മലപ്പുറം ജില്ലയിലെ മഹല്ല് സംവിധാനം മെച്ചപ്പെടുത്തുന്നതിന് സുന്നി മഹല്ല് ഫെഡറേഷന് നൂതന കര്‍മ പദ്ധതിയൊരുക്കുന്നു. വിവര ശേഖരണം, പലിശരഹിത ബാങ്ക്, ആശ്വാസ് സാമ്പത്തിക സഹായ പദ്ധതി, ടീനേജ് സ്കൂള്‍ തുടങ്ങിയ വിപുലമായ പദ്ധതികള്‍ക്കാണ് അണിയറില്‍ ശ്രമം നടക്കുന്നത്. ജില്ലയിലെ 400 ഓളം വരുന്ന മഹല്ലുകളില്‍ സര്‍വേ നടത്തിയ സമ്പൂര്‍ണ വിവരശേഖരണം നടത്തും. രണ്ടുമാസത്തിനകം 150 ഓളം മഹല്ലുകളില്‍ പലിശരഹിത ബാങ്ക് സിസ്റ്റം ആരംഭിക്കാനും പദ്ധതിയുണ്ട്. സുന്ദൂഖ് എന്ന നാമധേയത്തിലാണ് ബാങ്ക് പദ്ധതി നടപ്പാക്കുക
മഹല്ലുകളിലെ ദരിദ്രരും അവശരുമായ രോഗികളെ സഹായിക്കുന്നതിന് ആശ്വാസ് എന്ന പേരില്‍ പ്രത്യേക സാമ്പത്തിക പദ്ധതിക്കും ഫെഡറേഷന് ഉടനെ തുടക്കം കുറിക്കും. എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ധാര്‍മിക വിദ്യാഭ്യാസത്തിനായി ടീനേജ് സ്കൂളും പദ്ധതിയിലുണ്ട്.
ഇതിനു പുറമെ വിവിധ കോഴ്സുകള്‍ നടത്താനും ഫെഡറേഷന് പദ്ധതിയുണ്ട്. മത-ഭൌതിക വിഷയങ്ങളില്‍ പഠനത്തിന് കുടുംബങ്ങള്‍ക്ക് സന്തുഷ്ടകുടുംബം കോഴ്സ്, യുവാക്കളുടെ നേതൃഗുണം വളര്‍ത്താന്‍ എംപവര്‍മെന്റ് സ്കീം, കൌമാര പ്രായക്കാര്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍ തുടങ്ങി വിവിധ സംരംഭങ്ങള്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്.