മാര്‍ച്ച് 15 അറബ് ദിനമായും മെയ് 12 ഇസ്‌ലാം ദിനമായും നവമ്പര്‍ 29 ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായും ആചരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിന്റെ ഭരണഘടനതന്നെ മുസ്‌ലിം സ്ത്രീക്ക് ഹിജാബ് ധരിച്ച് ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നു. ഇപ്പോള്‍ നടക്കുന്ന ലോകകപ്പ് മത്സരത്തോടനുബന്ധിച്ച് വേള്‍ഡ് മുസ്‌ലിം യൂത്ത് അസംബ്ലി ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുന്‍ ബ്രസീലിയന്‍ താരം പെലേ ആണ്.
ബ്രസീല്‍ സന്ദര്‍ശിച്ച മുസ്‌ലിം സഞ്ചാരികളെല്ലാം ഈ രാജ്യത്തെ ജനങ്ങളുടെ സ്‌നേഹപൂര്‍വമായ പെരുമാറ്റത്തെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. മക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗീന്റെ മുന്‍ അസി. സെക്രട്ടറി മുഹമ്മദ് ബ്‌നു നാസിമുല്‍ അബൂദി ഒന്നിലധികം തവണ ബ്രസീല്‍ സന്ദര്‍ശിച്ച സഞ്ചാരിയാണ്. അദ്ദേഹം എഴുതുന്നു: ബ്രസീലുകാരില്‍ ഞാന്‍ കണ്ട സവിശേഷത നല്ല പെരുമാറ്റമാണ്, വിമാനത്തിലും പുറത്തും എല്ലാം. ഇതൊരു ഭംഗി പ്രകടനമോ കാപട്യമോ അല്ല.
നേരെ ചിന്തിക്കുകയും സ്‌നേഹം പകരുകയും ചെയ്യുന്ന നല്ല പെരുമാറ്റമുള്ള ജനത. മനുഷ്യ സാഹോദര്യത്തെയും സമത്വത്തെയുംപറ്റി നല്ല ബോധമുള്ള അവരില്‍ യാതൊരു സാമുദായിക വിഭജനവും ഇല്ല.''ലാറ്റിന്‍ അമേരിക്കന്‍ നാടുകളില്‍ സന്ദര്‍ശനം നടത്തിയ പ്രൊഫ. ശൈമാ ഹതബ് ഈ നാടുകള്‍ ഇതര സംസ്‌കാരങ്ങളെ ആദരിക്കുന്നതായി വ്യക്തമാക്കുന്നു. അമേരിക്കയെയും യൂറോപ്യന്‍ നാടുകളെയുംപോലെ മുസ്‌ലിംകളുടെ നേരെ ഒരു കണ്ണുകൊണ്ടും കുരിശുയുദ്ധങ്ങളും മറ്റൊരു കണ്ണുകൊണ്ടും നോക്കുന്നവരല്ല ബ്രസീലുകാര്‍. അറബ് നാടുകളുമായി ബ്രസീലിന് ശക്തമായ വ്യാപാര ബന്ധമുണ്ട്. ഈ നാടിന് ബ്രസീല്‍ എന്ന പേര് നല്‍കിയത് അധിനിവേശ ശക്തികളാണ്.
ആമസോണ്‍ നദി തീരങ്ങളില്‍ ബ്രസീല്‍ മരങ്ങളില്‍ കണ്ണുവെച്ചാണ് അവര്‍ ആദ്യമായി ഈ നാട്ടിലേക്ക് കടന്നുവന്നത്. പിന്നീടത് അവര്‍ക്ക് ബ്രസീല്‍ ആയി മാറി. ബ്രസീലിലെ ആദിവാസികള്‍ അമേരിന്ത്യന്‍സ് എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്ത്യയെ കണ്ടെത്താനിറങ്ങിയവര്‍ക്ക് അവര്‍ ചെന്നെത്തുന്ന സ്ഥലങ്ങളെല്ലാം ഇന്ത്യയായിരുന്നു. 1500ല്‍ ആണ് പോര്‍ച്ചുഗീസുകാര്‍ ബ്രസീലില്‍ അധിനിവേശം നടത്തിയത്. അവര്‍ ബ്രസീല്‍ മരങ്ങള്‍ വെട്ടിയെടുത്ത് യൂറോപ്പിലേക്ക് കടത്തി. അവ തീര്‍ന്നപ്പോള്‍ കൃഷിയിലായി ശ്രദ്ധ. അമേരിന്ത്യക്കാരെ ജോലിക്ക് കൊള്ളുകയില്ലെന്ന് കണ്ടപ്പോള്‍ ആഫ്രിക്കയില്‍നിന്ന് ലക്ഷക്കണക്കില്‍ ആളുകളെ കൊണ്ടുവന്നു. ഇവരില്‍ മുസ്‌ലിംകളുമുണ്ടായിരുന്നു.
