മതകാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടത് പണ്ഡിതരാണ്; അനിവാര്യ ഘട്ടങ്ങളിൽ ലീഗും ഇടപെടും
ദോഹ: മതകാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് പണ്ഡിതരാണെന്നും എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ ലീഗ് ഇടപെടുമെന്നും ശരീഅത്ത് സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടം അതിനുള്ള ഉദാഹരണമാണെന്നും തിരൂര്‍ എം എല്‍ എയും പിന്നാക്ക ക്ഷേമസമിതി ചെയര്‍മാനുമായ സി. മമ്മൂട്ടി എം.എല്‍. എ പ്രസ്താവിച്ചു. ഖത്തറിൽ വ്യാജ കേശ വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എല്ലാ മതപരമായ കാര്യങ്ങളിലും പാര്‍ട്ടി തീരുമാനമെടുക്കാറില്ല.എന്നതു പോലെ പാര്‍ട്ടി കാര്യങ്ങളില്‍ സംഘടനകളും ഇടപെടാറില്ല. കാരണം മുസ്‌ലിം ലീഗ് പൊതുപ്ലാറ്റ് ഫോമാണ്. ലീഗില്‍ എല്ലാ വിഭാഗം മുസ്‌ലിംകളുമുണ്ട്. മതത്തെ കച്ചവടത്തിനു വേണ്ടി ഉപയോഗിക്കാന്‍ പാടില്ല മതസംഘടനകള്‍ രാഷ്ട്രീയത്തിലും രാഷ്ട്രീയ സംഘടനകള്‍ മതകാര്യങ്ങളിലും ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയും ലീഗും പരസ്പരം നിയന്ത്രിക്കുന്ന സംഘടനകളല്ലെന്നും അദ്ദേഹം പറഞ്ഞു. മതകാര്യങ്ങളില്‍ പണ്ഡിതരാണ് തീരുമാനങ്ങള്‍ എടുക്കുക. പാര്‍ട്ടി കാര്യങ്ങളില്‍ അവര്‍ ഇടപെടാറില്ല. തിരുകേശ വിവാദത്തില്‍ മുടി യഥാര്‍ഥത്തില്‍ ഉള്ളതാണോ വ്യാജമാണോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ധരാണ്. എങ്കിലും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ ആരു പറഞ്ഞാലും ലീഗ് അംഗീകരിക്കും.
തിരുകേശ വിവാദത്തെ തുടര്‍ന്ന് കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് ബന്ധപ്പെട്ട നിയമ വകുപ്പുകള്‍ പരിശോധിച്ച് മറുപടി പറയേണ്ടതാണ്. മുസ്‌ലിം ലീഗ് ഒരു മതസംഘടനക്കും എതിരായി നില്‍ക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല. എന്നാല്‍ ലീഗിനെ എതിര്‍ക്കുന്നവരെ പാര്‍ട്ടി എതിര്‍ക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കാറില്ല. -അദ്ദേഹം പറഞ്ഞു.
എല്‍ ഡി ക്ലാര്‍ക്ക് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസില്‍ നിന്നും പ്ലസ് ടുവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയുടെ നിലവാരത്തിന് അനുസരിച്ച് ഉയരാന്‍ എല്ലാ അംഗങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും സി. മമ്മൂട്ടി പറഞ്ഞു.