ഉള്ളാള്‍ തങ്ങളുടെ മയ്യിത്ത് ഖബറടക്കി

പയ്യന്നൂര്‍ : ഇന്നല അന്തരിച്ച കാന്തപുരം ഗ്രൂപ്പ്‌ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ ജനാസ പയ്യന്നൂര്‍ എട്ടിക്കുളത്ത് ഖബറക്കി. 93 വയസായിരുന്നു.
ശനിയാഴ്ച വൈകിട്ട് 3.35ഓടെ എട്ടിക്കുളത്ത് സയ്യിദ് തറവാട് വീട്ടിലായിരുന്നു അന്ത്യം. 
വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ പയ്യന്നൂര്‍ എട്ടിക്കുളത്ത് മകന്‍ ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ വീട്ടില്‍ കിടപ്പിലായി രുന്നെങ്കിലും അദ്ധേഹത്തെ സന്ദർശിക്കാൻ ആരെയും അനുവദിച്ചിരുന്നില്ല.   
കഴിഞ്ഞ ദിവസം രാവിലെ 7 മണി മുതൽ  മയ്യിത്ത നമസ്‌കാരം നടന്നു. ആദ്യ മയ്യിത്ത് നിസ്‌കാരത്തിനു മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറാ നേതൃത്വം നല്‍കി.
 1341 റ. അവ്വല്‍ 25 വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവന്‍തിരുത്തിയിലാണ് ജനിച്ചത്. പിതാവ് സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരി. വാഴക്കാട് കൊന്നാര് തങ്ങന്മാരില്‍ പ്രമുഖരായിരുന്ന അഹ്മദ് കുഞ്ഞുള്ള തങ്ങള്‍ ബുഖാരിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ ബുഖാരിയുടെ മകള്‍ ഹലീമ എന്ന കുഞ്ഞി ബീവിയാണ് മാതാവ്. 
വിവിധ ദര്‍സുകളിലെ പഠനശേഷം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്നു ബിരുദം നേടിയിരുന്നു.
ശംസുൽ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത്, എന്നിവര്‍ ആദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാരാണ്. ആദ്ദേഹം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. 1956ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായി. 1976ല്‍ സമസ്ത വൈസ് പ്രസിഡണ്ടായി.
സമസ്തയിൽ നിന്നും പുറത്താക്കപ്പെട്ടതു മുതൽ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള വിഘടിതവിഭാഗത്തിന്റെ അധ്യക്ഷനായ അദ്ദേഹം
 1992ല്‍ കാന്തപുരം തട്ടിക്കൂട്ടിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനും വിഘടിത വിദ്യാഭ്യാസ ബോര്‍ഡിന്റെ ദീര്‍ഘകാലത്തെ പ്രസിഡണ്ടുമായിരുന്നു. 
ഫാത്വിമ കുഞ്ഞി ബീവിയാണ് ഭാര്യ. ഹാമിദ് ഇമ്പിച്ചി കോയതങ്ങള്‍, ഫസല്‍ കോയമ്മ തങ്ങള്‍, ബീകുഞ്ഞി (മഞ്ചേശ്വരം), മുത്ത്ബീവി (കരുവന്‍തിരുത്തി), കുഞ്ഞാറ്റബീവി (കാസര്‍കോട് തിരുത്തി), ചെറിയബീവി (കാസര്‍കോട് ഉടുമ്പുന്തല), റംലബീവി (കുമ്പോല്‍) എന്നിവര്‍ ആദ്ദേഹത്തിന്റെ മക്കളാണ്.
കൂടുതൽവിവരങ്ങൾ :
കരുവന്‍തിരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാരില്‍ നിന്നാണ് ഖുര്‍ആനും പ്രാഥമിക ദര്‍സീ കിതാബുകളും അദ്ദേഹം പഠിച്ചത്. കരുവന്‍തിരുത്തി ജുമുഅത്ത് പള്ളിയിലായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്നത്. 
പള്ളി നടത്തിപ്പുകാരുമായി തെറ്റി അദ്ദേഹം കരുവന്‍തിരുത്തിയിലെ പാടത്തെ പള്ളിയിലേക്ക് ദര്‍സ് മാറ്റി സ്ഥാപിച്ചപ്പോള്‍ തങ്ങളും അദ്ദേഹത്തെ പിന്തുടര്‍ന്നു. പിന്നീട് ‘പൊന്നുംകട്ട’ എന്ന പേരില്‍ പ്രസിദ്ധനായ പൊന്നാനിയിലെ കോടമ്പിയകത്ത് മുഹമ്മദ് മുസ്‌ലിയാര്‍ കരുവന്‍തിരുത്തിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. കൊടുവള്ളിക്കടുത്ത കളരാന്തിരിയില്‍ കോണപ്പുഴ മുഹമ്മദ് മുസ്‌ലിയാരുടെ (കോടമ്പുഴ ബാവ മുസ്‌ലിയാരുടെ പിതാവ്) ദര്‍സിലും ഒന്നര മാസം പഠിച്ചു. പറമ്പത്ത് ദര്‍സ് നടത്തിയിരുന്ന പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ ദര്‍സിലായിരുന്നു അടുത്ത പഠനം. അതും ഒന്നര മാസക്കാലം മാത്രമേ നീണ്ടുനിന്നുള്ളൂ. 