ഈ മുസ്‌ലിംകള്‍ ആ കാലഘട്ടത്തില്‍ ബ്രസീലുകാരേക്കാള്‍ കൂടുതല്‍ വിജ്ഞാനവും സംസ്‌കാരവുമുള്ളവരായിരുന്നു. സ്‌പെയിനില്‍ മുസ്‌ലിംകള്‍ പരിശോധനക്ക് വിധേയരായി പിടിക്കപ്പെട്ടപ്പോള്‍ പിടികൊടുക്കാതെ ബ്രസീലിലേക്ക് ഓടി രക്ഷപ്പെട്ടവരുമുണ്ടായിരുന്നു. എന്നാല്‍ ഇവിടെയും അവര്‍ പരിശോധനക്ക് വിധേയരാക്കപ്പെട്ടു. നേരത്തെ എഴുന്നേല്‍ക്കുക, നോമ്പനുഷ്ഠിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക തുടങ്ങിയ അടയാളങ്ങള്‍കൊണ്ടാണ് അവരെ തിരിച്ചറിഞ്ഞിരുന്നത്.
മുസ്‌ലിംകള്‍ അടക്കമുള്ള ഈ ആഫ്രിക്കക്കാരെ പോര്‍ച്ചുഗീസുകാര്‍ അടിമകളാക്കി. യഥാര്‍ത്ഥത്തില്‍ ഇവരാണ് ബ്രസീലിനെ നിര്‍മിച്ചത്. അവരില്ലായിരുന്നുവെങ്കില്‍ ഒരു പഴംപോലും ബ്രസീലുകാര്‍ക്ക് പറിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ലെന്ന് പ്രൊഫ. അഹ്മദ് ശാകിര്‍ പറഞ്ഞിട്ടുണ്ട്. നിഗ്രോ മുസ്‌ലിംകള്‍ അവരുടെ ശരീരവും ആത്മാവും ബ്രസീലിന് സമര്‍പിക്കുകയായിരുന്നു. ആഫ്രിക്കന്‍ അടിമകള്‍ നിരന്തര സമരത്തിലൂടെ ബ്രസീലില്‍ ഒരു മുസ്‌ലിം ഭരണംതന്നെ സ്ഥാപിക്കാന്‍ ശ്രമിച്ചുവെങ്കിലും ആ ശ്രമം അടിച്ചമര്‍ത്തപ്പെട്ടു. ഇവരാണ് ബ്രസീലിലെ ആദ്യകാല മുസ്‌ലിംകള്‍.
1914 മുതല്‍ അറബ് നാടുകളില്‍നിന്ന് ബ്രസീലിലേക്ക് തൊഴില്‍ തേടിയുള്ള ഒഴുക്ക് തുടങ്ങി. ഇന്ന് ബ്രസീലിലെ മുസ്‌ലിം ജനസംഖ്യയില്‍ ഒരു ലക്ഷം പേര്‍ നവ മുസ്‌ലിംകളാണ്. അവരില്‍ സര്‍വകലാശാലാ പ്രൊഫസര്‍മാര്‍, വാണിജ്യ പ്രമുഖര്‍, വിദ്യാ സമ്പന്നര്‍, സാധു കര്‍ഷകര്‍ തുടങ്ങിയവരും ക്രിസ്തീയ മതാധ്യക്ഷന്‍മാരായിരുന്ന ചിലരുമുണ്ട്. സ്‌പെയിന്‍, ജര്‍മ്മനി, ഇറ്റലി, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന് വന്ന ചിലരും ധാരാളമായി ഇസ്‌ലാമിലേക്ക് ആകൃഷ്ടരാകുന്നു.
ഇന്ന് ബ്രസീലില്‍ ഏകദേശം 110 പള്ളികളുണ്ട്. മത പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്ന പല സംഘടനകളുമുണ്ട്. സാവാപോളയില്‍ 1929ല്‍ സ്ഥാപിതമായ ഇസ്‌ലാമിക് ചാരിറ്റബിള്‍ സൊസൈറ്റിയാണ് മുഖ്യ സംഘടന. ഇതിന്റെ കീഴില്‍ 1956ല്‍ ഈജിപ്ത് വഖഫ് മന്ത്രാലയത്തിന്റെ സഹായത്തോടെ 'മസ്ജിദു ബ്രസീല്‍' എന്ന പള്ളിയും മഖ്ബറയും സ്ഥാപിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ 10ല്‍ അധികം അറവ് ശാലകള്‍ പ്രവര്‍ത്തിക്കുന്നു. മദ്രസകള്‍ നടത്തുക, പോര്‍ച്ചുഗല്‍ ഭാഷയില്‍ ഗ്രന്ഥങ്ങള്‍ രചിച്ച് ഇസ്‌ലാമിനെ പരിചയപ്പെടുത്തുക, മത പഠന കേമ്പുകള്‍ നടത്തുക, ഹലാലായ അറവിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക തുടങ്ങിയവയെല്ലാം ഇവ നിര്‍വഹിക്കുന്നു.
ഇസ്‌ലാമിന്റെ പ്രചാരണം മന്ദഗതിയിലാകാനുള്ള പ്രധാന കാരണം പോര്‍ച്ചുഗല്‍ ഭാഷയറിയുന്ന മത പ്രബോധകരുടെ കുറവാണ്. ബ്രസീല്‍ മുസ്‌ലിംകള്‍ ഒരു കാര്യം ശ്രദ്ധിക്കുന്നുണ്ട്; മുസ്‌ലിം തീവ്രവാദ ചിന്ത തങ്ങളുടെ നാട്ടിലേക്ക് കടന്നുകൂടാ എന്ന്.
- പി. മുഹമ്മദ് കുട്ടശ്ശേരി (അല്‍ മുജ്തമഅ് പത്രത്തോട് കടപ്പാട്)