വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ 10–ാം വാര്‍ഷിക വാഫി സനദ്‌ദാന സമ്മേളനത്തോടനുബന്ധിച്ചു അക്കാദമി പ്രസിഡണ്ടും വയനാട് ഖാസിയും കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതുന്നു..
ക്രിസ്തുവിനു രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ മനുഷ്യവാസം ഉണ്ടെന്ന് കരുതപ്പെടുന്ന പ്രദേശമാണ് വയനാട്. 'വയല്‍നാട്' ലോബിച്ചാണ് 'വയനാട്' ഉണ്ടായത്. ശ്രീരാമന്റെ പത്‌നി സീതാദേവിയുടെ പാദസ്പര്‍ശം വയനാട്ടിലുണ്ടായതായി ഹൈന്ദവര്‍ വിശ്വസിക്കുന്നു. പുല്‍പ്പള്ളിയിലെ സീതാ മൗണ്ട് ഇതിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.
വയനാട്ടിലെ മുസ്‌ലിം സാന്നിധ്യത്തിന് അഞ്ച് നൂറ്റാണ്ട് പഴക്കമാണ് കരുതപ്പെടുന്നത്. ഒന്നാമത്തെ പള്ളി, വടക്കെ വയനാട്ടിലെ കുഞ്ഞോം എന്ന സ്ഥലത്താണെന്ന് കരുതുന്നവരാണ് അധികവും. ബ്രിട്ടീഷ് ഭരണകാലത്താണ് വ്യാപക മുസ്‌ലിം കുടിയേറ്റം സംഭവിച്ചത്
അതിന്റെ തൊട്ടുമുമ്പ് ടിപ്പുസുല്‍ത്താന്റെ സൈനിക സാന്നിധ്യം വയനാട്ടില്‍ ഉണ്ടായിരുന്നു. ടിപ്പുവിന്റെ കാലത്താണ് വയനാട്ടില്‍ പ്രഥമ ഭൂ സര്‍വ്വെ നടന്നത്. സുല്‍ത്താന്‍ ബത്തേരി സൂചിപ്പിക്കുന്നത് സുല്‍ത്താന്റെ സാന്നിധ്യമാണ്. 'നായിക്കട്ടി' എന്ന തൊട്ടഅയല്‍ ഗ്രാമം സേനാനായകന്റെ ഭവനം നായകഹട്ട് ലോബിച്ചതാണെന്നും കരുതപ്പെടുന്നു.
കുതിരപ്പാണ്ടി റോഡ് എന്ന പേരിലാണ് ഇവിടത്തെ നിരവധി റോഡുകള്‍ ഇപ്പോഴും അറിയപ്പെടുന്നത്. മലബാര്‍ കലക്ടര്‍ സര്‍ വില്ല്യം ലോഗണ്‍ വയനാട്ടിലെ മാനന്തവാടിയില്‍ കുറ്റിയാടി ചുരം വഴി വന്നിരുന്നത് മലബാര്‍ മാന്വലില്‍ പ്രസ്താവിച്ചിട്ടുണ്ട്.
ചുണ്ടയില്‍, മേപ്പാടി, അചൂര്‍ പ്രദേശങ്ങളില്‍ ബ്രിട്ടീഷുകാര്‍ തുറന്ന തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികളായി കൊണ്ടുവരപ്പെട്ടവരില്‍, തെക്കെ മലബാറില്‍ നിന്നുള്ള ധാരാളം മുസ്‌ലിംകളും ഉണ്ടായിരുന്നു.
വടക്കെ മലബാറില്‍ നിന്ന് ചെറുകിട കച്ചവടക്കാരായി വന്ന മുസ്‌ലിംകളും അവരുടെ പിന്‍മുറക്കാരും ചേര്‍ന്നതാണ് ഇപ്പോഴത്തെ വയനാടന്‍ മുസ്‌ലിംകളിലധികവും. ഉത്തര-ദക്ഷിണ കേരളക്കാരും കന്നഡ തമിഴ്‌നാട്ടുകാരായ മുസ്‌ലിംകളും വയനാട്ടില്‍ കുടിയേറി താമസമാക്കിയതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. വാരാമ്പറ്റയിലെ അലി അക്ബര്‍ ദില്ലിക്കോയ, ബാവലിയിലെ ബാവ അലി, പാടിവയലിലെ യമനീ സൂഫി, ചേലോട്ടെ പട്ടാണി പണ്ഡിതന്‍ തുടങ്ങിയ പോയകാലങ്ങളിലെ സൂഫി സാന്നിധ്യം ഈ ജില്ലയിലെ ഇസ്‌ലാമിക സാന്നിധ്യത്തിന് കാരണമായിട്ടുണ്ട്.