പറമ്പത്ത് നിന്ന് കരുവന്‍തിരുത്തി ദര്‍സിലേക്ക് തന്നെ മടങ്ങിയെത്തി. എ പി അബ്ദുര്‍റഹ്മാന്‍ എന്ന അവറാന്‍ മുസ്‌ലിയാരായിരുന്നു ഉസ്താദ്. പിന്നീട് പറവണ്ണ മൊയ്തീന്‍ കട്ടി മുസ്‌ലിയാര്‍ പരപ്പനങ്ങാടി പനയത്തിങ്ങലില്‍ ദര്‍സ് തുടങ്ങിയപ്പോള്‍ അവിടെ ചേരാന്‍ ഒരുങ്ങിയെങ്കിലും, പറവണ്ണയുടെ നിര്‍ദേശാനുസാരം പറമ്പത്ത് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേരുകയായിരുന്നു. മൂന്നര വര്‍ഷം കണ്ണിയത്തിന്റെ കീഴില്‍ പഠിച്ച ശേഷം പനത്തില്‍ പള്ളിയിലെ കാടേരി അബ്ദുല്‍ കമാല്‍ മുസ്‌ലിയാരുടെ ദര്‍സിലേക്ക് മാറി. തൃക്കരിപ്പൂര്‍ തങ്കയം ബാപ്പു മുസ്‌ലിയാരുടെ ശിഷ്യനായി നങ്ങാട്ടൂര്‍ ദര്‍സിലും പഠിച്ചിരുന്നു.
ശംസുൽ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ അടുക്കൽ ചെന്ന് പഠിക്കാനുള്ള കണ്ണിയത്ത് ഉസ്താദിന്റെ  നിര്‍ദേശമനുസരിച്ച് അദ്ദേഹം ബാഖിയാത്തിലാണെന്ന് ധരിച്ച് അങ്ങോട്ട്‌ പുറപ്പെട്ടെങ്കിലും, ശംസുൽ ഉലമ തലക്കടുത്തൂരിനടുത്ത പറമ്പത്ത് ദര്‍സിലാണെന്ന് വഴിക്കുവെച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ടാമതും പറമ്പത്ത് ദര്‍സില്‍ ചേര്‍ന്നു. 
ശംസുൽ ഉലമ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം കോളജിലേക്ക് മാറിയപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചു. രണ്ട് കൊല്ലം തളിപ്പറമ്പിലും പഠിച്ചു. അവിടെ നിന്നാണ് ബിരുദപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോയത്.  എന്നാല്‍ തന്റെ ഉസ്‌താദായ ശംസുല്‍ ഉലമയെ കുറിച്ച്‌, ജീവിത കാലത്തും മരണാനന്തരവുമായി അദ്ധേഹം നടത്തിയ   ചില ഗൌരവമുള്ള പരാമര്‍ശങ്ങളും അതേ കുറിച്ചുള്ള പ്രതികരണങ്ങളും ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു .
 ഒടുവില്‍ അദ്ധേഹത്തിന്റെ വാക്കുകള്‍ക്ക്‌ വിവിധ അര്‍ത്ഥങ്ങളുണ്ടെന്ന  വിശദീകരണങ്ങള്‍ നല്‍കിയാണ്‌ വിഘടിത ഗ്രൂപ്പ്‌ അദ്ധേഹത്തെ സംരക്ഷിച്ചത്‌.
എട്ടിക്കുളത്തെ തഖ്‌ വ മസ്‌ജിദില്‍ നടന്ന ഖബറടക്കത്തിലും അന്ത്യോപചാര ചടങ്ങുകളിലും സമസ്‌ത നേതാക്കളായ സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ അദ്ധ്യക്ഷന്‍  പി.കെ.പി.അബ്‌ദുസ്സലാം മുസ്ല്യാര്‍, കേന്ദ്ര മുശാവറാംഗം പി.പി.ഉമര്‍ മുസ്ല്യാര്‍, മാണിയൂര്‍ അഹമ്മദ്‌ മൌലവി, അബ്‌ദുറഹ്മാന്‍ ഫൈസി, അബ്‌ദുസ്സമദ്‌ മുട്ടം എന്നിവരടങ്ങുന്ന നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.-Report: ഓണ്‍ലൈൻ ഡെസ്ക്