വിവാദം വേവിക്കാനുള്ളതല്ല അനാഥശാലകള്‍

ന്ത്യ എന്റെ രാജ്യമാണ്. ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീ സഹോദരന്മാരാണ്.'' എല്‍.പി സ്‌കൂള്‍ പഠനകാലം മുതല്‍ മലയാളി ചൊല്ലിപ്പഠിച്ച പ്രതിജ്ഞയിലെ വാചകങ്ങളാണിത്. വ്യത്യസ്ത സംസ്‌കാരവും ജീവിതരീതികളും വിഭിന്ന ഭാഷകളുംകൊണ്ട് സമ്പന്നമായ നമ്മുടെ നാടിനെ ഒന്നാക്കി നിര്‍ത്തുന്ന ഒരു നാഭീനാളബന്ധം ഈ പ്രതിജ്ഞയിലുണ്ട്.
ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ നിറയുന്ന ദേശീയ ബോധത്തിന്റെയും ഐക്യബോധത്തിന്റെയും പ്രഖ്യാപനം കൂടിയാണ് ഈ വാക്കുകള്‍. നാനാത്വത്തില്‍ ഏകത്വമെന്നും വൈവിധ്യങ്ങളുടെ മനോഹാരിതയെന്നും നമ്മള്‍ ആവേശത്തോടെ പറയുന്ന ആ ഹൃദയ ഐക്യത്തെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേരളത്തിലേക്ക് പഠിക്കാന്‍ വന്ന അനാഥരും ആലംബഹീനരുമായ ഒരുപറ്റം വിദ്യാര്‍ത്ഥികളോട് മലയാളികള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ച നാടാണ് ഇന്ത്യ.

പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഏറ്റവും ചുരുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നല്‍കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. എന്നാല്‍ ഏറ്റവും ദു:ഖകരമായ യാഥാര്‍ത്ഥ്യം, പരശ്ശതം വരുന്ന പ്രാന്തവല്‍ക്കരിക്കപ്പെട്ട കുരുന്നുകള്‍ ഇപ്പോഴും ബാലവേലയുടെ മാറാപ്പു പേറി അറിവിന്റെ വെളിച്ചത്തുരുത്തിലേക്ക് കടന്നുവരാന്‍ കഴിയാതെ മാറ്റി നിര്‍ത്തപ്പെടുകയാണ്. അവര്‍ക്ക് സ്വപ്‌നങ്ങളില്ല. നിറങ്ങളില്ല. കട്ടിക്കൂരിരുട്ടിന്റെ കറുപ്പില്‍ ഒരുനേരത്തെ അപ്പം മാത്രമാണവരുടെ ആവശ്യം. എഴുത്തും വായനയും വയറിലെ തീയണച്ചിട്ടു മതിയെന്നതാണ് അവര്‍ കേട്ടുവളരുന്ന ആപ്തവാക്യം. ഈ ജീവിത സാഹചര്യത്തില്‍ നിന്ന് വിരലിലെണ്ണാവുന്ന കുട്ടികളെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കട്ടെ എന്ന് വിചാരിച്ചതാണ് കേരളത്തിലെ അനാഥാലയ നടത്തിപ്പുകാര്‍ ചെയ്ത കുറ്റം.
നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം എത്രയൊക്കെ നാം ആശ്വാസവചനങ്ങള്‍ പറഞ്ഞാലും ന്യൂനപക്ഷ ജനസമൂഹത്തിന്റെ മനസ്സില്‍ ഒരു ആധി നിറഞ്ഞുനില്‍ക്കുന്നുണ്ട്. മോഡി ഭീതി ഒരു ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തിനു മുമ്പില്‍ തടസ്സമാകരുതെന്ന് ചിന്താശേഷിയുള്ള സമുദായ നേതൃത്വം തിരിച്ചറിയുകയും അവരെ അക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമം നടക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ കേരളത്തിലേക്ക് കടന്നുവന്ന ഝാര്‍ഖണ്ഡിലെ കൊച്ചു കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും കാണിച്ച പെരുമാറ്റ രീതി ഈ പ്രത്യേക സാഹചര്യത്തില്‍ അത്യന്തം കഠോരമായിപ്പോയി എന്നതില്‍ രണ്ടഭിപ്രായമില്ല. നമ്മുടെ നാട് ആര്‍ജ്ജിച്ച എല്ലാ നന്മകളെയും ചെറുതാക്കുന്ന തരത്തില്‍ അതീവ സങ്കുചിതത്വം നിറഞ്ഞ കാഴ്ചപ്പാടാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്ന കാര്യം വിരോധാഭാസമാണ്. വളരെ ആലോചനയോടെയും കരുതലോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന ഈ വിഷയം പലരും അശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തതെന്ന് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ടിയിരുന്ന ചില ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് കുട്ടികളുടെ രക്ഷിതാക്കള്‍ക്കും യതീംഖാന അധികൃതര്‍ക്കുമെതിരെ നടപടി എടുക്കാന്‍ മുതിരുന്നത്. മെക്കാളെ പ്രഭുവിന്റെ മനുഷ്യത്വമില്ലാത്ത ഐ.പി.സിയില്‍ നിന്ന് ഇനിയും മോചനം നേടാനായില്ല എന്നതാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം. കുട്ടികളെ യതീംഖാനക്കാര്‍ക്ക് വില്‍ക്കാന്‍ കൊണ്ടുവന്നപോലെയാണ് മാധ്യമങ്ങള്‍ എരിവും പുളിയും ചേര്‍ത്ത് കഥകള്‍ അവതരിപ്പിക്കുന്നത്. ഇതെല്ലാം വായിച്ചും കണ്ടും തല്‍പര കക്ഷികള്‍ ഹിസ്റ്റീരിയ ബാധിച്ചപോലെ അസ്വസ്ഥമാവുകയാണ്. കേരളത്തിന്റെ പൊതുമനസ്സില്‍ എന്നും നിലനിന്ന കാരുണ്യത്തിന്റെ ഒരു നീരുറവയുണ്ട്.

