റമളാന്‍ വിശ്വാസത്തിന് കരുത്തുപകരുന്ന വിശുദ്ധമാസം : സിംസാറുല്‍ ഹഖ് ഹുദവി

ബഹ്റൈന്‍ : പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ കല്‍പന അക്ഷരം പ്രതി അനുസരിക്കുവാന്‍ വിശ്വാസിയെ പ്രാപ്തനാക്കുന്ന വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികള്‍ക്ക് കരുത്ത് പകരുന്ന വിശുദ്ധ മാസമാണ് റമളാന്‍ എന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയും അബൂദാബി ബ്രിട്ടീഷ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഇസ്ലാമിക് സ്റ്റഡീസ് തലവനുമായ സിംസാറുല്‍ ഹഖ് ഹുദവി പ്രസ്താവിച്ചു. കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിലുപരി ധര്‍മ്മത്തിലൂന്നിയ ജീവിത പന്ഥാവ് വെട്ടിത്തെളിയിക്കുകയാണ് വേണ്ടതെന്നും റമളാനില്‍ ഖുര്‍ആന്‍ പാരായണത്തിലൂടെ ആത്മീയോന്നതി കൈവരിക്കാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച അഹ്‍ലന്‍ റമളാന്‍ പ്രോഗ്രാമില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. സലീം ഫൈസി പന്തീരിക്കരയുടെ അധ്യക്ഷതയില്‍ സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി. പ്രസിഡന്റ് എസ്.വി. ജലീല്‍ , ഹംസ അന്‍വരി മോളൂര്‍ , മുഹമ്മദ് അലി ഫൈസി വയനാട്, ഉമറുല്‍ ഫാറൂഖ് ഹുദവി, വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, മുസ്തഫ കളത്തില്‍ , അശ്‌റഫ് കാട്ടില്‍ പീടിക തുടങ്ങിയവര്‍ സംബന്ധിച്ചുചികില്‍സാ സഹായ ഫണ്ടിന്റെ വിതരണം സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങളും, ഹജ്ജ് റജിസ്‌ട്രേഷന്‍ ഉദ്ഘാടനം ഹുസൈന്‍ കാഞ്ഞങ്ങാടില്‍ നിന്ന് രേഖകള്‍ സ്വീകരച്ചുകൊണ്ട് സിംസാറുല്‍ ഹഖ് ഹുദവിയും നിര്‍വ്വഹിച്ചു. എസ്.എം. അബ്ദുള്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
- samastha bahrain