യു.എസിലെ പണ്ഡിത ശില്‍പശാലയിലേക്ക് മലയാളി പണ്ഡിതനും

തിരൂരങ്ങാടി : അമേരിക്കയിലെ സ്റ്റഡി ഓഫ് ദ യുനൈറ്റഡ് സ്റ്റേറ്റ് ഇന്‍സിറ്റിട്യൂഷന്റെ ആഭിമുഖ്യത്തില്‍ ലോകത്തെ യുവ പണ്ഡിതര്‍ക്കായി നടത്തുന്ന ശില്‍പശാലയില്‍ സംബന്ധിക്കാന്‍ മലയാളി പണ്ഡിതനും. പ്രമുഖ യുവ ചിന്തകനും പ്രശസ്ത വാഗ്മിയുമായ ഡോ. സുബൈര്‍ ഹുദവി ചേകന്നൂരാണ് രണ്ട് മാസത്തെ ശില്‍പശാലയില്‍ സംബന്ധിക്കാന്‍ അമേരിക്കയിലേക്ക് പുറപ്പെടുന്നത്. മത വിദ്യാഭ്യാസ സാംസ്‌കാരിക മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളിലെ പതിനെട്ടോളം യുവ പണ്ഡിതര്‍ക്കായി ഈ മാസം 21 മുതല്‍ നീണ്ട രണ്ട് മാസത്തെ ശില്‍പശാലയാണ് സംഘടിപ്പിക്കുന്നത്. ശില്‍പശാലയുടെ ഭാഗമായി അമേരിക്കയിലെ വിവിധ യൂനിവേഴ്‌സിറ്റികളും സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്ന സംഘം മത രാഷട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരുമായി കൂടിക്കാഴ്ചയും നടത്തും. ബഹുസ്വര മേഖലിയിലുള്ളവര്‍ക്കായി നടത്തുന്ന ശില്‍പശാലയില്‍ ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ്. അമേരിക്കയിലെ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയുടെ സാന്റ ബാര്‍ബറയിലെ കാമ്പസില്‍ വെച്ച് നടക്കുന്ന ശില്‍പശാലയില്‍ തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ബംഗ്ലാദേശ്, ഇന്ത്യോനേഷ്യ, സിറിയ, സുഡാന്‍ തുടങ്ങിയ പതിനെട്ടോളം രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുത്ത യുവ പണ്ഡിതരാണ് പങ്കെടുക്കുന്നത്.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഇസ്‌ലാം ആന്‍ഡ് കണ്ടംപററീ സ്റ്റീഡസീല്‍ ബിരുദാനന്തര ബിരുദം നേടിയ ഡോ. സുബൈര്‍ ഹുദവി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. അറിയപ്പെട്ട യുവ ചിന്തകനും വാഗ്മിയുമായ ഡോ.സുബൈര്‍ ഹുദവി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മുന്‍ രജിസ്ട്രാര്‍ കൂടിയാണ്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഭാരവാഹികളും ഹുദവീസ് അസോസിയേഷന്‍ ഹാദിയയും സുബൈര്‍ ഹുദവിക്ക് യാത്രയയപ്പ് നല്‍കി. 
- Darul Huda Islamic University