മലയാളക്കരക്കപ്പുറത്ത് പലപ്പോഴും കാണാത്ത ഒരു ആര്‍ദ്രത ഇവിടെയുള്ളതിനാലാണ് നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളുടെ വിളനിലമായി കേരളം മാറിയത്. ഇതില്‍ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയുമെല്ലാമുണ്ട്. എല്ലാവരും ചേര്‍ന്നുണ്ടാക്കിയ ഈ ആര്‍ദ്ര മനസ്സിനെ പാറക്കല്ലാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത്.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തിനിടയില്‍ കേരളത്തിലുണ്ടായ സാമൂഹ്യ മാറ്റങ്ങള്‍ ഈ വിവാദം കത്തിപ്പടരുമ്പോള്‍ നാം നിരീക്ഷിക്കേണ്ടതുണ്ട്. വ്യത്യസ്ത കാരണങ്ങളാല്‍ കേരളത്തിലെ സാമൂഹ്യ ജീവിതവും സാമ്പത്തിക സാഹചര്യങ്ങളും വളരെയേറെ മാറിയിട്ടുണ്ട്. ദാരിദ്ര്യം പഴങ്കഥയായെന്നോ മലയാളികള്‍ മുഴുവന്‍ വൈറ്റ് കോളറായെന്നോ അല്ല ഇപ്പറഞ്ഞതിനര്‍ത്ഥം.
ഭക്ഷണത്തിനുള്ള ദാരിദ്ര്യത്തില്‍ നിന്ന് ആഡംബരങ്ങളുടെ ഇല്ലായ്മയിലേക്ക് ഇക്കാലയളവിനുള്ളില്‍ മലയാളി മാറിയെന്നത് യാഥാര്‍ത്ഥ്യമാണ്. തിന്നാനും കുടിക്കാനുമില്ലാത്തവരെ സഹായിക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരുപാട് നല്ല മനസ്സുകളുടെ പ്രയത്‌നംകൊണ്ട് സാധ്യമായിട്ടുണ്ട്. മലബാര്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ തലസ്ഥാനമാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ മുസ്‌ലിംലീഗിന് ഇക്കാര്യത്തില്‍ സമാനതകളില്ലാത്ത പങ്കുവഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇങ്ങനെ പലവിധ കാരണങ്ങളാല്‍ കേരളം മാറുമ്പോഴും നമ്മുടെ അയല്‍പ്രദേശങ്ങളിലെ ദരിദ്രരുടെ ജീവിതകഥ അത്യന്തം ദയനീയമാണ്. അവര്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ ആളില്ലെന്നു മാത്രമല്ല; പൊതുധാരയില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയാണിവര്‍. ഇവര്‍ നമ്മുടെ സഹോദരങ്ങളാണെന്നും ഇവരോടും മനുഷ്യത്വം കാണിക്കേണ്ടതുണ്ടെന്നും മൗലികാവകാശങ്ങള്‍ ഇവര്‍ക്കും ലഭ്യമാക്കണമെന്നും ആഗ്രഹിച്ചതാണോ കേരളത്തിലെ യതീംഖാനകള്‍ ചെയ്ത കുറ്റം?
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയും വഹിച്ചെത്തുന്ന വാഹനങ്ങളുടെ ഇരമ്പം ഇപ്പോഴും നിലച്ചിട്ടില്ല. അറവുമാടുകളെ കൊണ്ടുവരും പോലെയാണ് പലപ്പോഴും ലോറികളില്‍ കുത്തിനിറച്ച് ഇവരെ കൊണ്ടുവരുന്നത്. ബാലവേലക്കെത്തുന്ന കൊച്ചുകുട്ടികള്‍ ഇക്കൂട്ടത്തില്‍ വളരെ കൂടുതലുണ്ട്. പതിനായിരക്കണക്കിന് വരുന്ന അന്യ സംസ്ഥാനത്തൊഴിലാളികള്‍ ഒരു സാമൂഹ്യപ്രശ്‌നമായി മാറുന്ന ഒരു നാട്ടിലേക്ക് അറിവിന്റെ വെളിച്ചം തേടിവന്ന കുട്ടികളെ മാത്രം ഇത്തരത്തില്‍ ക്രൂശിക്കുന്നതിന്റെ പിറകിലെ ലക്ഷ്യമെന്താണ്? അന്യ സംസ്ഥാനത്തൊഴിലാളികളുടെ താമസവും ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളുമെല്ലാം വലിയ പരാതികളുയര്‍ത്തിയിട്ടുണ്ട് കേരളത്തില്‍. എന്നിട്ടുപോലും അവരുടെ വരവിന് ഒരു കുറവുമുണ്ടായിട്ടില്ല. എന്നാല്‍ അനാഥരായ ഒരുപറ്റം കുട്ടികള്‍ പഠിക്കാന്‍ വരുമ്പോഴേക്ക് അവര്‍ക്കെതിരെ വാളോങ്ങുന്നത് എവിടത്തെ ന്യായമാണ്?