മതപരവും ഭൗതികവുമായ കാര്യങ്ങള്‍ക്ക് മുസ്‌ലിംകള്‍ സാധ്യമായ വിധം സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിരുന്നു. വിദ്യാഭ്യാസ-സാമ്പത്തിക-ഉദ്യോഗ-രാഷ്ട്രീയ രംഗങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിന് മെച്ചപ്പെട്ട പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. അവരുടെ കുടിയേറ്റ സാന്നിധ്യം രണ്ടു നൂറ്റാണ്ടിലധികമായിട്ടില്ല. എന്നാല്‍ പരമ്പരാഗത സമൂഹമായ ആദിവാസികള്‍, ബ്രാഹ്മണര്‍, നായന്മാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുസ്‌ലിംകളെ പോലെ അര്‍ഹിച്ച വിധം പുരോഗതി നേടാനായില്ല.
നേരത്തെ കുടിയേറിയ മുസ്‌ലിംകള്‍ക്കാകട്ടെ വിദ്യാഭ്യാസ, സാമ്പത്തിക, ഉദ്യോഗസ്ഥ, അധികാര രംഗങ്ങളില്‍ സാന്നിധ്യം തെളിയിക്കാന്‍ കഴിഞ്ഞതുമില്ല. വയനാട് ജില്ലയില്‍ മുന്നൂറോളം മുസ്‌ലിം ഗ്രാമങ്ങളും 30 ചെറുകിട പട്ടണങ്ങളുമാണുള്ളത്. ഒരു മുനിസിപ്പാലിറ്റിയും 24 ഗ്രാമപഞ്ചായത്തുമടങ്ങിയ റവന്യു ഭൂപ്രദേശം. കിഴക്കോട്ടേക്ക് ഒഴുകുന്ന കബനിയും നിബിഡവനങ്ങളും സുഖകരമായ കാലാവസ്ഥയും എണ്ണം പറഞ്ഞ മതമൈത്രിയും ഒത്തുചേര്‍ന്ന ഈ പ്രദേശത്ത് ഭൗതിക വിദ്യാഭ്യാസ സ്ഥാപനമെന്ന പോലെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളും വിരളമായിരുന്നു.
തിരുനെല്ലി ക്ഷേത്രം, കുറുവ ദ്വീപ്, എടക്കല്‍ ഗുഹ, സുല്‍ത്താന്‍ ബത്തേരിയിലെ ടിപ്പുസുല്‍ത്താന്‍ കോട്ട, പൂക്കോട് തടാകം തുടങ്ങി ധാരാളം പ്രാധാന്യമര്‍ഹിക്കുന്ന കേന്ദ്രങ്ങള്‍ വയനാട്ടിലുണ്ട്.
1975ല്‍ എന്റെ വന്ദ്യപിതാവ്, പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കരങ്ങളാല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥാപിച്ച ദാറുല്‍ ഉലൂം അറബിക് കോളജാണ് മതരംഗത്തുള്ള പ്രഥമസംരംഭം. വന്ദ്യനായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ കരങ്ങളാല്‍ സ്ഥാപിതമായ മുട്ടില്‍ യതീംഖാനയും പിന്നീട് എന്റെ ജ്യേഷ്ഠ സഹോദരന്‍ കല്‍പ്പറ്റക്കടുത്ത് വെങ്ങപ്പള്ളി ഗ്രാമത്തില്‍ 2002 ഓഗസ്റ്റ് 26ന് തിങ്കളാഴ്ച, 14 കുട്ടികളുമായി വാടക കെട്ടിടത്തില്‍ ആരംഭിച്ച വാഫി സ്ഥാപനമായ ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുമാണ് വയനാട്ടിന്റെ വിദ്യാഭ്യാസ മുഖച്ഛായ മാറ്റിയ സ്ഥാപനങ്ങള്‍.
