ആദര്‍ശശുദ്ധിയില്ലാത്തതു പോലെ ഇപ്പോൾ സാമ്പത്തിക ശുദ്ധിയുമില്ലെന്ന് മുജാഹിദ് ബാലുശ്ശേരി
തിരുവനന്തപുരം: മുജാഹിദ് വിഭാഗത്തിലെ ഗ്രൂപ്പ് വഴക്കിന് ആക്കം കൂട്ടി ഔദ്യോഗിക വിഭാഗത്തിനെതിരെ രൂക്ഷ ആരോപണങ്ങളുമായി ജിന്ന് വിഭാഗം രംഗത്ത്. ജിന്ന് വിവാദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സലഫി പള്ളിയിലെ ഖത്വീബ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ നേതാവ് മുജാഹിദ് ബാലുശ്ശേരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തിലാണ് ഔദ്യോഗിക വിഭാഗത്തിന്റെ സംസ്ഥാന നേതാക്കള്‍ക്കെതിരെ സാമ്പത്തിക ആരോപണങ്ങളുള്‍പ്പെടെ ഉന്നയിച്ച് രംഗത്തെത്തിയത്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കാതെ അടച്ചിട്ട പ്രസ്സ് ക്ലബ്ബ് ഹാളിലാണ് യോഗം ചേര്‍ന്നത്. ആദര്‍ശവ്യതിയാനം സംഭവിച്ച നേതൃത്വത്തിന് ആദര്‍ശശുദ്ധിയില്ലാത്തതു പോലെ സാമ്പത്തിക ശുദ്ധിയുമില്ലെന്ന് മുജാഹിദ് ബാലുശ്ശേരി പ്രസംഗത്തില്‍ പറഞ്ഞു.
പള്ളിയുണ്ടാക്കാനായി ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 16 ലക്ഷം രൂപ ഒരു പ്രമുഖ സംസ്ഥാന ഭാരവാഹി തന്റെ മക്കളുടെ വിവാഹത്തിനായി വകമാറി ചെലവഴിച്ചുവെന്നും ആരോപിച്ചു. നേരത്തെ ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് മുജാഹിദ് വിഭാഗത്തില്‍ രൂക്ഷമായ അഭിപ്രായഭിന്നത രൂപപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് സലഫി പള്ളിയില്‍ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പള്ളി ആര്‍ ഡി ഒ ഏറ്റെടുക്കുകയും അഡീ. ഡിസ്ട്രിക്ട് മജിട്രേറ്റിന് കീഴില്‍ റസീവര്‍ ഭരണം നടന്നു വരികയുമാണ്. ഇതിനിടെയാണ് ഒരു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പള്ളിക്കടുത്ത് തന്നെ രഹസ്യ യോഗം ചേര്‍ന്നിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്തവര്‍ ആര്‍ ഡി ഒ ഭരണത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.