നിയമത്തിന്റെ ദുര്‍ബലമായ ചില ലൂപ്‌ഹോളുകള്‍ ഇത്തരം കേസുകളില്‍ ആളുകളെ ശിക്ഷിക്കാന്‍ ഉപയോഗപ്പെടുത്തുന്നത് മനുഷ്യത്വരഹിതമാണ്. ജീവിതത്തിന്റെ ഉഷ്ണസ്ഥലികളില്‍ ഉരുകിപ്പോകുന്ന കുഞ്ഞുങ്ങളെ കാരുണ്യത്തിന്റെ തണലിലേക്ക് ആനയിക്കുന്ന ഒരു സദ്പ്രവൃത്തിയെ മനുഷ്യക്കടത്തായി ചിത്രീകരിക്കരുത്. ഇത് കേരളത്തിന്റെ സാംസ്‌കാരികതക്ക് ചേര്‍ന്നതല്ല. ഇക്കാര്യം തുറന്നുപറയാന്‍ തന്റേടം കാണിച്ച മുസ്‌ലിംലീഗിനെ ആക്രമിക്കാന്‍ മുതിരുന്നവര്‍ക്ക് അജണ്ടകള്‍ വേറെയാണ്.

കേരളത്തിലെ പല അനാഥാലയങ്ങളിലും ഇപ്പോള്‍ വിപുലമായ സൗകര്യങ്ങളുണ്ട്. നേരത്തെ സൂചിപ്പിക്കപ്പെട്ട സാമൂഹ്യ മാറ്റത്തിലൂടെ കേരളത്തില്‍ അനാഥാലയങ്ങളില്‍ പഠിക്കാന്‍ ആളില്ലാത്ത സാഹചര്യമാണ്.
പഠിപ്പിക്കാനും സൗകര്യങ്ങള്‍ നല്‍കാനും സന്മനസ്സുള്ള അനാഥാലയ നടത്തിപ്പുകാര്‍ ഇവിടെയുണ്ട്. കേരളത്തിന് പുറത്താവട്ടെ ഇത്തരമൊരു അവസരത്തിനായി ദാഹാര്‍ത്തരായി കഴിയുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളുണ്ട്. കഞ്ഞി കൊടുക്കാനായില്ലെങ്കിലും അവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നതെങ്കിലും നമുക്ക് അവസാനിപ്പിച്ചുകൂടെ.

വിവാദം വിറ്റ് ജീവിക്കുന്നവരായി തീര്‍ന്നിരിക്കുന്ന മലയാളികള്‍. നവമാധ്യമങ്ങളില്‍ ഇടമുറപ്പിക്കുന്ന മത്സരത്തിനിടയില്‍ വാര്‍ത്തകള്‍ പുതുതായി നിര്‍മ്മിക്കപ്പെടുകയാണ്. 24 മണിക്കൂര്‍ വാര്‍ത്താ ചാനലുകള്‍ നിറയാന്‍ ഇങ്ങനെ പലതും എരിവും പുളിയും ചേര്‍ത്ത് വേവിച്ചെടുക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഏത് വിവാദങ്ങളെയും പൊലിപ്പിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ് മാധ്യമങ്ങള്‍. വര്‍ഷങ്ങളായി സമൂഹത്തില്‍ ആയിരക്കണക്കിന് അനാഥര്‍ക്ക് താങ്ങും തണലുമായി നിന്ന സ്ഥാപനങ്ങളെക്കുറിച്ച് ഒരു നല്ലവാക്കുപോലും പറയാതെ, അവരെ മനുഷ്യക്കടത്തിന്റെ ഏജന്റുമാരായി ചിത്രീകരിക്കുന്നത് ദയനീയമാണ്.

പണ്ട് അറബിക്കല്യാണമെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട്ടെ ഒരു അനാഥാലയത്തിന്റെ ഭാരവാഹികള്‍ക്കെതിരെ നടത്തിയ ആക്രമണത്തിന്റെ മറ്റൊരു പതിപ്പ് മാത്രമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കരുണ വറ്റിയിട്ടില്ലാത്ത എല്ലാ മനുഷ്യസ്‌നേഹികളും ഒരുമിക്കുകയാണ് വേണ്ടത്.- നജീബ് കാന്തപുരം (ചന്ദ്രിക)