പത്ത് വര്‍ഷത്തിനുള്ളില്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 152 ആയി ഉയര്‍ന്നു. 30 പേര്‍ ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കി വാഫി ബിരുദം സ്വീകരിക്കും. പഠിച്ചു പുറത്തിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥി കള്‍ ഡല്‍ഹിയിലും ഒരു വിദ്യാര്‍ത്ഥി തിരുവനന്തപുരത്തും ഐ.എ.എസ് കോച്ചിംഗിലാണിപ്പോള്‍. മറ്റു 28 പേര്‍ വിവിധ പള്ളികളില്‍ ഖാസി, ഖതീബുമാരായും സേവനമനുഷ്ഠിക്കുന്നു.
2007ല്‍ തുടങ്ങിയ ഖുര്‍ആന്‍ ഹിഫഌ കോളജില്‍ ഇപ്പോള്‍ 46 പേര്‍ പഠിക്കുന്നു. ഇതിനകം 20 പേര്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി പുറത്തിറങ്ങി. എസ്.എസ്.എല്‍.സിയോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന മൂന്നു വര്‍ഷത്തെ കോഴ്‌സാണിത്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക വനിതാ ശരീഅത്ത് കോളജില്‍ 70 കുട്ടികള്‍ പഠിച്ചുവരുന്നു. അഫഌലുല്‍ ഉലമ, ഹൗസ് സയന്‍സ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളാണ് ഇവിടെ നല്‍കുന്നത്. അക്കാദമിയുടെ കീഴില്‍ വരാമ്പറ്റയില്‍ ആരംഭിച്ച സആദ അറബിക് കോളജ് പട്ടിക്കാട് ജാമിഅ നൂരിയ്യ:യില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ 40 കുട്ടികള്‍ പഠിക്കുന്നു.
വെങ്ങപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഉലമ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍(സി.ബി.എസ്.ഇ. സിലബസ്) 326 കുട്ടികള്‍ പഠിച്ചുവരുന്നു. എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ കീഴിലാണ് ഈ വൈജ്ഞാനിക സ്ഥാപനങ്ങള്‍ വിജയകുതിപ്പിലേക്ക് നീങ്ങുന്നത്.
വിശുദ്ധ റമസാനില്‍ നടത്തിവരുന്ന സഹായ പദ്ധതികള്‍, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം, ഹജ്ജ് പഠന ക്ലാസ്, വിവിധ പഠന ക്ലാസുകള്‍, ക്യാമ്പുകള്‍, പുസ്തക പ്രസിദ്ധീകരണങ്ങള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങിയ മേഖലകളില്‍ സ്ഥാപനം പത്തു വര്‍ഷങ്ങളായി നിറസാന്നിധ്യമായി നിലകൊള്ളുന്നു.
സ്ഥാപക പ്രസിഡന്റ് എന്റെ വന്ദ്യജ്യേഷ്ഠ സഹോദരന്‍ ഉമറലി ശിഹാബ് തങ്ങളായിരുന്നു. ഇസ്‌ലാമിക ദഅ്‌വത്തിന് പ്രാപ്തരായ പണ്ഡിതരെ വാര്‍ത്തെടുക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. സമന്വയ വിദ്യാഭ്യാസത്തിലൂടെ കാലിക സമൂഹത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന പണ്ഡിതരെയാണ് സ്ഥാപനം ലക്ഷ്യമാക്കുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള വയനാട് ജില്ലയില്‍ സ്ഥാപനത്തിന്റെ ഇന്നോളമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ മഹല്ല് നിവാസികളും അയല്‍ ജില്ലകളിലെ മഹല്ലുകാരും ഗള്‍ഫ് രാജ്യങ്ങളിലെ സഹോദരങ്ങളും നല്‍കിവരുന്ന സഹായങ്ങള്‍ വിലപ്പെട്ടതാണ്. ദീനീനവോത്ഥാന, ജാഗരണ മേഖലയിലേക്ക് ഒരു കരുതിവെപ്പ് പോലെ ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി അതിവേഗം വളരുകയാണ്.
പത്താം വാര്‍ഷിക ഒന്നാം സനദ്ദാന സമ്മേളനം ഇപ്പോള്‍ ശംസുല്‍ ഉലമാ നഗരിയില്‍ നടക്കുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരും പണ്ഡിതരും പരിപാടികളില്‍ സംബന്ധിക്കും. സുമനസ്സുകളുടെ പ്രാര്‍ത്ഥനയും സാന്നിധ്യവും സഹായവും സ്ഥാപനം ആഗ്രഹിക്കുന്നു(ചന്ദ്രിക )