എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്ക്കി

അബുദാബി: കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആത്മീയ ചൂഷണം തടയുന്നതിന് വേണ്ടി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ. എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ കേരളമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ഭരണഘടന അനുവദിക്കുന്ന വിശ്വാസസ്വാതന്ത്ര്യത്തിന്റെ മറവില്‍ അരങ്ങേറുന്ന ഇത്തരം ആത്മീയ തട്ടിപ്പുകളെ തടഞ്ഞില്ലെങ്കില്‍ അത് കേരളീയ സമൂഹത്തിന്റെ പ്രബുദ്ധമായ നിലനില്പിന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്കിട വരുത്തുമെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു.
പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, സെക്രട്ടറി ഹുസൈന്‍ ദാരിമി എന്നിവര്‍ ഇതുസംബന്ധമായ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. പ്രവാസിസമൂഹം അഭിമുഖീകരിക്കുന്ന വിമാനയാത്രാ പ്രശ്‌നവും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണ നയങ്ങള്‍ മൂലം പ്രവാസികള്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങളും സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നാഷണല്‍ കമ്മിറ്റി നേതാക്കളായ ശിയാസ് സുല്‍ത്താന്‍, റസാഖ് വളാഞ്ചേരി, അബ്ദുല്ല ചേലേരി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ശുക്കൂര്‍ വെണ്മനാട് തുടങ്ങിയവര്‍ സംഘത്തില്‍ അംഗങ്ങളായിരുന്നു.